IPL2021 | വിജയം പൊരുതി നേടി കോഹ്ലിപ്പട; സൺറൈസേഴ്‌സിനെതിരെ ആറ് റൺസ് വിജയം
- Published by:Anuraj GR
- news18-malayalam
Last Updated:
IPL2021 | ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ.
IPL2021 | ക്രിക്കറ്റിലെ ആവേശത്തിൻ്റെ അവസാന വാക്കായ ടി 20 യുടെ ഇന്ത്യൻ പതിപ്പായ ഐപിഎല്ലിൽ ഈ സീസണിൽ ഇത് വരെ കഴിഞ്ഞ മത്സരങ്ങളെല്ലാം ആരാധകരെ ആവേശത്തിൻ്റെ കൊടുമുടി കയറ്റിയവയായിരുന്നു. കളിക്കുന്ന ഇരു ടീമുകളും ജയത്തിന് വേണ്ടി പൊരുതുമ്പോൾ ആവേശം കുറയുന്നതെങ്ങനെ. അത്തരമൊരു മത്സരത്തിനാണ് ഐപിഎൽ ഇന്നും സാക്ഷ്യം വഹിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടിയ മത്സരത്തിൽ ആറ് റൺസിൻ്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ടീം.
മത്സരത്തിൽ ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇറങ്ങിയ വിരാട് കോഹ്ലിയുടെ മനസ്സിൽ ഇന്ത്യൻ ടീമിലെ തൻ്റെ സഹതാരമായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഇന്നലെ കൊൽക്കത്തയ്ക്കെതിരെ നേടിയ വിജയത്തെ കുറിച്ച് ആയിരിന്നിരിക്കണം. 152 റൺസ് പ്രതിരോധിച്ച മുംബൈ ഇന്നലെ കൊൽക്കത്തയ്ക്കെതിരെ പത്ത് റൺസിൻ്റെ ഗംഭീര വിജയമാണ് നേടിയത്. ഏതായാലും 'മുംബൈ മോഡൽ' മാതൃകയാക്കിയ കോഹ്ലിക്കും കൂട്ടർക്കും പിഴച്ചില്ല. 150 റൺസ് പിന്തുടർന്ന ഹൈദരാബാദിനെ 143 റൺസിൽ ഒതുക്കി ടൂർണമെൻ്റിലെ രണ്ടാം മത്സരത്തിലും വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കയറി.
advertisement
ബാംഗ്ലൂർ ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് അവസാന ഓവറുകളിലാണ് മത്സരം കൈവിട്ടത്.
150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിൻ്റെ സ്കോർ 13-ൽ എത്തിയപ്പോൾ തന്നെ അവർക്ക് വൃദ്ധിമാൻ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഡേവിഡ് വാർണർ - മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റിൽ 83 റൺസ് ചേർത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 37 പന്തിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 54 റൺസെടുത്ത വാർണറെ പുറത്താക്കി കൈൽ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
advertisement
Also Read- IPL 2021 | മുംബൈ ഇന്ത്യൻസ് താരങ്ങളുടെ വളർച്ചക്ക് പിന്നിലെ കാരണമെന്ത്? ഹർഷ ഭോഗ്ലെ പറഞ്ഞുതരും!
പിന്നാലെ 17-ാം ഓവറിൽ ജോണി ബെയർസ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുൾ സമദിനെയും മടക്കി ഷഹബാസ് അഹമ്മദാണ് മത്സരത്തിൻ്റെ ഗതി ബാംഗ്ലൂരിൻ്റെ വഴിക്ക് തിരിച്ചത്.
പിന്നാലെ വന്നവർ ഒരു ചെറുത്ത്നിൽപ്പ് പോലും ചെയ്യാതെ വന്ന പോലെ തന്നെ പവിലിയനിലേക്ക് മടങ്ങി. വിജയ് ശങ്കർ (3), ജേസൺ ഹോൾഡർ (4) എന്നിവർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. ഒമ്പത് പന്തിൽ നിന്ന് 17 റൺസടിച്ച റാഷിദ് ഖാൻ അവസാനം വരെ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.
advertisement
ബാംഗ്ലൂരിനായി ഷഹബാസ് അഹമ്മദ് മൂന്നും ഹർഷൽ പട്ടേൽ മുഹമ്മദ് സിറാജ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ചെന്നൈയിലെ സ്ലോ പിച്ചില്‍ തന്ത്രപരമായ ബോളിങ് മാറ്റങ്ങളിലൂടെയാണ് സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ താരതമ്യേന ചെറിയ സ്‌കോറില്‍ തളച്ചത്. അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സെ്‌വെല്ലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു. മാക്സ്വെൽ ഒഴികെ ബാക്കി ആര്‍ക്കും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. 29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കൊഹ്ലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്‌സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്ലിയും മാക്‌സ്വെലും ചേര്‍ന്ന് 38 പന്തില്‍ കൂട്ടിച്ചേര്‍ത്ത 44 റണ്‍സാണ് ബാംഗ്ലൂര്‍ നിരയിലെ മികച്ച കൂട്ടുകെട്ട്. ഏറെ പ്രതീക്ഷ വച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ക്ലിക്കാകാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്.
advertisement
സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്റെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനവും ശ്രദ്ധേയമായി.
Summary- Royal Challengers Bangalore beat Sunrisers Hyderabad by 6runs
Location :
First Published :
April 15, 2021 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL2021 | വിജയം പൊരുതി നേടി കോഹ്ലിപ്പട; സൺറൈസേഴ്‌സിനെതിരെ ആറ് റൺസ് വിജയം


