കോട്ടയം: കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ചക്രത്തിനിടയിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 5.30 ന് എം സി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം. ചക്രത്തിനിടയിൽ കുടുങ്ങിയ യുവതിയുടെ മുടി ഉടൻ തന്നെ സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്.
Also read-വരന്‍റെ ആളുകൾ വധുവിന്‍റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കോഴിക്കോട് വിവാഹവീട്ടിൽ കൂട്ടത്തല്ല്
സ്കൂൾ ബസിൽ നിന്ന് കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ടതിനു ശേഷം തിരികെ പോകുകയായിരുന്ന അമ്പിളി, കെ എസ് ആർ ടി സി ബസ് വരുന്നതുകണ്ട് ഓടി കാൽ വഴുതി അടിയിലേക്കു വീഴുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. ഡ്രൈവർ വണ്ടി വെട്ടിച്ച് നിർത്തിയതിനാൽ ബസ് തലയിൽ കയറാതെ അമ്പിളി രക്ഷപ്പെട്ടു.
എന്നാൽ, മുടി ടയറിന്റെ ഇടയിൽ കുടുങ്ങി. സമീപത്ത് തട്ടുകട നടത്തുന്ന കൃഷ്ണൻ ഓടിയെത്തി കത്തി കൊണ്ട് മുടി മുറിച്ച് അമ്പിളിയെ പുറത്തെടുക്കുകയായിരുന്നു. തലയിൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു അമ്പിളി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.