'ക്രൈസ്തവ സന്ന്യാസത്തെ അവഹേളിച്ചു';എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്
- Published by:Anuraj GR
- news18-malayalam
Last Updated:
രാജ്യത്ത് കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടതെന്നും കത്തോലിക്ക കോൺഗ്രസ്
കൊച്ചി: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രൈസ്തവ സന്ന്യാസത്തെ അവഹേളിച്ചുവെന്ന വിമർശനവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തി. എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അഭിപ്രായപ്പെട്ടു. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങള്‍ തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ചത് തെറ്റാണെന്നും ക്രൈസ്തവ സന്യാസത്തെ അവഹേളിക്കലാണെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
രാജ്യത്ത് കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഗോവിന്ദൻ ആശങ്കപ്പെടേണ്ടതെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ നാട്ടിൽത്തന്നെ വ്യാജ സർട്ടിഫിക്കറ്റുകളും, വ്യാജ നിയമനങ്ങളും അക്രമമാർഗങ്ങളുമൊക്കെ നടത്തി ഏറെനാൾ പിടിച്ചുനിൽക്കാനാവില്ല എന്ന സത്യം എം വി ഗോവിന്ദൻ മനസിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പരിഹസിച്ചു.
കഴിഞ്ഞ ദിവസം എം. വി ഗോവിന്ദൻ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇംഗ്ലണ്ടില്‍ നാട്ടുകാരായ വിശ്വാസികള്‍ പോകാതായതോടെ പള്ളികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നായിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞത്. ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴിൽ പോലെയായിരിക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി ഇംഗ്ലണ്ട് യാത്രാനുഭവങ്ങൾ പങ്കുവച്ചത്.
advertisement
ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ല. ഇതോടെയാണു പള്ളികൾ വിൽപനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാൽ, കേരളത്തിൽ നിന്നുള്ളവർ അവിടെ പള്ളികളിൽ പോകുന്നുണ്ടെന്നും അവിടെ ശമ്പളക്കൂടുതൽ ആവശ്യപ്പെട്ട് അച്ചൻമാർ സമരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് ഒരു പരിപാടിക്ക് കോൺഗ്രസ് പോകില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാലമത്രയും ഏക സിവിൽ കോഡിനെ അനുകൂലിക്കുകയാണ് സിപിഎം ചെയ്തത്. ഈ വിഷയം ഹിന്ദു-മുസ്ലിം തർക്കമായി വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സിപിഎമ്മിന്റെത്. ഇഎംഎസിന്റെയും നായനാരുടെയും നിലപാട് ശരിയാണോ എന്ന് വ്യക്തമാക്കിയിട്ട് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ വന്നാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 07, 2023 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്രൈസ്തവ സന്ന്യാസത്തെ അവഹേളിച്ചു';എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്