News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2021, 11:33 PM IST
Glenn Maxwell
ഐ പി എല്ലില്‍ എല്ലാക്കാലത്തും പൊന്നും വിലയുള്ള താരമാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍. ഓരോ സീസണിലും ടീമുകള്‍ കോടികള്‍ മുടക്കി സ്വന്തമാക്കുമെങ്കിലും പലപ്പോഴും പ്രതീക്ഷക്കൊത്ത് ഉയരാന്‍ മാക്‌സ്‌വെല്ലിനു കഴിയാറില്ല. കഴിഞ്ഞ തവണയും സമാന സംഭവമാണ് നടന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഓള്‍ റൗണ്ടറായി ടീമിലുണ്ടായിരുന്ന താരം വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. കൂറ്റനടിക്കാരുടെ പട്ടികയിലാണ് സ്ഥാനമെങ്കിലും കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി മാക്‌സ്‌വെല്‍ 13 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 108 റണ്‍സ് മാത്രമാണ്. എന്നാല്‍ ഐ പി എല്ലിന് ശേഷം ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനമുണ്ടായിരുന്നു. ഐ പി എല്ലില്‍ കണ്ട മാക്‌സ്വെല്ലിനെ അല്ലായിരുന്നു തന്റെ സ്വന്തം നാട്ടില്‍ കണ്ടത്. ആദ്യ ഏകദിനം മുതല്‍ മാക്‌സ്വെല്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയിരുന്നു.
എന്നിട്ടും ഇത്തവണത്തെ ലേലത്തില്‍ 14.25 കോടി രൂപ നല്‍കിയാണ് വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. പലര്‍ക്കും അത്ഭുതമായിരുന്നു മാക്‌സ്‌വെല്‍ വില. ഇപ്പോള്‍ തന്നെ 14.25 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയതില്‍ തനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗ്ലെന്‍ മാക്‌സ്വെല്‍. ആര്‍ സി ബി പുറത്തുവിട്ട വീഡിയോയിലാണ് മാക്‌സ്വെല്‍ സംസാരിച്ചത്.
'ലേല തുകയില്‍ എനിക്ക വലിയ അത്ഭുതമൊന്നും തോന്നിയില്ല. മിക്ക ടീമുകള്‍ക്കും മധ്യനിരയിലേക്ക് ഒരു ഓള്‍റൗണ്ടറെ വേണമെന്ന് അറിയാമായിരുന്നു. രണ്ട് ടീമുകള്‍ ഓഫ് സ്പിന്‍ ഓള്‍ റൗണ്ടറെയാണ് ലക്ഷ്യമിട്ടിരുന്നത്. ആര്‍ സി ബിയും മറ്റൊരു ടീമും എനിക്കായി രംഗത്ത് വന്നു. ഒടുവില്‍ ആര്‍ സി ബിയിലെത്തി.'- മാക്‌സ്‌വെല്‍ പറഞ്ഞു. പുതിയ സീസണില്‍ പുതിയ ടീമില്‍ കളിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും, എല്ലാം പോസിറ്റീവായിക്കുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍ സി ബിയുടെ ആദ്യ മത്സരം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഐ പി എല്ലില്‍ എക്കാലത്തെയും വന്‍ താരനിര ഉള്ള ടീമായിട്ടും ഒരു കിരീടം പോലും നേടാനാവാത്ത ടീമാണ് ബാംഗ്ലൂര്‍. ഇത്തവണ വമ്പന്‍ മുന്നൊരുക്കങ്ങളോടെയാണ് കോഹ്ലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ ടീം ഇറങ്ങുന്നത്. ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണും ഇത്തവണ ടീമിലുണ്ട്. എന്നാല്‍ കോവിഡ് ഭീതി ടീമിനെ വിടാതെ പിന്തുടരുന്നുണ്ട്. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനും, ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ സാംസിനും ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ദേവ്ദത്ത് പടിക്കലിന് കോവിഡ് നെഗറ്റീവായെന്നും ടീമിനൊപ്പം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Published by:
Jayesh Krishnan
First published:
April 7, 2021, 11:15 PM IST