കണ്ണൂർ: കൊറോണ വാർഡിൽ നിന്ന് ഒരു കുട്ടി കണ്ണൂർ കളക്ടർക്ക് അയച്ച കത്ത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. കുട്ടിയുടെ പേരും മറ്റു വിവരങ്ങളും മറച്ചു പിടിച്ചുകൊണ്ട് കളക്ടർ ടി.വി സുഭാഷ് തന്നെയാണ് കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ചെറുവാഞ്ചേരിയിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ച വീട്ടിലെ കുട്ടിയാണ് കണ്ണൂർ കളക്ടർ ടി.വി സുഭാഷിന് കത്തയച്ചത്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും തന്നോട് നല്ല സ്നേഹം ഉള്ളവരാണെന്ന് കുട്ടി കത്തിൽ പറയുന്നു.
"ഗെയിം കളിച്ചും ചിത്രം വരച്ചുമാണ് ഞാൻ ഇവിടെ കഴിയുന്നത്. ഇന്നലെ എന്റെ ഒരു ടെസ്റ്റ് കഴിഞ്ഞു. നാളെയാണ് അതിന്റെ റിസൾട്ട്. തുടർച്ചയായി രണ്ടു നെഗറ്റീവ് ആയാൽ മാത്രമാണ് ഇവിടെ നിന്നും പോകാൻ പറ്റുക എന്നാണ് ഡോക്ടർ പറഞ്ഞത്. ദൈവം അതിന് സാധിപ്പിക്കട്ടെ, എന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
കൂട്ടുകാർക്കൊപ്പം കളിച്ചു രസിക്കേണ്ട ഒരു അവധിക്കാലം നഷ്ടമായതിന്റെ നൊമ്പരം മുഴുവൻ അവന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം.
രോഗബാധിതരായവർ പ്രത്യേകിച്ച് കുട്ടികൾ സമൂഹത്തിന്റെ സ്നേഹവും കരുതലും വല്ലാതെ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കാൻ കൂടിയാകണം കണ്ണൂർ കളക്ടർ ഈ കത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.