ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തുടക്കമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് അവര്‍ ആദ്യത്തെ മൂന്ന് മത്സരങ്ങളും തോല്‍ക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ബാംഗ്ലൂരിനോടും കൊല്‍ക്കത്തയോടും തോറ്റ ഡേവിഡ് വാര്‍ണറും സംഘവും ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 13 റണ്‍സിനാണ് തോറ്റത്. അനായാസമായി ജയിക്കാമായിരുന്ന മൂന്ന് മത്സരങ്ങളിലും ഹൈദരാബാദിന്റെ ബാറ്റിങ് പിഴവുകള്‍ മൂലമാണ് അവര്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നത്. ഹൈദരാബാദിന്റെ മധ്യനിരക്കാര്‍ക് അവസരത്തിനൊത്ത് ഉയരാന്‍ കഴിയാതെ പോയതാണ് ഇതില്‍ പ്രധാന കാരണം.
മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമില്‍ നാല് മാറ്റങ്ങളാണ് വരുത്തിയത്. പേസര്‍ ടി നടരാജനും മുംബൈക്കെതിരെ ഇറങ്ങിയില്ല. പകരക്കാരനായി ഇറങ്ങിയ ഖലീല്‍ അഹമ്മദ് തിളങ്ങിയെങ്കിലും നടരാജനെ എന്ത് കൊണ്ട് ഇറക്കിയില്ല എന്ന ചോദ്യമുയര്‍ന്നു. ഇപ്പോഴിതാ നടരാജനെ എന്തുകൊണ്ട് മുംബൈക്കെതിരെ കളിപ്പിച്ചില്ല എന്നതിനുള്ള ഉത്തരവുമായി വന്നിരിക്കുകയാണ് ഹൈദരാബാദ് മെന്ററായ വിവിഎസ് ലക്ഷ്മണ്.
'ദൗര്‍ഭാഗ്യവശാല്‍ നടരാജന്റെ ഇടത് കാല് മുട്ടിന് പരുക്കേറ്റിരിക്കുകയാണ്. അതിനാലാണ് മുംബൈക്കെതിരെ നടരാജനെ ഒഴിവാക്കി മറ്റൊരു ഇടംകൈയ്യന്‍ പേസറായ ഖലീല്‍ അഹമ്മദിനെ കളിപ്പിച്ചത്. നടരാജന്റെ പരുക്കിന്റെ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. ടീമിനും അവനും ഗുണം ചെയ്യുന്ന രീതിയില്‍ തിരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ലക്ഷ്മണ് പറഞ്ഞു.
ഹൈദരാബാദിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. 'പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അഭിഷേക് ശര്‍മ,വിരാട് സിങ്,അബ്ദുല്‍ സമദ് എന്നിവരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയാല്‍ വിജയത്തിന് അര്‍ഹതയില്ല' എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മധ്യനിരയില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഹൈദരാബാദിന്റെ പരീക്ഷണം മുംബൈക്കെതിരെ പാളിപ്പോയെന്ന് തന്നെയാണ് കണക്കുകള്‍ തെളിയിക്കുന്നത്. വിരാട് സിങ് (12 പന്തില്‍ 11),അഭിഷേക് ശര്‍മ (4 പന്തില്‍ 2),അബ്ദുല്‍ സമദ് (8 പന്തില്‍ 7) എന്നിവരെല്ലാം നിരാശപ്പെടുത്തി. തുടക്കത്തില്‍ മിന്നിയ ഹൈദരാബാദിന് മധ്യനിരയില്‍ മികച്ച ഒരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കഴിയാഞ്ഞതാണ് മുംബൈക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചടിയായത്. മറിച്ചായിരുന്നെങ്കില്‍ ഹൈദരാബാദിന് വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മധ്യനിരയില്‍ പുതുതായി ഉള്‍പ്പെടുത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തി.
നടരാജന് പകരമെത്തിയ ഖലീല്‍ അഹമ്മദ് പക്ഷേ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തിയത്. നിരവധി അവസരങ്ങള്‍ ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ കൈവിട്ടുകളഞ്ഞത് കൂടി ടീമിന് ഖലീലിന്റെ ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ അനായാസ ക്യാച്ച് വിജയ് ശങ്കര്‍ വിട്ടുകളഞ്ഞത് വഴിത്തിരിവായി. അവസാന ഓവറില്‍ രണ്ട് വമ്പന്‍ സിക്സറടക്കം 16 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഇതാണ് മുംബൈ ടീം സ്കോറിനെ 150ല്‍ എത്തിച്ചതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.