സജ്ജയ കുമാർ
കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിക്ക് സഹപാഠി നൽകിയ ശീതള പാനിയം കുടിച്ച് വിദ്യാർത്ഥി ഗുരുതരനിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കളിയിക്കാവിള മെതുകുമ്മൽ സ്വദേശി സുനിൽ - സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ (11) ആണ് ഗുരുതരനിലയിൽ ചികിത്സയിലിരിക്കുന്നത്. വിദ്യാർത്ഥി ഇപ്പോൾ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതംകോടിലുള്ള സ്വകാര്യ സ്കൂളിലാണ് അശ്വിൻ പഠിക്കുന്നത്. കഴിഞ്ഞ 24ന് പരീക്ഷ കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നു വീട്ടിലേയ്ക്ക് മടങ്ങാൻ നിൽക്കുന്നതിനിടെ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ബോട്ടിലിലുള്ള ശീതള പാനീയം കുടിക്കാൻവേണ്ടി അശ്വിന്റെ മുന്നിലേക്ക് നീട്ടി. അശ്വിൻ വാങ്ങി കുടിച്ച ശേഷം ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് രാത്രി ഛർദിയും ദേഹാസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടൻ ബന്ധുക്കൾ കളിയിക്കാവിളയിലും തുടർന്ന് അടുത്ത ദിവസം മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പരിശോധന നടത്തിയതിൽ ആസിഡ് പോലുള്ള ദ്രാവകം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ കളിയിക്കാവിള പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി രക്ഷകർത്താക്കളിൽ നിന്നും പരാതി സ്വീകരിച്ച ശേഷം നടത്തിയ അന്വേഷണത്തെ തുടർന്നാണ് സ്കൂളിൽ വച്ചു മറ്റൊരു വിദ്യാർത്ഥി ശീതള പാനിയം തന്ന കാര്യം കുട്ടി വെളിപ്പെടുത്തിയത്. എന്നാൽ ശീതള പാനിയം നൽകിയ വിദ്യാർത്ഥിആരാണെന്ന് അറിയില്ല എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.
Also Read- ഒന്നരവർഷം മുൻപ് വീട്ടമ്മ കൊല്ലപ്പെട്ട വീട്ടിനുള്ളിൽ ഭർത്താവും മരിച്ച നിലയിൽ
തുടർ പരിശോധനയിൽ കുട്ടിയുടെ രണ്ടു വൃക്കകളും തകരാറിലാണെന്നും നിലവിൽ ഇപ്പോൾ ഡയാലിസ് ചെയ്തു വരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കളിയിക്കാവിള പൊലീസ് കേസെടുത്ത ശേഷം സ്‌കൂൾ അധികൃതരേയും ചോദ്യം ചെയ്തു വരുന്നു.
അടുത്തിടെ പോണ്ടിച്ചേരിയിൽ ഒരു വിദ്യാർത്ഥിക്ക് സഹപാഠിയായ വിദ്യാർത്ഥിയുടെ മാതാവ് വിഷം കലർന്ന ഭക്ഷണം നൽകി കൊലപ്പെടുത്തിയ സംഭവം ഉണ്ടായിരുന്നു. അന്വേഷണത്തിൽ തന്റെ കുട്ടിയെക്കാളും നന്നായി പഠിക്കുന്നു എന്ന കാരണത്താൽ ആണ് കൊല നടത്തിയതെന്നും തെളിഞ്ഞു. ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് സമാനമായ മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kaliyikkavila, Kanyakumari