തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകർഷിക്കുന്നത്. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ് ഈ സംഭവം. മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് വിവാദത്തിന് അടിസ്ഥാനം. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ നീക്കുകയും ചെയ്തു കഴിഞ്ഞു. ആരാണ് സ്വപ്ന?സ്വപ്ന സുരേഷ് ജനിച്ചത് അബുദാബിയിലാണ്. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെ. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായി. പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ്. സാമ്പത്തിക ബാധ്യത അധികരിച്ചതോടെ ബിസിനസ് പൊളിഞ്ഞ് മകളുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയായി.
സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായി എന്താണ് ബന്ധം?സ്വപ്ന സുരേഷിന്റെ ഫോട്ടോയും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളും വ്യാജ സന്ദേശങ്ങളുമാണ് പ്രചരിച്ചത്. സ്വപ്നയുടെ സ്വദേശത്തു നിന്നും പല തവണ എം എൽ എ ആയ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുൻ നിര നേതാക്കളിൽ ഒരാളായ തമ്പാനൂർ രവിയുടെ മരുമകളെന്ന നിലയിലായിരുന്നു പ്രചരിപ്പിച്ചത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും തമ്പാനൂർ രവി ഫേസ്ബുക്കിൽ വ്യക്തമാക്കി .
ജോലിയ്ക്ക് ഉമ്മൻ ചാണ്ടി സഹായിച്ചോ ?യു ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തെ കോൺസുലേറ്റിൽ ജോലി നേടിയത് എന്നതാണ് അടുത്ത ആരോപണം. ന്യൂഡൽഹിയിലെ എംബസി, മുംബൈയിലെ കോൺസുലേറ്റ് എന്നിവയ്ക്കു ശേഷം യു എ ഇയുടെ ഇന്ത്യയിലെ മൂന്നാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും നയതന്ത്ര ഓഫീസായിരുന്നു ഇത്. എന്നാൽ തിരുവനന്തപുരം മണക്കാട് ഒരു കെട്ടിടത്തിൽ യു എ ഇ കോൺസുലേറ്റ് 2016 ഒക്ടോബർ 20 നാണ് ആരംഭിച്ചത്. ഗവർണർ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. (photo- WAM)
സ്വപ്നയുടെ വളർച്ചബിരുദം മാത്രമുണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി. ആദ്യം ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി. രണ്ടുവർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിൽ ജോലിയിൽ കയറിയത്. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായത്.
വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനമുണ്ടാക്കാൻ സ്വപ്നക്കായി. കഴിഞ്ഞവർഷം യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെത്തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
ഐടി വകുപ്പിലെ ജോലികോൺസുലേറ്റിലെ ജോലി ഇല്ലാതായി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇത് ആറുമാസം കരാർ ആയിരുന്നു എന്നാണ് ഐ ടി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി ചെയ്തത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.
TRENDING: M Shivshankar| സ്വർണക്കടത്ത് വിവാദം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം ശിവശങ്കറിനെ നീക്കി [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിലെ ഓഫീസർ എൽഎസ് സിബുവിനെ കള്ളക്കേസിൽ കുടുക്കിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. സിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയർ ഇന്ത്യ അന്വേഷണ സമിതിക്ക് മുൻപിൽ വ്യാജപ്പേരിൽ പെൺകുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കഴിഞ്ഞ മാസം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ എത്തിയില്ല. ചോദ്യം ചെയ്യൽ സമയത്തൊന്നും ഇവർ ഐടി വകുപ്പിൽ ജോലി ചെയ്യുന്ന വിവരം ക്രൈംബ്രാഞ്ചിനെയും അറിയിച്ചിരുന്നില്ല.
ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തി. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം കിട്ടി. ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നു. ഐടി വകുപ്പിന് കീഴിലെ കെ ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.
ഇറങ്ങിയിട്ടും തുടരുന്ന ബന്ധം2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന യു എ ഇ യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്.
നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യംകോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.