കൊച്ചി: തിരുവനന്തപുരം
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി
കെ ടി ജലീലിനെ
എന്‍ഐഎ ചോദ്യം ചെയ്തു. ആറു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകിട്ടാണ് മന്ത്രി മടങ്ങിയത്. പൂര്‍ണ സന്തോഷവാനാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ജലീല്‍ ന്യൂസ് 18 നോട് പ്രതികരിച്ചു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധമുള്ളവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. സ്വകാര്യ വാഹനത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് ശേഷമാണ് കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനുള്ള നീക്കം ക്യാമറക്കണ്ണില്‍ കുടുങ്ങിയതോടെ പൊളിഞ്ഞു.
രാവിലെ 9.30 ഓടെ ചോദ്യം ചെയ്യല്‍ തുടങ്ങിയത്. നയതന്ത്ര ചാനലിലൂടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങള്‍ എത്തിയതും അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതുമാണ് പ്രധാനമായും ചോദിച്ചത്. പ്രോട്ടോകോള്‍ ലംഘനം മന്ത്രിയുടെ അറിവോടെയായിരുന്നുവോ എന്നും ഉദ്യോഗസ്ഥര്‍ ആരാഞ്ഞു.
സ്വപ്ന സുരേഷുമായുള്ള ടെലഫോണ്‍ സംഭാഷണങ്ങളും ബന്ധവും എന്‍ഐഎ ചോദിച്ചറിഞ്ഞു.
റമദാന് കിറ്റ് വിതരണവും മതഗ്രന്ഥങ്ങള്‍ വാങ്ങിയതും സാധാരണ നടക്കാറുള്ളതാണെന്നും അനുമതി വേണമെന്നറിയില്ലെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രമാണെന്നും മന്ത്രി മറുപടി നല്കി. ആരോപണങ്ങള്‍ക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമെ ആയുസുള്ളൂവെന്ന് ചോദ്യം ചെയ്യലിനിടെ ജലീല്‍ വാട്സ്അപ്പിലൂടെ ന്യൂസ് 18 കേരളത്തെ അറിയിച്ചു.
ലോകം മുഴുവന്‍ എതിര്‍ത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ലെന്നും ജലീല്‍ പ്രതികരിച്ചു. 4 മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പൂര്‍ണ സന്തോഷവാനാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു ഈ സമയം ജലീലിന്റെ പ്രതികരണം. 5 മണിയോടെയാണ് കനത്ത പൊലീസ് സുരക്ഷയില്‍ ജലീല്‍ എന്‍ഐഎ ഓഫീസില്‍ നിന്നും ഇറങ്ങിയത്. എന്‍ ഐ എ ഓഫീസിന് അരകിലോമീറ്റര്‍ അകലെ മറ്റൊരു വണ്ടിയില്‍ ജലീല്‍ മാറിക്കയറി.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിലടക്കംമന്ത്രിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി വീശി. രാവിലെ മുതല്‍ എന്‍ഐഎ ഓഫീസ് പരിസരം മുഴുവന്‍ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ചോദ്യം ചെയ്യാന്‍ അല്ല, സാക്ഷിയായി മൊഴിയെടുക്കാനാണ് എന്‍ ഐഎ വിളിപ്പിച്ചത് എന്ന് ജലീല്‍ ന്യൂസ് 18 നോട് പറഞ്ഞു. എന്‍ഐഎ സെക്ഷന്‍ 16,17, 18 പ്രകാരമാണ് വിളിപ്പിച്ചത്. പ്രതികളുടെ മൊഴികളിലെ പരാമര്‍ശങ്ങള്‍ വെരിഫൈ ചെയ്യുകയായിരുന്നു ലക്ഷ്യം. ഖുര്‍ആന്‍ വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും ജലീല്‍ പറഞ്ഞു.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ളവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്ന് എന്‍ഐഎ അറിയിച്ചു. കേസില്‍ ജലീലിന് ബന്ധമുണ്ട് എന്ന് തന്നെയാണ് സംശയിക്കുന്നത്. അതുകൊണ്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും ജലീലിനെ സാക്ഷിയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഐഎ അറിയിച്ചു. ഇത് പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.