'ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എന്താണ് മിണ്ടാത്തത്?'
- Published by:Rajesh V
- news18-malayalam
Last Updated:
സീറോ മലബാർ സഭയ്ക്ക് കീഴിലെ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നുത്.
കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ (Nun Rape case) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Bishop Franco Mulakkal) വെറുതെ വിട്ടുകൊണ്ട് രണ്ടാഴ്ച മുമ്പാണ് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ വിധി പുറപ്പെടുവിച്ചത്. ഈ വിധി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കത്തോലിക്കാസഭയിലെ ഒരു ബിഷപ്പ് തീവ്രവാദ കേസിനെ താരതമ്യം ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പുറത്തിറക്കിയപ്പോൾ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത് എന്ന് സീറോ മലബാർ സഭയ്ക്ക് കീഴിലെ ചെങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ചങ്ങനാശ്ശേരി സഹായമെത്രാൻ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിൽ തടിയന്റ വിടെ നസീർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട സംഭവം ചൂണ്ടിക്കാട്ടി കൊണ്ടാണ് ബിഷപ്പ് തോമസ് തറയിൽ വിമർശനം ഉന്നയിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടപ്പോൾ നിരവധിപേരാണ് കോടതിവിധിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രംഗത്തുവന്നത്. എന്നാൽ അതിലും പ്രധാനപ്പെട്ട ഒരു തീവ്രവാദ കേസിലെ പ്രതിയെ വെറുതെ വിടുമ്പോൾ ജഡ്ജിമാരെ വിമർശിച്ചിട്ടില്ലെന്നും ഒരു ചർച്ചയും ആരും നടത്തിയില്ല എന്ന് തോമസ് തറയിൽ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങൾക്കും സാംസ്കാരിക നായകൻമാർക്കും ബുദ്ധിജീവികൾക്കും മുൻ ജഡ്ജിമാർക്കും എതിരെയാണ് തോമസ് തറയിൽ നിലപാട് വ്യക്തമാക്കുന്നത്.
advertisement
തോമസ് തറയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ-
ഇന്നലെ പ്രമാദമായൊരു കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമർശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമർശിച്ചു കൊണ്ടോ ഒരു ചർച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു. മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുൻ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമർശിച്ചു ചാനലുകളിൽ നിറഞ്ഞു.
advertisement
ക്രിസ്ത്യാനികൾക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ഇവിടെ തൽപരകക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകൾക്കും തോന്നിപ്പിക്കലുകൾക്കുമാണ് മാറുന്ന കാലത്തു കൂടുതൽ മാർക്കറ്റ്. സത്യമേവ ജയതേ!
advertisement
കത്തോലിക്കാസഭാ വിശ്വാസികളിൽ നിന്ന് വലിയ പിന്തുണയാണ് ബിഷപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ നിരവധി കമന്റുകൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു കഴിഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട സംഭവത്തിൽ ഇതുവരെ കത്തോലിക്കാ സഭാനേതൃത്വം പരസ്യ പ്രതികരണം നടത്തിയൊരുന്നില്ല. അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജയിലിൽ കിടന്ന സമയത്ത് വലിയ പിന്തുണയുമായി നിരവധി ബിഷപ്പുമാർ ജയിലിൽ എത്തിയിരുന്നു. ഏതായാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സംഭവത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്ന സംഭവം കൂടിയായി മാറുകയാണ് ബിഷപ്പ് തോമസ് തറയിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2022 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ കോടതിയെ വിമർശിച്ചവരൊക്കെ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എന്താണ് മിണ്ടാത്തത്?'