തുടർച്ചയായ തോൽവികളിൽ നിന്നും പുറത്ത് കടക്കാൻ ജയം തേടി വന്ന പഞ്ചാബിന് ആദ്യ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ മേൽക്കൈ. ശക്തമായ മുംബൈ ബാറ്റിംഗ് നിരയെ വരിഞ്ഞു മുറുക്കിയ പ്രകടനമാണ് പഞ്ചാബ് ബൗളർമാർ കാഴ്ചവച്ചത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ അവർ മുംബൈയെ 131 എന്ന ചെറിയ സ്കോറിൽ ഒതുക്കി.
നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 131റൺസ് മാത്രമേ അവർക്ക് എടുക്കാൻ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ രോഹിത് ശർമ അർധ സെഞ്ചുറി നേടി. രോഹിത് 52 പന്തിൽ നേടിയ 63 റൺസ് ഈ സീസണിൽ ഒരു മുംബൈ താരത്തിൻ്റെ ഉയർന്ന സ്കോറാണ്. 33 റൺസ് നേടി സൂര്യകുമാർ യാദവും ക്യാപ്റ്റന് പിന്തുണ നൽകി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ ദീപക് ഹൂഡയുടെ പന്തില്‍ ഹെന്‍റിക്വസിന് ക്യാച്ച് നൽകി മൂന്ന് റണ്‍സെടുത്ത ഡികോക്കാണ് പുറത്തായത്.
തുടക്കത്തിലെ ഡികോക്കിനെ നഷ്‌ടമായി പ്രതിരോധത്തിലായ മുംബൈ പിന്നീട് ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. പവർപ്ലേ ഓവറുകളിൽ നിന്നും 21 റൺസ് മാത്രമാണ് ടീം നേടിയത്.
Also Read-
കോഹ്ലിയോട് കളി തീര്‍ക്കാന്‍ ആവശ്യപ്പെട്ട് പടിക്കല്‍; സെഞ്ചുറി നേടിയതിന് ശേഷം അതിനെ കുറിച്ച് ചിന്തിക്കാന്‍ പറഞ്ഞ് കോഹ്ലിപിന്നീട് ക്രീസിൽ വന്ന യുവതാരം ഇഷാൻ കിഷനും ക്യാപ്റ്റൻ രോഹിത് ശർമയും വളരെ ശ്രദ്ധയോടെയാണ് മുംബൈ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഒരുവശത്ത് രോഹിത് ശർമ പതിയെ സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും ഇഷാൻ കിഷൻ താളം കണ്ടെത്താൻ പാടുപെടുകയായിരുന്നു. സ്കോർ 26ൽ നിൽക്കെ ഇഷാൻ കിഷൻ പുറത്തായി. ബിഷ്ണോയുടെ പന്തിൽ വിക്കറ്റ്കീപ്പർ രാഹുൽ പിടിച്ച് താരം പുറത്താവുകയായിരുന്നു. 17 പന്തുകൾ നേരിട്ട താരത്തിന് ആറ് റൺസ് മാത്രമാണ് നേടാനായത്. നല്ലൊരു പ്രകടനം പ്രതീക്ഷിച്ച താരത്തിൽ നിന്നും വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം. മുംബൈ വീണ്ടും ഒരു തകർച്ചയിലേക്ക് നീങ്ങുമോ എന്ന് ആരാധകർ ശങ്കിച്ചു.
എന്നാൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവ് രോഹിത് ശർമക്ക് ഉറച്ച പിന്തുണ നൽകി. ഇരുവരും ക്രീസിൽ ഉറച്ച് നിന്നതോടെ മുംബൈ സ്കോർ ബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി. 11ആം ഓവറിൽ 50 കടന്ന മുംബൈ വെറും നാല് ഓവറുകൾക്കുള്ളിൽ 100ൽ എത്തി. ഇതിനിടയിൽ രോഹിത് ശർമ തൻ്റെ ഈ സീസണിലെ ആദ്യത്തെ അർധ സെഞ്ചുറിയും നേടി. മൂന്നാം വിക്കറ്റിൽ 79 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 27 പന്തിൽ 33 റൺസെടുത്ത സൂര്യകുമാർ യാദവാണ് പുറത്തായത്. ബിഷ്ണോയ്ക്കായിരുന്നു വിക്കറ്റ്. രോഹിത് ശർമക്കും അധിക നേരം നിൽക്കാനായില്ല. സ്കോർ ഉയർത്താൻ ഉള്ള ശ്രമത്തിനിടെ ഷമിയുടെ പന്തിൽ സിക്‌സിന് ശ്രമിച്ച താരം ബൗണ്ടറിക്കരികിൽ ഫാബിയൻ അലൻ പിടിച്ച് പുറത്താവുകയായിരുന്നു.
പിന്നാലെ വന്ന പൊള്ളാർഡിനും ഹാർദിക് പാണ്ഡ്യയ്ക്കും ക്രുനാലിനും കാര്യമായി സംഭാവന ചെയ്യാൻ കഴിയാതെ വന്നതോടെ മുംബൈയുടെ ഇന്നിംഗ്സ് 131 റൺസിൽ അവസാനിച്ചു. ഹാർദിക്കും ക്രുനാലും ഈ മത്സരത്തിലും നിരാശപ്പെടുത്തി. ഹാർദിക് ഒരു റണ്ണിനും ക്രുനാൽ മൂന്ന് റൺസ് എടുത്തും പുറത്തായി. 12 പന്തിൽ 16 റൺസുമായി പൊള്ളാർഡും പൂജ്യം റൺസുമായി ജയന്ത് യാദവും പുറത്താകാതെ നിന്നു.
പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്ണോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാക്കി രണ്ട് വിക്കറ്റുകൾ അർഷദീപ് സിംഗും ദീപക് ഹൂഡയും പങ്കിട്ടെടുത്തു.
Summary- Mumbai Indians post a target of 131 runs for Punjab Kings, Rohit Sharma shines with half century
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.