കോളേജ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ അധ്യാപകനെ കാലിക്കറ്റ് പരീക്ഷാ കൺട്രോളറാക്കാൻ സിൻഡിക്കേറ്റ് തീരുമാനം
- Published by:user_57
- news18-malayalam
Last Updated:
പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനാണ് ഇദ്ദേഹം
കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ കൺട്രോളറാക്കാൻ കാലിക്കറ്റ് സർവ്വകലാശാല (University of Calicut) സിൻഡിക്കേറ്റിൽ (University of Calicut syndicate) തീരുമാനം. പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടർന്ന് പഞ്ചാബ് സ്വദേശിയായ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലായിരിക്കേ ആരോപണ വിധേയനായ ഗോഡ്‌വിൻ സാമ്രാജിനാണ് പുതിയ ചുമതല. ഇടത് അധ്യാപക യൂണിയൻ നേതാവാണ് ഗോഡ്‌വിൻ.
അന്ന് കോളജ് പ്രിൻസിപ്പലായിരുന്ന ഗോഡ്‌വിന്റെ കാലുപിടിച്ചപേക്ഷിച്ചിട്ടും കനിഞ്ഞില്ലെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ജസ്പ്രീത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഗോഡ്‌വിനെതിരെ ഉയർന്നത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നൽകിയിട്ടും ഹാജര്‍ അനുവദിച്ചില്ല. സംസ്കാരച്ചടങ്ങില്‍ അധ്യാപകരാരും പങ്കെടുത്തില്ല, പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഒന്നും ഉണ്ടായില്ല.
2020 മാർച്ചിലാണ് കോൺവന്റ് റോഡിലെ സീഗൾ അപാർട്ട്മെന്റിൽ ജസ്പ്രീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ഇക്കണോമിക്സ് വിദ്യാർഥിയായ ജസ്പ്രീതിന് ഏഴ് ശതമാനം ഹാജര്‍ കുറവാണെന്ന് കാട്ടി പരീക്ഷയെഴുതാന്‍ കോളേജ് അനുവദിച്ചിരുന്നില്ല. ഹാജറിന്‍റെ പേരില്‍ കോളേജ് പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. രക്ഷിതാക്കളെ കൂട്ടി വന്നപ്പോഴും ജസ്പ്രീത് സിങ്ങിനോട് കോളേജ് അധികൃതര്‍ മോശമായി പെരുമാറി. ഇതാണ് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത് എന്നാണ് ആക്ഷേപം.
advertisement
പഞ്ചാബ് സ്വദേശിയായ ജസ്പ്രീതും കുടുംബവും പത്തുവർഷമായി കോഴിക്കോടാണ് താമസം. നഗരത്തിൽ പഞ്ചാബി റസ്റ്ററന്റ് നടത്തുകയാണ് ജസ്പ്രിതിന്റെ അച്ഛൻ മൻമോഹൻ. ജസ്പ്രീതിന്റെ മരണത്തിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോളേജ് അധികൃതർക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി കോളേജ് അധികൃതരിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.
ജസ്പ്രീത് സിങ് മോഹിതിന് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചത് സർവകലാശാല ചട്ടം അനുസരിച്ചുള്ള സ്വാഭാവിക നടപടിക്രമമാണെന്ന് മലബാർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പലായിരുന്ന ഗോഡ്‌വിൻ അന്ന് വ്യക്തമാക്കിയിരുന്നു. പരീക്ഷ എഴുതാനായി ഓരോ സെമസ്റ്ററിലും 75% ഹാജർ ആവശ്യമാണ്. ഹാജർ കുറവുള്ളവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി പിഴയടച്ച് പരീക്ഷയെഴുതാം. എന്നാൽ ആറു സെമസ്റ്ററിൽ രണ്ടുവട്ടമേ ഈ ഇളവ് ലഭിക്കൂ. ജസ്പ്രീതിന് മുൻപ് രണ്ടു വട്ടം ഈ അവസരം ലഭിച്ചതിനാലാണ് ആറാം സെമസ്റ്ററിൽ ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്. ജസ്പ്രീത് ഉൾപ്പെടെ 15 വിദ്യാർഥികൾക്കാണ് ആറാം സെമസ്റ്ററിൽ ഹാജർ കുറവായതിനാൽ പരീക്ഷ എഴുതാനുള്ള അനുമതി നൽകാതിരുന്നതെന്നുമായിരുന്നു പ്രിൻസിപ്പലിൻറെ നിലപാട്.
advertisement
അതേസമയം, ആത്മഹത്യക്ക് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണത്തിന് കോളേജ് നിർദ്ദേശം നല്‍കിയിരുന്നു. വീഴ്ച്ച കാലിക്കറ്റ് സര്‍വകലാശാലയുടേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രിന്‍സിപ്പല്‍ നടത്തിയതെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഗോഡ്‌വിനെ പരീക്ഷാ കൺട്രോളറായി സിൻഡിക്കേറ്റ് തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 29, 2022 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോളേജ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയനായ അധ്യാപകനെ കാലിക്കറ്റ് പരീക്ഷാ കൺട്രോളറാക്കാൻ സിൻഡിക്കേറ്റ് തീരുമാനം