ഈദ് ആഘോഷത്തിന് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത പ്രമേയം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നാട്ടിലെത്താൻ നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ലെന്നും സമസ്ത
രണ്ട് പെരുന്നാളുകൾക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത നൂറാം വാർഷിക സമ്മേളന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്‌റിനും ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹയ്ക്കും(ബലി പെരുന്നാള്‍) നിലവിൽ നൽകുന്ന അവധി അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും പുറമെ, ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നാട്ടിലെത്താൻ നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.
ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്കായി ദീർഘമായ അവധി നൽകുന്ന മാതൃക പരിഗണിച്ച് കേരളത്തിലും മൂന്ന് ദിവസത്തെ അവധി നൽകാൻ സർക്കാർ തയ്യാറാകണം. ചന്ദ്രദർശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം അവധി കൃത്യമായി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാൻ പെരുന്നാളിന് മുമ്പും ശേഷവുമുള്ള ദിവസങ്ങൾ കൂടി ഉൾപ്പെടുത്തി അവധി കലണ്ടർ പരിഷ്കരിക്കണമെന്നും സമസ്ത സർക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരത്തിന് തടസ്സമാകാത്ത രീതിയിൽ പരീക്ഷാ സമയം നിശ്ചയിക്കണമെന്ന ആവശ്യവും സമസ്ത മുന്നോട്ടുവെച്ചു. ജുമുഅ സമയത്ത് പരീക്ഷകളും ക്ലാസുകളും നടത്തുന്നത് വിശ്വാസികളായ വിദ്യാർത്ഥികളോടും അധ്യാപകരോടുമുള്ള അനീതിയാണ്. പൊതുവിദ്യാഭ്യാസ കലണ്ടറിൽ സാമുദായിക സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്നും മദ്രസാ സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചു കൊണ്ട് അടിയന്തരമായി ഉത്തരവിറക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
Feb 08, 2026 7:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഈദ് ആഘോഷത്തിന് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണം: സമസ്ത പ്രമേയം






