HOME » NEWS » IPL » IPL 2021 SHAH RUKH KHAN APPLAUDS KOLKATAS PERFORMANCE DESPITE LOSING THE MATCH AGAINST CSK INT NAV

IPL 2021 | ചെന്നൈക്കെതിരായ മത്സരത്തിൽ തോറ്റിട്ടും കൊൽക്കത്തയുടെ പ്രകടനത്തിന് കയ്യടിച്ച് ഷാരൂഖ് ഖാൻ

'വെല്‍ഡണ്‍ ബോയ്‌സ്. റസല്‍, പാറ്റ് കമ്മിന്‍സ്, ദിനേശ് കാര്‍ത്തിക് ഇതൊരു ശീലമാക്കുക. നമ്മൾ തിരിച്ചു വരും.' ഷാരൂഖ് എഴുതി

News18 Malayalam | news18-malayalam
Updated: April 22, 2021, 6:20 PM IST
IPL 2021 | ചെന്നൈക്കെതിരായ മത്സരത്തിൽ തോറ്റിട്ടും കൊൽക്കത്തയുടെ പ്രകടനത്തിന് കയ്യടിച്ച് ഷാരൂഖ് ഖാൻ
SRK
  • Share this:
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിജയം നേടാനായില്ലെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചു. തോല്‍ക്കുമെന്നുറച്ച മത്സരത്തില്‍ കൊല്‍ക്കത്ത നടത്തിയ ഉയർത്തെഴുന്നേല്‍പ്പ് എല്ലാവരെയും ഒരു പോലെ അമ്പരപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായി. മുന്‍നിര അമ്പേ പരാജയപ്പെട്ട മത്സരത്തിൽ മധ്യനിര പുറത്തെടുത്ത പോരാട്ടവീര്യവും ചെറുത്തു നിപ്പും കൊണ്ടാണ് അഞ്ച് വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടിട്ടും അവസാന ഓവര്‍ വരെ പിടിച്ചു നിൽക്കുന്നതിൽ സഹായകമായത്. ഈ ഒരു പ്രകടനം ഇല്ലായിരുന്നെങ്കിൽ വലിയ റൺസിന് തോൽക്കേണ്ട മത്സരം കേവലം 18 റണ്‍സിന് മാത്രമാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

വീറോടെ പോരാടിയ കൊല്‍ക്കത്തയ്ക്ക് സോഷ്യല്‍ മീഡിയയിൽ എങ്ങും അഭിനന്ദന പ്രവാഹങ്ങളാണ്. കൊൽക്കത്തയുടെ ഐതിഹാസിക ഇന്നിംഗ്സിനെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയവരിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും ഉണ്ടായിരുന്നു. മത്സര ശേഷം സോഷ്യല്‍ ട്വിറ്ററിലൂടെയാണ് ഷാരൂഖ് തൻ്റെ ടീമിനെ അഭിനന്ദിച്ചത്.

കൊല്‍ക്കത്തയുടെ ലോഗോയുള്ള വെള്ള ടീഷര്‍ട്ട് ധരിച്ച തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷാരൂഖിന്റെ അഭിനന്ദനം. ചിത്രത്തോടൊപ്പം ഷാരൂഖ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. താരത്തിൻ്റെ കുറിപ്പ് വായിക്കാം -
'ഇന്ന് നമുക്ക് ബാക്ക് സീറ്റെടുക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് അടിപൊളായിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. കളിയുടെ ചില നിമിഷങ്ങൾ - ബാറ്റിംഗ് പവര്‍ പ്ലെ - മറക്കാന്‍ പറ്റുമായിരുന്നുവെങ്കില്‍. വെല്‍ഡണ്‍ ബോയ്‌സ്. റസല്‍, പാറ്റ് കമ്മിന്‍സ്, ദിനേശ് കാര്‍ത്തിക് ഇതൊരു ശീലമാക്കുക. നമ്മൾ തിരിച്ചു വരും.' എന്നായിരുന്നു ഷാരൂഖ് എഴുതിയത്.

നേരത്തെ കൊല്‍ക്കത്തയുടെ മോശം പ്രകടനത്തിന് ഷാരൂഖ് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടീമുടമ പരസ്യമായി മാപ്പ് ചോദിക്കുന്നിടത്തു നിന്നും അഭിമാനത്തോടെ തന്റെ ടീം തിരികെ വരുമെന്ന് പറയുന്നിടത്തേക്ക് ഷാരൂഖ് എത്തിയത് ആരാധകരേയും ആവേശം കൊള്ളിക്കുകയാണ്. ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ആയ 'ഹാര്‍ കര്‍ ജീത്ത്‌നെ വാലോം കോ ബാസിഗര്‍ കെഹ്‌ത്തേ ഹേ' എന്ന ഡയലോഗാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ കൊല്‍ക്കത്തയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറാണ് നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ പരാജയം മുന്നില്‍ കണ്ടിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. ഇതോടെ ചെന്നൈ കളി അനായാസം ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്ര റസലും ഒരുമിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു.

കൂറ്റനടികളിലൂടെ മെല്ലെ പോവുകയായിരുന്ന കൊൽക്കത്ത ഇന്നിംഗ്സിനെ ഉയർത്തുകയായിരുന്നു ഇരുവരും. റസൽ അതിവേഗം നടത്തിയ അക്രമണത്തിൽ 22 പന്തിൽ 54 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും അതിവേഗ ഇന്നിംഗ്‌സിലൂടെ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വന്ന പാറ്റ് കമ്മിൻസ് ചെന്നൈ ബൗളർമാരെ നിലം തൊടീച്ചില്ല. വമ്പൻ അടികളിലൂടെ വളരെ വേഗത്തിലാണ് താരം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയത്. കാർത്തിക്കും റസലും ഔട്ടായശേഷം തോൽവി ഉറപ്പിച്ചു എന്ന് തോന്നിയ ഘട്ടത്തിൽ നിന്നും മത്സരം ജയിക്കും എന്ന ഘത്തിലേക്ക് കമ്മിൻസിന് എത്തിക്കാനായി. 34 പന്തിൽ 66 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്. എന്നാല്‍ വാലറ്റത്ത് മറ്റാരും പിടിച്ചു നില്‍ക്കാനാകാതെ വീണതോടെ കൊല്‍ക്കത്ത അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. 202 റണ്‍സെടുത്താണ് കൊല്‍ക്കത്ത വീണത്. ഇതോടെ തോല്‍വിയുടെ അരികിലേക്ക് പോവുകയായിരുന്ന മത്സരം ചെന്നൈ തിരികെ പിടിക്കുകയും ചെയ്തു. അനായാസമായി ചെന്നൈ സ്വന്തമാക്കുമെന്ന് കരുതിയ മത്സരം അങ്ങേയറ്റം ആവേശകരമായ രീതിയിൽ ആണ് അവസാനിച്ചത്. ഈ മൂന്ന് താരങ്ങളും പുറത്തെടുത്ത പോരാട്ടവീര്യം എല്ലാ ക്രിക്കറ്റ് പ്രേമികളും അംഗീകരിച്ച് കൊടുക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്.

Summary- KKR owner Sharukh Khan comes out with appreciation for his team despite their loss against CSK
Published by: Anuraj GR
First published: April 22, 2021, 6:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories