ഓപ്പണര് ജോസ് ബട്ട്ലറുടെ സെഞ്ച്വറി മികവില് ഹൈദരാബാദിനെതിരെ രാജസ്ഥാന് വമ്പന് സ്കോര്. നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 220 റണ്സാണ് രാജസ്ഥാന് നേടിയത്. 64 പന്തില് നിന്നും 11 ബൗണ്ടറികളും, എട്ട് സിക്സറും സഹിതം 124 റണ്സാണ് ബട്ട്ലര് അടിച്ചു കൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് സ്കോര് മൂന്നാം ഓവറില് സ്കോര് 17ല് നില്ക്കുമ്പോള് ഓപ്പണര് യുവതാരം യശസ്വി ജെയ്സ്വാളിനെ നഷ്ടമായി. പിന്നീട് ക്രീസിലൊരുമിച്ച ജോസ് ബട്ട്ലറും, നായകന് സഞ്ജു സാംസണും വമ്പനടികളിലൂടെ അതിവേഗം സ്കോര് ഉയര്ത്തി. 17ആം ഓവറില് സ്കോര് 167ല് നില്ക്കുമ്പോള് സഞ്ജുവിനെ പുറത്താക്കിക്കൊണ്ട് വിജയ് ശങ്കര് ഈ കൂട്ടുകെട്ട് തകര്ത്തു. രണ്ടാം വിക്കറ്റില് 150 റണ്സാണ് ഇവര് ടീമിലേക്ക് സംഭാവന ചെയ്തത്. 33 പന്തില് 48 റണ്സ് നേടിയാണ് സഞ്ജു പുറത്തായത്. പത്തൊമ്പതാം ഓവറിലെ അവസാന പന്തിലാണ് സന്ദീപ് ശര്മ ബട്ട്ലറെ വീഴ്ത്തിയത്.
വലിയൊരു മാറ്റവുമായാണ് ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്നത്. അവരുടെ ക്യാപ്റ്റനായ ഡേവിഡ് വാര്ണറെ ക്യാപ്റ്റന് സ്ഥാനത്ത് നിന്നും നീക്കി പകരം ന്യൂസിലന്ഡ് താര കെയ്ന് വില്യംസണെ ക്യാപ്റ്റന്സി എല്പ്പിച്ചിരിക്കുകയാണ്. ജയം ഉറപ്പിച്ച പല മത്സരങ്ങളിലും അവര് അപ്രതീക്ഷിതമായി തോറ്റിരുന്നു. ബാറ്റിങ്ങില് വന്മരങ്ങള് ഒരുപാടുണ്ടെങ്കിലും സ്ഥിരതയാര്ന്ന പ്രകടനം ആര്ക്കും പുറത്തെടുക്കാന് കഴിയുന്നില്ല. ജോണി ബെയര്സ്റ്റോയ്ക്ക് സ്ഥിരതയില്ല. പുതിയ നായകന് കെയ്ന് വില്യംസണിലാണ് ടീമിന്റെ എല്ലാ പ്രതീക്ഷയും. സി എസ് കെക്കെതിരായ പ്രകടനത്തോടെ മനീഷ് പാണ്ഡെ, കേദാര് ജാദവ് എന്നിവരും പ്രതീക്ഷ നല്കുന്നുണ്ട്.
ബൗളിംഗ് വിഭാഗം അല്പം ഭേദമാണെങ്കിലും അവസാന ഓവറുകളില് റണ് നിയന്ത്രിച്ച് നിര്ത്താന് അവര്ക്ക് ആവുന്നില്ല. ജയദേവ് ഉനദ്കട്, മുസ്തഫിസുര് റഹ്മാന്, ചേതന് സക്കറിയ എന്നിവര് ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നതാണ് ആശ്വാസം. എന്നാല് മികച്ച സ്പിന്നര്മാരില്ലാത്തതും ടീമിനെ ബാധിച്ചിട്ടുണ്ട്. സീസണില് മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളായതിനാല് ഒരു തിരിച്ചുവരവ് ഇരു ടീമിനും അനിവാര്യമാണ്. ആറ് മത്സരത്തില് രണ്ട് ജയവും നാല് തോല്വിയുമായി രാജസ്ഥാന് ഏഴാം സ്ഥാനത്ത് നില്ക്കുമ്പോള് കളിച്ച ആറ് മത്സരത്തില് അഞ്ചിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്.
ഹൈദരാബാദും രാജസ്ഥാനും തമ്മില് 13 മത്സരങ്ങളിലാണ് നേര്ക്കുനേര് എത്തിയത്. ഇതില് ഏഴ് മത്സരത്തില് ജയം ഹൈദരാബാദിനൊപ്പം നിന്നപ്പോള് ആറ് മത്സരത്തില് രാജസ്ഥാനും ജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.