IPL 2021 | അക്കൗണ്ട് തുറന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്; പഞ്ചാബിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് വാര്‍ണറും സംഘവും സീസണിലെ ആദ്യ ജയം നേടിയത്
ഐപിഎല്ലിലെ ഈ സീസണിലെ ആദ്യ ജയം നേടി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളും തോറ്റതിന് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് വാര്‍ണറും സംഘവും സീസണിലെ ആദ്യ ജയം നേടിയത്. പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ടീം നേടിയത്.
നേരത്തെ പഞ്ചാബിനെ 120 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. വിജയം നേടാനുള്ള നിശ്ചയദാര്‍ഢ്യം അവരുടെ കളിയില്‍ പ്രകടമായിരുന്നു. ആ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു പഞ്ചാബ്.
121 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയുയര്‍ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
ഹൈദരാബാദിനായി ആദ്യ വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍ ജോണി ബെയര്‍സ്റ്റോ സഖ്യം ആദ്യ വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരുടെ ഇന്നിംഗ്‌സിന് അടിത്തറ പാകി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ എന്നാല്‍ ആവശ്യമായ റണ്‍ റേറ്റ് നിലനിര്‍ത്തിയുമായിരുന്നു ഇരുവരും ബാറ്റ് ചെയ്തത്. 37 പന്തില്‍ 37 റണ്‍സ് നേടിയ വാര്‍ണര്‍ ഫാബിയന്‍ അലന്റെ പന്തില്‍ മയാങ്ക് അഗര്‍വാള്‍ പിടിച്ച് പുറത്താവുകുയായിരുന്നു. വാര്‍ണര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വില്യംസണും ബെയര്‍സ്റ്റോയും കൂടെ ശ്രദ്ധയോടെ ഹൈദരാബാദ് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. സ്ലോ ബോളുകളുമായി പഞ്ചാബ് ബൗളര്‍മാര്‍ കളി തിരിച്ചു പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധിച്ച് നില്‍ക്കാനുള്ള റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നില്ല. അനായാസം സിംഗിളുകള്‍ നേടി സ്‌ട്രൈക്ക് കൈമാറിക്കൊണ്ടിരുന്ന ഇരുവരും വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ എട്ട് പന്ത് ബാക്കി നില്‍ക്കെ ടീമിനെ വിജയത്തില്‍ എത്തിച്ചു. ബെയര്‍സ്റ്റോ 56 പന്തില്‍ 63 റണ്‍സും വില്യംസണ്‍ 19 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
advertisement
ജയത്തോടെ രണ്ട് പോയിന്റ് നേടിയ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബാണ് അവസാന സ്ഥാനത്ത്. ഹൈദരാബാദ് നിരയിലേക്ക് വില്യംസണ്‍ വന്നതോടെ അവരുടെ ബാറ്റിങ്ങില്‍ മധ്യനിരയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് തത്കാലത്തേക്ക് പരിഹാരമായി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ടീമിനെതിരെ തുടക്കം മുതലേ ഹൈദരാബാദ് ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിങ്ങ് ഓപ്പണ്‍ ചെയ്തത്. പതിയെ തുടങ്ങിയ പഞ്ചാബിന് സ്‌കോര്‍ 15ല്‍ നില്‍ക്കെ നായകന്‍ കെ എല്‍ രാഹുലിന്റെ രൂപത്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഹൈദരാബാദ് മത്സരം കയ്യിലെടുക്കുകയായിരുന്നു. പഞ്ചാബ് കളിയിലേക്ക് തിരിച്ചുവരും എന്ന് തോന്നിയ നിമിഷങ്ങളില്‍ ഒക്കെ ഹൈദരാബാദ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി കളി തങ്ങളുടെ വരുതിയില്‍ തന്നെ നിര്‍ത്തി. ഹൈദരാബാദിനായി ഖലീല്‍ അഹമദ് മൂന്ന് വിക്കറ്റും, അഭിഷേക് ശര്‍മ രണ്ട് വിക്കറ്റും നേടി ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു.
advertisement
പഞ്ചാബ് നിരയില്‍ യുവ താരം ഷാരൂഖ് ഖാന് മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഷാരൂഖിന്റെ പ്രകടനം തന്നെയാണ് ടീമിനെ വലിയ നാണക്കേടില്‍ നിന്ന് ഇത്തവണയും ഒഴിവാക്കിയത്. 17 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ താരം അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് പുറത്തായത്.
Location :
First Published :
April 21, 2021 7:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | അക്കൗണ്ട് തുറന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്; പഞ്ചാബിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് ജയം


