IPL 2021 | ശരിക്കും കിങ്‌സായി പഞ്ചാബ്; നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം; രാഹുലിന് അര്‍ധസെഞ്ചുറി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
52 പന്തില്‍ 60 റണ്‍സ് നേടിയ രാഹുലിന്റെയും 35 പന്തില്‍ 43 റണ്‍സ് നേടിയ ഗെയ്‌ലിന്റേയും പ്രകടനങ്ങളാണ് പഞ്ചാബിന് വിജയം നേടിക്കൊടുത്തത്
കാത്ത് കാത്തിരുന്ന ജയം അങ്ങനെ പഞ്ചാബിന്റെ കൈകളിലേക്ക് എത്തി. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് തങ്ങളുടെ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ പഞ്ചാബ് ക്യാപ്റ്റന്‍ രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 52 പന്തില്‍ 60 റണ്‍സ് നേടിയ രാഹുലിന്റെയും 35 പന്തില്‍ 43 റണ്‍സ് നേടിയ ഗെയ്‌ലിന്റേയും പ്രകടനങ്ങളാണ് അവര്‍ക്ക് വിജയം നേടിക്കൊടുത്തത്.
നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ രാഹുല്‍ അഗര്‍വാള്‍ സഖ്യം നേടിയ 53 റണ്‍സ് പഞ്ചാബ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 14 പന്തുകളും ഒമ്പത് വിക്കറ്റുകളും ബാക്കി നിര്‍ത്തിയാണ് പഞ്ചാബ് മറികടന്നത്. ശക്തമായ ബൗളിംഗ് നിരയുള്ള മുംബൈക്കെതിരെ വിജയം നേടാനായത് പഞ്ചാബിന്റെ ആത്മവിശ്വാസം കൂട്ടും എന്നത് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള കുതിപ്പിന് ഈ വിജയം അവര്‍ക്ക് ഊര്‍ജമേകും. മുംബൈക്കായി അര്‍ധസെഞ്ചുറി പ്രകടനം നടത്തിയ രോഹിത് ശര്‍മയുടെ പ്രകടനം വെറുതെയായി.
advertisement
മുംബൈ ഉയര്‍ത്തിയ 132 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ആത്മവിശ്വാസത്തോടെയാണ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയത്. മുംബൈയുടേതിന് വിപരീതമായി മികച്ച തുടക്കമാണ് പഞ്ചാബ് ഓപ്പണര്‍മാരായ രാഹുലും അഗര്‍വാളും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പഞ്ചാബ് ഇന്നിങ്‌സിന്റെ അടിത്തറയായതും ഇരുവരുടെയും പ്രകടനമാണ്. സ്‌കോര്‍ 53ല്‍ നില്‍ക്കെ 20 പന്തില്‍ 25 റണ്‍സെടുത്ത അഗര്‍വാള്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് പിടിച്ച് പുറത്തായി. അഗര്‍വാള്‍ പുറത്തായതിന് ശേഷം ക്രീസില്‍ വന്ന ഗെയ്ല്‍ തന്റെ പതിവ് കളി മാറ്റിവച്ച് ശ്രദ്ധയോടെയാണ് കളിച്ചത്. ഗെയ്‌ലും രാഹുലും ചേര്‍ന്ന് പതിയെ പഞ്ചാബ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ആദ്യ വിക്കറ്റ് വീഴ്ത്തിയ മുംബൈ കളി കയ്യടക്കുമെന്ന് തോന്നിച്ചെങ്കിലും അധികം അവസരം കൊടുക്കാതെ മോശം പന്തുകളെ മാത്രം ആക്രമിച്ച് മുന്നേറി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പഞ്ചാബിനെ വിജയത്തീരത്ത് എത്തിച്ചു. ക്യാപ്റ്റന്‍ രാഹുല്‍ 60 റണ്‍സോടെയും ഗെയ്ല്‍ 43 റണ്‍സോടെയും പുറത്താകാതെ നിന്നു.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്കെതിരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ പഞ്ചാബിന്റെ ബൗളര്‍മാര്‍ അവരെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടിയ അവര്‍ കൃത്യമായ ഇടവേളകളില്‍ വികറ്റുകള്‍ വീഴ്ത്തി മുംബൈയെ പ്രതിരോധത്തിലാക്കി. 63 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ച മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണയുമായി കൂടെ നിന്ന് 33 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെയും ഭേദപ്പെട്ട പ്രകടനങ്ങളുടെ ബലത്തിലാണ് മുംബൈ 131 റണ്‍സ് കുറിച്ചത്. ഇരുവരുടെയും പ്രകടനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ മുംബൈക്ക് മറ്റൊരു ബാറ്റിംഗ് തകര്‍ച്ച കൂടി നേരിടേണ്ടി വന്നേനെ. അര്‍ധസെഞ്ചുറി കുറിച്ച് 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഈ സീസണിലെ ഒരു മുംബൈ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ് കുറിച്ചത്.
advertisement
പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാക്കി രണ്ട് വിക്കറ്റുകള്‍ അര്‍ഷദീപ് സിംഗും ദീപക് ഹൂഡയും പങ്കിട്ടെടുത്തു.
Location :
First Published :
April 23, 2021 11:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ശരിക്കും കിങ്‌സായി പഞ്ചാബ്; നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം; രാഹുലിന് അര്‍ധസെഞ്ചുറി


