• HOME
 • »
 • NEWS
 • »
 • ipl
 • »
 • IPL 2021 | കളിക്കാരുടെ കഴിവ് പൂർണമായും ഉപയോഗിക്കണം; മോയിൻ‍ അലിയെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള കാരണം വ്യക്തമാക്കി ധോണി

IPL 2021 | കളിക്കാരുടെ കഴിവ് പൂർണമായും ഉപയോഗിക്കണം; മോയിൻ‍ അലിയെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള കാരണം വ്യക്തമാക്കി ധോണി

മിസ്റ്റർ ഐ.പി.എൽ. എന്നറിയപ്പെടുന്ന സുരേഷ് റെയ്ന കാലങ്ങളായി ഭദ്രമായി കൊണ്ട് നടന്ന ഒരു പൊസിഷൻ അലിയെ പോലൊരു താരത്തെ ഏൽപ്പിച്ചത് ശരിയായില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം

മോയിന്‍ അലിയും എം.എസ്. ധോണിയും

മോയിന്‍ അലിയും എം.എസ്. ധോണിയും

 • Share this:
  കഴിഞ്ഞ സീസണിലെ മോശം പ്രകടനം തിരുത്തിക്കുറിക്കാനായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ‌ ആദ്യ മത്സരത്തിൽ വരുത്തിയ ഒരു മാറ്റം എല്ലാവരെയും ഒരു പോലെ ആശ്ചര്യപ്പെടുത്തി. ഇംഗ്ലണ്ടിനു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഓള്‍റൗണ്ടര്‍ മോയിന്‍ അലി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയത് മൂന്നാം നമ്പറിൽ. ടീമിൻ്റെ ഇത്തരമൊരു നീക്കം ആരാധകരെ മാത്രമല്ല ക്രിക്കറ്റ് കാണുന്ന സകലരുടെയും നെറ്റി ചുളിയാൻ കാരണമായി.

  മിസ്റ്റർ ഐ.പി.എൽ. എന്നറിയപ്പെടുന്ന സുരേഷ് റെയ്ന കാലങ്ങളായി ഭദ്രമായി കൊണ്ട് നടന്ന ഒരു പൊസിഷൻ അലിയെ പോലൊരു താരത്തെ ഏൽപ്പിച്ചത് ശരിയായില്ല എന്നായിരുന്നു പലരുടെയും അഭിപ്രായം. റെയ്നയുടെ അഭാവം പ്രകടമായ കഴിഞ്ഞ സീസണിൽ ചെന്നൈ മധ്യനിര പാടെ പരാജയമായിരുന്നു. ടൂർണമെൻ്റിലുടനീളം അത് പ്രകടവുമായിരുന്നു.

  റെയ്നയ്ക്ക് പറ്റിയൊരു പകരക്കാരനെ ചെന്നൈക്ക് കണ്ടുപിടിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ റെയ്ന ഈ സീസണിൽ തിരിച്ച് വന്നതോടെ ആ പ്രശ്നത്തിനും പരിഹാരമായിരുന്നു. ഏറെ നിര്‍ണായമകായ ഈ പൊസിഷനില്‍ അലിയെപ്പോലൊരാളെ എത്രത്തോളം ആശ്രയിക്കാനാവുമെന്നായിരുന്നു പലരുടെയും സംശയം. എന്നാലിപ്പോൾ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത അലി ഈ സംശയങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ്. മാത്രമല്ല ചെന്നൈ ബാറ്റിംഗ് നിരയിൽ രണ്ട് മത്സരത്തിലും സ്ഥിരതയോടെ കളിച്ച ഏക താരം അലിയാണ്.

  ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 24 പന്തിൽ 36 റണ്‍സുമായി ചെന്നൈക്ക് വേണ്ടി അരങ്ങേറിയ അദ്ദേഹം പഞ്ചാബ് കിംഗ്‌സിനെതിരെ 31 പന്തിൽ 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

  അലിയെ എന്തുകൊണ്ട് നിര്‍ണായകമായ മൂന്നാം നമ്പര്‍ പൊസിഷനിൽ ഇറക്കി എന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ നായകന്‍ എം. എസ്. ധോണി. പഞ്ചാബിനെതിരായ മല്‍സരശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

  "മോയിന്‍ അലിയെ മുന്‍നിരയില്‍ ഇറക്കിയാല്‍ ഞങ്ങള്‍ക്കു ലഭിച്ച വിഭവങ്ങളെ പരാമവധി പ്രയോജപ്പെടുത്താമെന്നു തോന്നി. വളരെ മികച്ച ടൈമിംഗോടെ ബാറ്റ് ചെയ്യുന്ന താരമാണ് മോയിൻ അലി. വളരെ ആധികാരികമായ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു കഴിയും. ടീമിലെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്," ധോണി വ്യക്തമാക്കി.  കഴിഞ്ഞ സീസണില്‍ വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ താരമായിരുന്നു അലി. പക്ഷെ അവിടെ അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. വെറും 12 റണ്‍സും ഒരു വിക്കറ്റും മാത്രമായിരുന്നു മോയിൻ അലിക്ക് കഴിഞ്ഞ സീസണിൽ നേടാനായത്. ഇതേ തുടര്‍ന്നു സീസണിനു ശേഷം അദ്ദേഹത്തെ ബാംഗ്ലൂർ ടീം ഒഴിവാക്കുകയും ചെയ്തു.

  ഫെബ്രുവരിയിൽ നടന്ന ഐ.പി.എൽ. ലേലത്തില്‍ മോയിൻ അലിക്കു വേണ്ടി ഫ്രാഞ്ചൈസികൾ തമ്മിൽ വലിയ പോരാട്ടമാണ് നടന്നത്. വിട്ടുകൊടുക്കാതെ വിളി തുടർന്ന ചെന്നൈ ഒടുവില്‍ ഏഴു കോടിക്കാണ് മോയിൻ അലിയെ സ്വന്തമാക്കിയത്.

  അതേസമയം, ചെന്നൈ ടീമിലെ അന്തരീക്ഷം താന്‍ ഏറെ ആസ്വദിക്കുന്നതായും അത് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ തന്നെ സഹായിക്കുന്നെന്നും അലി പറഞ്ഞു. "ആസ്വദിച്ചു കളിക്കണമെന്നു മാത്രമായിരുന്നു എം. എസ്. (ധോണി) എന്നോടു പറഞ്ഞത്. ക്രീസിലെത്തിയാല്‍ വലിച്ചടിക്കാന്‍ മുതിരാതെ ബോള്‍ ടൈം ചെയ്യാന്‍ ശ്രമിക്കാനായിരുന്നു ധോണിയുടെ ഉപദേശം," അലി കൂട്ടിച്ചേർത്തു.

  "ചെന്നൈക്ക് വേണ്ടി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുകയാണ്. കളിയില്‍ ഒരു ഇംപാക്ടുണ്ടാക്കാന്‍ സഹായിക്കുന്ന പൊസിഷനാണിത്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇംഗ്ലണ്ടിന്റേത് അത്രയും ശക്തമായ ടീമായതിനാല്‍ അവിടെ എനിക്ക് ഏഴാം നമ്പറില്‍ കളിക്കേണ്ടി വരുന്നു. മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ അതു സ്വീകരിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിനു വേണ്ടിയുള്ള ശ്രമം സ്വന്തം ഭാഗത്തു നിന്നുണ്ടാവില്ല. ചെന്നൈയിൽ ഇപ്പോള്‍ ഞാനൊരു ബാറ്റ്‌സ്മാനെപ്പോലെയാണ് ചിന്തിക്കുന്നത്," അലി വ്യക്തമാക്കി.

  Summary: M.S. Dhoni explains why Moeen Ali was positioned at number 3. Dhoni says he wanted to make the most of the resources available to the team
  Published by:user_57
  First published: