വനിതകൾക്ക് 41 ശതമാനം സീറ്റ് : മമതയെ അഭിനന്ദിച്ച് ബൽറാം, വിപ്ലവകരമെന്ന് ഡോ. ബിജു
Last Updated:
മമത ബാനർജിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയും
വനിതകൾക്ക് 41 ശതമാനം സീറ്റുകൾ മാറ്റിവച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് അഭിനന്ദനവുമായി വി ടി ബൽറാം എംഎൽഎയും സംവിധായകൻ ഡോ. ബിജുവും രംഗത്തെത്തി. ചരിത്രപരമായ സ്ത്രീപക്ഷ ഇടപെടലെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. '42 സീറ്റിൽ 17ലും വനിതാ സ്ഥാനാർത്ഥികൾ. 41% സ്ത്രീ പ്രാതിനിധ്യം. ചരിത്രപരമായ ഈ സ്ത്രീപക്ഷ ഇടപെടലിന് മമത ബാനർജിക്ക് അഭിനന്ദനങ്ങൾ' -ബൽറാം കുറിച്ചു.
മമതാ ബാനർജി വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചു. 'സ്ഥാനാർഥി പട്ടികയിൽ 41 ശതമാനം വനിതകൾ..ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇത് ആദ്യം ആകണം പകുതിയോടടുത്ത് സ്ഥാനാർഥികൾ വനിതകൾ ആകുന്നത്..അനുകരണീയമായ മാതൃക.....മമതാ ബാനർജി..തൃണമൂൽ..ബംഗാൾ...
കൊൽക്കത്ത ചലച്ചിത്ര മേളയിൽ പങ്കെടുക്കുമ്പോൾ നിരവധി തവണ മമതാ ബാനർജിയെ കണ്ടിട്ടുണ്ട്. കൊൽക്കത്ത ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തിനും സമാപനത്തിനും മാത്രം സ്റ്റേജിൽ വന്നു പ്രസംഗിച്ചു പോകുന്ന മുഖ്യമന്ത്രി ആയല്ല , മറിച്ച് മിക്കവാറും ദിവസങ്ങളിൽ മമത ബാനർജി തിയറ്റർ സന്ദർശിക്കും. മേളയുടെ സംഘാടനം നേരിട്ട് വിലയിരുത്തും. വൈകുന്നേരങ്ങളിൽ അതിഥികൾക്കായുള്ള വിരുന്നുകളിൽ നേരിട്ടെത്തി ഓരോ അതിഥികളുടെയും അടുത്തെത്തി വ്യക്തിപരമായി തന്നെ അവരെ പരിചയപ്പെടും. അവരുടെ സിനിമകളെപ്പറ്റി ചോദിച്ചറിയും .ജനങ്ങളിൽ നിന്നകന്നു നിൽക്കുന്ന ഒരു ഭരണാധികാരി ആയി മമതാ ബാനർജിയെ ഒരിക്കലും കാണാനേ സാധിക്കില്ല. ഒരു പക്ഷെ അത് തന്നെയാകും മമത എന്ന ദീദിയുടെ ശക്തിയും വിജയവും. ഇതാ ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും ദീദി രാജ്യത്തിന് തന്നെ മാതൃക ആകുന്നു. സ്ഥാനാർഥി പട്ടികയിൽ 41 ശതമാനം സ്ത്രീകളെ നിശ്ചയിക്കുക എന്ന വിപ്ലവകരമായ സാമൂഹിക മാറ്റത്തിന് തുടക്കം കുറിച്ചു കൊണ്ട്...'- ബിജു കുറിച്ചു.
advertisement
മമതാബാനർജിയുടെ തീരുമാനത്തെ പ്രകീർത്തിച്ച് സോഷ്യൽമീഡിയയിൽ നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലാണ് തൃണമൂൽ മത്സരിക്കുന്നത്. സ്ത്രീകൾക്കായി 40.5 സീറ്റുകൾ മാറ്റിവെച്ചത് അഭിമാനകരമായ നിമിഷമാണെന്ന് പ്രഖ്യാപനം നടത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അഞ്ച് സിറ്റിങ് എം.പിമാർ വിവിധ കാരണങ്ങളാൽ ഇത്തവണ മത്സരിക്കില്ലെന്ന് മമത ബാനർജി അറിയിച്ചു. ചലച്ചിത്ര താരങ്ങളായ നുസ്രത് ജഹാനും മിമി ചക്രബർത്തിയും തൃണമൂൽ സ്ഥാനാർത്ഥികളായി മത്സരിക്കും. ബംഗാളിന് പുറമെ ഒഡീഷ, അസം, ജാർഖണ്ഡ്, ബീഹാർ, ആൻഡമാൻ എന്നിവിടങ്ങളിലെ ചില സീറ്റുകളിലും തൃണമൂൽ മത്സരിക്കുമെന്ന് മമത പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2019 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനിതകൾക്ക് 41 ശതമാനം സീറ്റ് : മമതയെ അഭിനന്ദിച്ച് ബൽറാം, വിപ്ലവകരമെന്ന് ഡോ. ബിജു