ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നു
കോട്ടയം: ഭാര്യ ജെസിയെ (49) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് സാം കെ. ജോർജിനെ (59) അറസ്റ്റ് ചെയ്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ സാമുമായി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകത്തിന് ഉപയോഗിച്ച കാറും മറ്റ് തെളിവുകളും കണ്ടെത്തിയത്.
കോട്ടയം ശാസ്ത്രി റോഡിലെ ഒരു ബാങ്കിൻ്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് സാം മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തിയത്. കാറിനുള്ളിൽ നിന്ന് ഒരു വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സാം കെ. ജോർജിന് മറ്റു സ്ത്രീകളുമായുള്ള ബന്ധം ജെസി ചോദ്യം ചെയ്തതും, സ്വത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ വിധി പ്രതികൂലമാകുമെന്ന ഭയവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ നിഗമനം.
കൊലപാതകത്തിന് 10 ദിവസം മുൻപ് സാം ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളത്തെ വ്യൂപോയിൻ്റിൽ എത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് വ്യൂപോയിൻ്റിൻ്റെ ഫോട്ടോകളും പൊലീസ് കണ്ടെടുത്തു.
advertisement
കൊല്ലപ്പെട്ട ജെസിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് 60 കിലോമീറ്ററിലധികം അകലെ ചെപ്പുകുളം വ്യൂപോയിൻ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കൊക്കയിൽ തള്ളിയ ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് ബസ് കയറി ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടക്കുകയായിരുന്നു. ട്രാവൽ ഗൈഡ് കൂടിയാണ് സാം. കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ട് ഇറാനിയൻ യുവതിയെ വിട്ടയച്ചതായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.
advertisement
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ജെസിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. മൃതദേഹ ഭാഗങ്ങൾ രാസ–ഡിഎൻഎ പരിശോധനകൾക്കായി ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. ജെസിയുടെ സംസ്കാരം ജന്മനാടായ കൈപ്പട്ടൂരിൽ നടക്കും.
ജെസിക്കും ഇളയ മകൻ സാന്റോയ്ക്കും ജീവനാംശം നൽകണമെന്ന് പാലാ അഡിഷനൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2018-ൽ വിധിച്ചിരുന്നു. ഗാർഹിക പീഡന നിരോധന നിയമം ചൂണ്ടിക്കാട്ടിയുള്ള ഈ ഉത്തരവുപ്രകാരം 3.10 ലക്ഷം രൂപ സാം ജെസിക്ക് നൽകാനുണ്ട്.
ജീവനാംശം നൽകാത്തതിനെതിരായ പരാതിയിൽ കോടതി ഉത്തരവ് ഉടനുണ്ടാകാനിരിക്കുകയായിരുന്നു. കൂടാതെ, ജെസിയും മക്കളും വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് 2024-ൽ സാം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ അവസാനഘട്ട മധ്യസ്ഥ ചർച്ചകൾക്കായി ഈ മാസം 30-ന് ഇരുവരും എത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ഭയം കൊലപാതകത്തിന് ഒരു കാരണമായി പൊലീസ് കണക്കാക്കുന്നു.
Location :
Kottayam,Kerala
First Published :
October 05, 2025 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ കൊന്നതിന് ശേഷം ദസറ ആഘോഷിക്കാൻ ഇറാനിയൻ യുവതിയുമൊത്ത് മൈസൂരുവിലേക്ക് പോയ ഭർത്താവ്