IPL 2021 | മുംബൈ വീണ്ടും വിജയ വഴിയിലേക്ക്; രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. പുറത്താകാതെ 50 പന്തില്‍ നിന്നും 70 റണ്‍സാണ് താരം നേടിയത്
രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയവുമായി മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡീ കോക്കിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്. പുറത്താകാതെ 50 പന്തില്‍ നിന്നും 70 റണ്‍സാണ് താരം നേടിയത്. ആറ് ബൗണ്ടറികളും, രണ്ട് സിക്‌സറുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
172 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത്തും ഡീകോക്കും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും പവര്‍ പ്ലേയുടെ അവസാന പന്തില്‍ ക്രിസ് മോറിസ് മുംബൈ നായകനെ കൂടാരം കയറ്റി. മിഡ് ഓണിലൂടെ പറത്തിയ പന്ത് ചേതന്‍ സക്കറിയയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. പകരമെത്തിയ സൂര്യകുമാര്‍ യാദവ് ഡീ കോക്കിന് മികച്ച പിന്തുണയുമായി ക്രീസില്‍ നിന്നെങ്കിലും പത്താം ഓവര്‍ എറിഞ്ഞ മോറിസ് സൂര്യകുമാറിനെ പുറത്താക്കിക്കൊണ്ട് മുംബൈയെ പിന്നെയും സമ്മര്‍ദത്തിലാക്കി. 10 പന്തില്‍ നിന്നും 16 റണ്‍സുമായാണ് താരം മടങ്ങിയത്.
advertisement
ഇഷാന്‍ കിഷന്റെ അസാന്നിധ്യത്തില്‍ ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിക്കൊണ്ട് ക്രൂനലിനെയാണ് രോഹിത് പിന്നീട് പരീക്ഷിച്ചത്. 26 പന്തില്‍ 39 റണ്‍സ് നേടിയ താരത്തെ 17ആം ഓവറില്‍ മുസ്താഫിസുര്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. പിന്നീടെത്തിയ കീറോണ്‍ പൊള്ളാര്‍ഡ് ഡീ കോക്കിനൊപ്പം ചേര്‍ന്ന് ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലെത്തിച്ചു. എട്ട് പന്തില്‍ നിന്നും 16 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജെയ്‌സ്വാളും ബട്ട്‌ലറും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ അവര്‍ വമ്പനടികളിലേക്ക് കടക്കും മുന്നേ കൃത്യമായ ഇടവേളകളില്‍ രാഹുല്‍ ചഹര്‍ കൂടാരം കയറ്റി. രാജസ്ഥാന്‍ നിരയില്‍ ബാറ്റ്‌സ്മാന്മാരെല്ലാം തങ്ങളുടെ ദൗത്യം നല്ല രീതിയില്‍ തന്നെ ചെയ്തിരുന്നു. സ്ഥിരതയില്ലായ്മയുടെ പേരില്‍ പഴി കേള്‍ക്കാറുള്ള നായകന്‍ സഞ്ജു സാംസണാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 42 റണ്‍സാണ് താരം ഇന്ന് നേടിയത്. കഴിഞ്ഞ മത്സരത്തിലും താരം ഇതേ സ്‌കോര്‍ നേടിയിരുന്നു.
advertisement
ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരായ ജോസ് ബട്ട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ഡൂബെ എന്നിവരെല്ലാം മുപ്പതിന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയിരുന്നു. മുംബൈക്ക് വേണ്ടി രാഹുല്‍ ചഹര്‍ രണ്ടു വിക്കറ്റുകളും, ബുമ്രയും ബോള്‍ട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Location :
First Published :
April 29, 2021 8:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മുംബൈ വീണ്ടും വിജയ വഴിയിലേക്ക്; രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് ജയം



