ശബരിമല: 91 ലെ വിധി ബോധപൂർവ്വമായിരുന്നു: മുഖ്യമന്ത്രി
Last Updated:
'ആദ്യം പ്രതിഷേധിച്ചവരൊന്നുമല്ല ഇപ്പോൾ സമര രംഗത്തുള്ളത്. ആദ്യം രാഷ്ട്രീയ പാർട്ടികൾ എല്ലാം വിധി സ്വാഗതം ചെയ്തിരുന്നു'
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 1991ലെ ഹൈക്കോടതി വിധി ബോധപൂർവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജഡ്ജി ഇരുന്നാൽ വിധി പറയാൻ കഴിയാത്തതിനാൽ ആ ജഡ്ജി പോയ ശേഷമാണ് അന്നത്തെ വിധി ഉണ്ടായതെന്ന് പിണറായി പറഞ്ഞു. 91 വരെ ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുവരെ സ്ത്രീകൾ ശബരിമലയിൽ പോയിട്ടുണ്ട്. 91 ൽ ഹൈക്കോടതി ചെയ്തത്, ഇപ്പോൾ സുപ്രീംകോടതി തിരുത്തി. അത് മാത്രമാണ് ഉണ്ടായത്. എന്നാൽ സുപ്രീംകോടതിയ്ക്കെതിരെ തിരിയാൻ കഴിയാത്തതിനാൽ സർക്കാരിനെതിരെ തിരിയുന്നു. വിശ്വാസികൾക്ക് എതിരല്ല സർക്കാർ. എന്നാൽ അങ്ങനെ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം എന്ന വിഷയത്തിൽ ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പാപമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സ്ത്രീകളുടെ അവകാശത്തിന്റെ ഭാഗമാണ്. വിധി സ്ത്രീ മുന്നേറ്റത്തിന് വേണ്ടിയുള്ളതാണ്. ആദ്യം പ്രതിഷേധിച്ചവരൊന്നുമല്ല ഇപ്പോൾ സമര രംഗത്തുള്ളത്. ആദ്യം രാഷ്ട്രീയ പാർട്ടികൾ എല്ലാം വിധി സ്വാഗതം ചെയ്തിരുന്നു. സമരങ്ങളൊന്നും ഏശിയില്ലെന്ന് സമരം നടത്തിയവർ തന്നെ ഇപ്പോൾ സമ്മതിക്കുന്നു. എന്നാൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 20, 2019 10:53 AM IST