രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് പകല്‍ ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി
കൊല്ലം: ക്ലാസ്മുറിയിലെ ഡസ്‌കില്‍ തലവച്ച് കിടന്ന പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. സംഭവത്തില്‍ തലയ്ക്ക് മരവിപ്പും പനിയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്.
സംഭവത്തിന്റെ തലേദിവസം രാത്രി മുഴുവന്‍ ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയി. ക്ലാസിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
തലയ്ക്ക് തരിപ്പും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകിട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. ഇതോടെ ഭയന്ന പെണ്‍കുട്ടി അധ്യാപിക ഉപദ്രവിച്ച കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തലയ്ക്കകത്ത് രക്തസ്രാവമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നാല് ദിവസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. ഛർദിക്കുകയാണെങ്കിൽ സ്കാൻ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
September 17, 2025 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാത്രി ഹൃദ്രോഗിയായ അമ്മയെ ശുശ്രൂഷിച്ച് പകല്‍ ക്ലാസ് മുറിയിലുറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി