ഫാമിലെ 20 പശുക്കൾ കൂട്ടമായി ചത്തു;13ാം വയസ്സിൽ ക്ഷീര കർഷകനായ മാത്യു നാടിന് നൊമ്പരമായി
- Published by:Naseeba TC
- news18-malayalam
Last Updated:
പശുക്കൾ കൂട്ടത്തോടെ ചത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനേയും അമ്മയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ: പതിമൂന്നാം വയസ്സിൽ അച്ഛന്റെ മരണത്തെ തുടർന്നാണ് മാത്യു ബെന്നി ക്ഷീര കർഷകനായത്. കുറഞ്ഞ സമയത്തിനുള്ളിൽ നാടിന്റെ അഭിമാനമായ മാത്യു ബെന്നിക്ക് പുതുവർഷം സമ്മാനിച്ചത് തീരാവേദന. മാത്യുവിന്റെ ഫാമിലെ 20 പശുക്കളാണ് ഇന്ന് രാത്രിയും ഇന്ന് പുലർച്ചെയുമായി കൂട്ടത്തോടെ ചത്തത്.
പിതാവിന്റെ മരണത്തോടെയാണ് കുടുംബം പുലർത്താൻ മാത്യു ബെന്നി പതിമൂന്നാം വയസ്സിൽ അമ്മയ്ക്കൊപ്പം പശു ഫാം ആരംഭിച്ചത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളേയും വളർത്തിയത്. മികച്ച കുട്ടിക്ഷീര കർഷകനുള്ള അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ മാത്യുവിനെ തേടിയെത്തി. മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.
advertisement
ജീവനു തുല്യം ഓമനിച്ചു വളർത്തിയ പശുക്കൾ ഒന്നൊന്നായി കുഴഞ്ഞു വീണു ചാകുന്നത് കണ്ട് മാത്യുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ പുറത്തു പോയിരുന്നു. തിരിച്ചെത്തി രാത്രി എട്ട് മണിയോടെ പശുക്കൾക്ക് തീറ്റ നൽകി. ഏതാനും സമയത്തിനുള്ളിൽ പശുക്കൾ തളർന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. പശുക്കൾക്ക് നൽകിയ തീറ്റയിൽ മരച്ചീനിയുടെ തൊലിയും ഉൾപ്പെട്ടതായി പറയുന്നു.
advertisement
സംഭവമറിഞ്ഞ് നാട്ടുകാരും ഓടിയെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടർമാരായ ഡോ ഗദ്ദാഫി, ഡോ ക്ലിന്റ്, ഡോ സാനി, ഡോ ജോർജിൻ എന്നിവരും സ്ഥലത്തെത്തി. മരുന്ന് നൽകിയെങ്കിലും പശുക്കിടാങ്ങൾ അടക്കം ഇതിനോടകം 20 പശുക്കൾ ചത്തു. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ മന്ത്രി ജെ ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thodupuzha,Idukki,Kerala
First Published :
January 01, 2024 10:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫാമിലെ 20 പശുക്കൾ കൂട്ടമായി ചത്തു;13ാം വയസ്സിൽ ക്ഷീര കർഷകനായ മാത്യു നാടിന് നൊമ്പരമായി