'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിൽ'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
സര്‍ക്കാരിന്‍റേത് കോടതിയോടുള്ള അനാദരവാണെന്നും കോടതിയലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച്
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നിരാകരിച്ച സംഭവത്തിൽ സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരു തവണ കൂടി തെറ്റ് തിരുത്താൻ അവസരം നൽകിയതാണെന്നും എന്നിട്ടും പഴയ അവസ്ഥയിലാണ് സർക്കാരെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
സര്‍ക്കാരിന്‍റേത് കോടതിയോടുള്ള അനാദരവാണെന്നും കോടതിയലക്ഷ്യം വ്യക്തമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകാനുള്ള അധികാരം കോടതിക്ക് ലഭിക്കണമെന്നും ഇതിനായി നിയമഭേദഗതി ഉണ്ടാകണമെന്നും അഴിമതി അവസാനിക്കാനുള്ള പരിഹാരം അതുമാത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എം ഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകംപള്ളി സമർപ്പിച്ച ഹർജിയെത്തിയത്. കോടതിയലക്ഷ്യ ഹര്‍ജിയാണ് നൽകിയത്. ഈ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
advertisement
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച സർക്കാരിന്റെ ഒളിച്ചുകളിക്കെതിരെ ഹൈക്കോടതി നേരത്തെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. അഴിമതി നടന്നിട്ടില്ലെന്നും ഇരുപ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനുളള തെളിവുകൾ സിബിഐയുടെ പക്കൽ ഇല്ലെന്നുമാണ് സർക്കാർ നിലപാട്. ആരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
അഴിമതിക്കെതിരായ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന സർക്കാർ അഴിമതിക്കസിലെ പ്രതികളെ എന്തിനാണ് സംരക്ഷിക്കുന്നതെന്നായിരുന്നു നേരത്തെ സിംഗിൾ ബെഞ്ച് ചോദിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്ന സിബിഐ ആവശ്യം സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിക്കുകയാണെന്നും അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടതായിവരുമെന്നും നേരത്തെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 19, 2026 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെറ്റ് തിരുത്താൻ അവസരം നൽകിയതാണ്, എന്നിട്ടും പഴയ അവസ്ഥയിൽ'; 'കശുവണ്ടി അഴിമതിക്കേസി'ൽ സർക്കാരിനെതിരെ ഹൈക്കോടതി






