Suspension| കോടികളുടെ അഴിമതി: കാപെക്സ് MD ആർ രാജേഷിന് സസ്പെൻഷൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.
തിരുവനന്തപുരം: കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപെക്‌സില്‍ (Capex) കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കാപെക്സ് എംഡി ആര്‍ രാജേഷിനെ (R Rajesh) സസ്‌പെന്‍ഡ് ചെയ്തു. കര്‍ഷകരില്‍ നിന്നും തോട്ടണ്ടി നേരിട്ട് സംഭരിക്കാനുള്ള ഉത്തരവ് അട്ടിമറിച്ച് വിദേശത്തുനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് കോടികള്‍ തട്ടിയെന്നാണ് കണ്ടെത്തല്‍.
കാപെക്‌സ് എം ഡി രാജേഷിനെ സ്ഥാനത്ത് നിന്നും മാറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നായിരുന്നു അഴിമതി അന്വേഷിച്ച സാമ്പത്തിക പരിശോധന വിഭാഗത്തിന്റെ ശുപാര്‍ശ. എന്നാല്‍, അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് അഴിമതിയുമായി ബന്ധപ്പെട്ട് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.
കേരളത്തിലെ കശുമാവ് കര്‍ഷകരില്‍ നിന്നും നേരിട്ട് തോട്ടണ്ടി സംഭരിക്കാന്‍ 2018ലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കര്‍ഷകരില്‍ നിന്നും വാങ്ങി എന്ന് രേഖയുണ്ടാക്കി വിദേശത്തുനിന്നും തമിഴ്‌നാട്ടിലെ തുറമുഖത്ത് ഇറക്കിയ കശുവണ്ടി വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2018ലും 2019ലും സമാനമായ ക്രമക്കേട് നടത്തിയിട്ടുണ്ട്.
advertisement
2018ല്‍ ഷിബു ടിസി എന്ന കര്‍ഷകനില്‍ നിന്നും തോട്ടണ്ടി വാങ്ങി എന്നാണ് രേഖയിലുള്ളത്. പക്ഷെ അതിനുള്ള പണം നല്‍കിയത് തെക്കും മറ്റത്തില്‍ എന്ന മറ്റൊരു സ്ഥാപനത്തിനാണ്. ഷിബു സംഭരിച്ചെന്ന പേരില്‍ നല്‍കിയത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത തോട്ടണ്ടിയാണ്. ഷിബു വയനാട്ടില്‍ ഭൂമി പാട്ടത്തിനെടുത്ത് കശുവണ്ടി കൃഷി ചെയ്തുവെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജരേഖകള്‍ എംഡിയുടെ ഒത്താശയോടെ സമര്‍പ്പിച്ചുവെന്നാണ് ധനവകുപ്പിന്റെ റിപ്പോര്‍ട്ട്.
advertisement
2019ലും കര്‍ഷകരില്‍ നിന്നും വാങ്ങാതെ മെഹ്ബാബൂ ട്രേഡിങ് കമ്പനിയില്‍ നിന്നും തോട്ടണ്ടി വാങ്ങി. രണ്ടു കോടി 9 ലക്ഷം രൂപയ്ക്കായിരുന്നു സംഭരണം. ഇതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് ബാക്കി നല്‍കാനുള്ള തുക നല്‍കരുതെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ.
അനധികൃത ഇടപാടിലൂടെ നഷ്ടമായ തുക എംഡിയില്‍ നിന്നും തിരിച്ചുപിടിക്കണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശുപാശയുണ്ട്. സാമ്പത്തിക ആരോപണത്തില്‍ രാജേഷ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷനിലാകുമ്പോള്‍ പകുതി ശമ്പളം ബത്തയായി നല്‍കാറുണ്ട്. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതിന് മുമ്പ് രാജേഷ് മുഴവന്‍ ശമ്പളവും എഴുതിയെടുത്തു. ഇതുവഴി നഷ്ടം വന്ന ഏഴു ലക്ഷം തിരിച്ചുപിടിക്കണമെന്നും ശുപാര്‍ശയുണ്ട്. സാമ്പത്തിക ക്രമക്കേടിന് കൂട്ടുനിന്ന അക്കൗണ്ട്‌സ് ഓഫീസര്‍ സജീവ് കുമാര്‍, കോമേഴ്‌സ്യല്‍ അസിസ്റ്റന്റ്, കൊമേഷ്‌സ്യല്‍ മനേജർ എന്നിവര്‍ക്കെതിരേയും വകുപ്പ് തല നടപടി വേണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
advertisement
കാപെക്സ് എം.ഡിയുടെ ചുമതല കാഷ്യൂ കോർപറേഷൻ ചെയർമാൻ രാജേഷ് രാമകൃഷ്ണന് നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 9:44 PM IST