'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4 ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച വരാനിരിക്കെ വൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിനുശേഷം അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4 ശതമാനം നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
പ്രധാന പ്രഖ്യാപനങ്ങൾ
- സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എ.എ.വൈ (മഞ്ഞക്കാർഡ്), പി.എച്ച്.എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവിടുക.
- യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്- വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സ്റ്റൈപെന്റ് / സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 600 കോടി രൂപ ഈ പദ്ധതിക്കായി നീക്കിവെക്കുന്നത്.
- കുടുംബശ്രീ എ.ഡി.എസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്- കേരളത്തിലെ എല്ലാ വാർഡിലും പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാൻറ് ആയി പ്രതിമാസം 1,000 രൂപ നൽകും. 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.
- സാമൂഹ്യ സുരക്ഷ പെൻഷനുകൾ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്-അവശ കലാകാര പെൻഷനുകൾ 2,000 രൂപയായി വർദ്ധിപ്പിച്ചു. പ്രതിവർഷം ഏകദേശം 13,000 കോടി രൂപയാണ് ഈ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ നീക്കിവെക്കുന്നത്.
- സംസ്ഥാന സർക്കാർ ജീവനക്കാർ/ അധ്യാപകർ/ പെൻഷൻകാർ എന്നിവർക്ക് ഈ സാമ്പത്തിക വർഷം തന്നെ ഒരു ഗഡു ഡി.എ - ഡിആർ കൂടി അനുവദിക്കും. മുൻ ഗഡുക്കളിൽ 2%, 3% ആണ് അനുവദിച്ചിരുന്നതെങ്കിൽ ഇത്തവണ അത് 4% ആയി നവംബർ മാസത്തിൽ വിതരണം ചെയ്യുന്ന ശമ്പളം/പെന്ഷനോടൊപ്പം നൽകും.
- സംസ്ഥാന സർക്കാർ ജീവനക്കാരുടെ തിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയുടെ മൂന്നും നാലും ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. 2026 ഏപ്രിൽ 1 നു ശേഷം ഈ കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുന്നതാണ്. പി.എഫ് ഇല്ലാത്തവർക്ക് പണമായി 2026 ഏപ്രിൽ 1 നു ശേഷം നൽകും.
- അംഗനവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിച്ചു. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
- ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. 26,125 പേർക്കാണ് ഇതിൻറെ പ്രയോജനം ലഭിക്കുക. ഈ ഇനത്തിലെ പ്രതിവർഷം 250 കോടി രൂപയാണ് ചെലവാകുക. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
- സാക്ഷരതാ പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം / നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർദ്ധിപ്പിക്കും. പ്രതിവർഷം 5.5 കോടി രൂപയാണ് അധികമായിചെലവാകുക. ഇതുവരെയുള്ള കുടിശികയും നൽകും.
- സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത് . ഇവരുടെ പ്രതിദിന കൂലി വർദ്ധിപ്പിക്കും 1100 രൂപയുടെ വർദ്ധനയാണ് പ്രതിമാസം ഉണ്ടാകുക. പ്രതിവർഷം 16 കോടി രൂപയാണ് അധികമായി ചെലവ് വരുക.
- പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർദ്ധിപ്പിക്കുന്നു. ഈ ഇനത്തിലെ പ്രതിവർഷം 5.72 കോടി രൂപയാണ് അധികമായി ചെലവ് വരുക.
- ഗസ്റ്റ് ലക്ച്ചറർമാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വർദ്ധിപ്പിക്കും. ഈ ഇനത്തിലെ പ്രതിവർഷം 2.07 കോടി രൂപയാണ് ചെലവ് വരിക.
- റബ്ബർ ഉൽപാദന ഇൻസെൻറീവ് പദ്ധതി പ്രകാരം റബ്ബർ കർഷകർക്ക് നൽകി വരുന്ന റബ്ബറിൻറെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും.
- ഈ പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
- കേരള നിർമ്മാണ തൊഴിലാളിക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ പെൻഷൻ കുടിശ്ശിക കൊടുത്തുതിർക്കും.
- പട്ടികജാതിവിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധികധനസഹായം, 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് സംസ്ഥാനവിഹിതം 18.20 കോടിരൂപ ഒറ്റത്തവണയായും അധികധനസഹായമായി 220.25 കോടിരൂപയും അനുവദിക്കും
- പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടിരൂപ ഒറ്റത്തവണയായി അനുവദിക്കും.
- മത്സ്യതൊഴിലാളി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടിരൂപ അനുവദിക്കും.
advertisement
Summary: With the announcement of the local body elections expected next week, the State Government has come out with major declarations. Chief Minister Pinarayi Vijayan announced after the Cabinet meeting that the Social Welfare Pension has been increased from ₹1,600 to ₹2,000. The Chief Minister also stated that one installment of the Dearness Allowance (DA) arrears due to state government employees and pensioners, amounting to 4 percent, will be disbursed along with the November salary.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 29, 2025 5:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന


