സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്സ്പോട്ടുകൾ; പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഹോട്ട്‌സ്‌പോട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവ് നായകള്‍ ഉണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 170 പ്രദേശങ്ങളെ മൃഗസംരക്ഷണ വകുപ്പ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. നായകളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്‌സ്പോട്ട് തെരഞ്ഞെടുത്തിരിക്കുന്നത്.
കടിയേറ്റ് ചികിത്സക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതില്‍ കൂടുതലോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട്‌സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജില്ലയില്‍ നിന്ന് 28 പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 17 ഇടങ്ങളില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറില്‍ കൂടുതലാണ്.
advertisement
പാലക്കാടാണ് പട്ടികയില്‍ രണ്ടാമത്. 26 ഹോട്ട്‌സ്പോട്ടുകളാണ് ജില്ലയിലുള്ളത്. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നിന്ന് മാത്രം 641 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയാണ്.
അടൂര്‍, അരൂര്‍, പെര്‍ള തുടങ്ങിയ സ്ഥലങ്ങളില്‍ 300ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലാണ് ഏറ്റവും കുറവ് ഹോട്ട്സ്പോട്ടുള്ളത്. ഒരു മേഖല മാത്രമാണ് ജില്ലയില്‍ നിന്ന് ഈ വിഭാഗത്തില്‍ പെട്ടിരിക്കുന്നത്.
വീട്ടിലെ കിടപ്പുമുറിയിൽ കയറി യുവതിയെ നായ കടിച്ചു; പേവിഷബാധയുണ്ടെന്ന് സംശയം
advertisement
തിരുവനന്തപുരം: നായ ശല്യം തെരുവില്‍ മാത്രമല്ല, വീട്ടിലുള്ളിലേക്കും വ്യാപിക്കുന്നു. വീട്ടിലെ കിടപ്പുമുറയില്‍ കയറി യുവതിയെ നായ കടിച്ചു. കല്ലറ കുറ്റിമൂട് തിരുവമ്പാടിയില്‍ ദിനേശിന്റെ മകള്‍ അഭയക്കാണ് (18) നായുടെ കടിയേറ്റത്.
വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തുറന്നു കിടന്ന മുന്‍വാതിലിലൂടെ അകത്തു കടന്ന നായ കിടപ്പുമുറിയില്‍ കയറി അഭയയെ കടിക്കുകയായിരുന്നു. തുടര്‍ന്ന് അഭയയുടെ നിലവിളി കേട്ടെത്തിയ അച്ഛനും മറ്റുള്ളവരും ചേര്‍ന്ന് നായയെ ആട്ടിയോടിച്ചു.
വീട്ടില്‍നിന്ന് രക്ഷപ്പെട്ട നായ അടുത്തുള്ള മൂന്ന് വീടുകള്‍ക്കുള്ളിലും ഓടിക്കയറി. ഇതോടെ നായക്ക് പേവിഷബാധയുണ്ടെന്നുള്ള സംശയം ബലപ്പെട്ടിരിക്കുകയാണ്. അഭയ ആശുപത്രിയില്‍ ചികിത്സ തേടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2022 9:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് 170 തെരുവുനായ ഹോട്ട്സ്പോട്ടുകൾ; പത്തിലധികം പേർക്ക് പട്ടിയുടെ കടിയേറ്റാൽ ആ മേഖല ഹോട്ട്സ്പോട്ട്