• HOME
  • »
  • NEWS
  • »
  • kerala
  • »
  • വർഷം 59; കോണ്‍ഗ്രസിന് വീണ്ടുമൊരു മുസ്ലിം വനിത എംഎൽഎയാകാനെടുത്ത കാലം

വർഷം 59; കോണ്‍ഗ്രസിന് വീണ്ടുമൊരു മുസ്ലിം വനിത എംഎൽഎയാകാനെടുത്ത കാലം

ആറ് പതിറ്റാണ്ടിനുശേഷം കോൺഗ്രസിന് ഒരു മുസ്ലിംവനിതാ എംഎൽഎ വരുന്നതും ആലപ്പുഴയിൽ നിന്നു തന്നെയെന്നതാണ് ശ്രദ്ധേയം

News18 Malayalam

News18 Malayalam

  • Share this:
    അരൂര്‍ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ ഷാനിമോൾ ഉസ്മാൻ ഇനി ചരിത്രത്തിന്റെ ഭാഗം. നീണ്ട 59 വർഷക്കാലത്തിന് ശേഷമാണ് ഒരു മുസ്ലിം വനിതാ കോണ്‍ഗ്രസ് പ്രതിനിധിയായി നിയമസഭയിലെത്തുന്നത്. 1960ൽ ആലപ്പുഴ നിന്ന് വിജയിച്ച എ നഫീസത്ത് ബീവിയാണ് ഇതിന് മുൻപ് കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയത്. രണ്ടാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു നഫീസത്ത് ബീവി. ആറ് പതിറ്റാണ്ടിനുശേഷം കോൺഗ്രസിന് ഒരു മുസ്ലിംവനിതാ എംഎൽഎ വരുന്നതും ആലപ്പുഴയിൽ നിന്നു തന്നെയെന്നതാണ് ശ്രദ്ധേയം. 1960 നുശേഷം സിപിഎം സ്വതന്ത്രയായി കഴക്കൂട്ടത്ത് മത്സരിച്ച് ജയിച്ച പ്രൊഫ. നബീസാ ഉമ്മാളും സിപിഎം പ്രതിനിധിയായി എത്തിയ കെ എസ് സലീഖയാണ് എംഎൽഎയായ മുസ്ലിം വനിതാ സാമാജികമാർ. 2006ലും 2011ലും കെ എസ് സലീഖ നിയമഭയിലെത്തിയിരുന്നു.

    ടി വി തോമസിനെ വീഴ്ത്തിയ എ നഫീസത്ത് ബീവി

    മുസ്ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടിച്ചുനിന്ന കാലത്ത് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന കോണ്‍ഗ്രസുകാരിയാണ് എ നഫീസത്ത് ബീവി. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് നേതാവ് ടി വി തോമസിനോട് ആലപ്പുഴയിൽ പരാജയപ്പെട്ടു. എന്നാൽ 1960ലെ തെരഞ്ഞെടുപ്പിൽ ശക്തമായ ടിവി തോമസിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി സഭയുടെ ഡെപ്യൂട്ടി സ്​പീക്കറായി. അക്കാലത്ത് സ്​പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാൽപതു ദിവസവും പിന്നീട് സ്​പീക്കറായ സിഎച്ച് മുഹമ്മദ് കോയ രാജിവച്ചപ്പോഴും നഫീസത്ത് ബീവി സ്​പീക്കറുടെ ചുമതല വഹിച്ചു. 1967ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലും 1979ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരത്തും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. വനിതാ കമ്മീഷൻ അംഗവുമായിരുന്നു.

    ഷാനിമോൾ... പ്രതിപക്ഷ നിരയിലെ പെൺതിളക്കം

    നിലവിലെ നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോൾ ഉസ്മാൻ. കെ ആർ ഗൗരിയമ്മ ഒൻപതുതവണ വിജയിച്ച മണ്ഡലത്തിൽ നിന്നുമാണ് ഷാനിമോൾ നിയമസഭയിലെത്തുന്നതെന്നതാണ് മറ്റൊരു സവിശേഷത. കായംകുളം എംഎൽഎ പ്രതിഭക്ക് പിന്നാലെ ആലപ്പുഴയ്ക്ക് മറ്റൊരു വനിതാ ജനപ്രതിനിധിയെ കൂടിയാണ് ലഭിച്ചിരിക്കുന്നത്.
    നിലവിൽ എട്ടു വനിതകളാണ് നിയമസഭയിലുള്ളത്. മന്ത്രിസഭയിലുമുണ്ട് രണ്ട് വനിതകൾ. എന്നാൽ ഇതൊക്കെയാണെങ്കിലും പ്രതിപക്ഷ നിരയിൽ പേരിനുപോലും ഒരു വനിതാ പ്രതിനിധി ഇല്ലാത്ത അവസ്ഥയായിരുന്നു. ഉപതെരഞ്ഞെടുപ്പോടെ അതിനും മാറ്റം വന്നു.

    ഭരണപക്ഷത്തെ എട്ട് വനിതാ എംഎൽഎമാരിൽ അഞ്ചുപേരും സിപിഎമ്മിൽ നിന്നാണ്. മൂന്നുപേർ സിപിഐയിൽ നിന്നും. കെ കെ ശൈലജ (കൂത്തുപറമ്പ്), ജെ മേഴ്സിക്കുട്ടിയമ്മ (കുണ്ടറ), പി അയിഷാ പോറ്റി (കൊട്ടാരക്കര), യു പ്രതിഭ (കായംകുളം), വീണാ ജോർജ് (ആറന്മുള) എന്നിവരാണ് സിപിഎം ജനപ്രതിനിധികൾ. ഇ എസ് ബിജിമോൾ (പീരുമേട്), ഗീതാ ഗോപി (നാട്ടിക), സി കെ ആശ (വൈക്കം) എന്നിവരാണ് സിപിഐയുടെ വനിതാ എംഎൽഎമാർ.

    അഞ്ചാമത്തെ മുസ്ലീം വനിത

    ഷാനിമോൾ ഉസ്മാൻ കേരള നിയമസഭയിലെത്തുന്ന അഞ്ചാമത്തെ മുസ്ലീം വനിതയാണ്. സിപിഐയിലെ കെ.ഒ അയിഷഭായി(1957, 1960-കായംകുളം), കോൺഗ്രസിലെ എ നബീസത്ത് ബീവി(1960- ആലപ്പുഴ), സിപിഎം സ്വതന്ത്രയായ എ. നബീസ ഉമ്മാൾ(1987- കഴക്കൂട്ടം), സിപിഎമ്മിലെ കെ.എസ് സലീഖ(2006-ശ്രീകൃഷ്ണപുരം, 2011- ഷൊർണൂർ) എന്നിവരാണ് ഷാനിമോളിന് മുമ്പ് സഭയിലെത്തിയ മുസ്ലീം വനിതകൾ

    14 നിയമസഭകൾ എട്ട് മന്ത്രിമാർ

    1957 ലെ ആദ്യ തെരഞ്ഞെടുപ്പിന് ശേഷം 2016 ല്‍ നിലവില്‍ വന്ന 14-ാം നിയമസഭ വരെ കേരളം കണ്ടത് ആകെ എട്ട് വനിതാ മന്ത്രിമാരെ. പിണറായി വിജയന്‍ മന്ത്രിസഭയിലാണ് രണ്ട് പേര്‍. സിപിഎം പ്രതിനിധികളായി നിയമസഭയിലെത്തിയ കെ കെ ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് പിണറായി മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തിയത്. 2014 വരെ ആകെ ആറ് വനിതാ മന്ത്രിമാര്‍ മാത്രമാണ് കേരളത്തിന് ഉണ്ടായിരുന്നത്.

    വനിതകളില്ലാത്ത 9 മന്ത്രിസഭകൾ

    ആദ്യ 13 നിയമസഭകളുടെ കാലത്ത് 21 മന്ത്രിസഭകളാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. ഇതില്‍ ഒന്‍പത് മന്ത്രിസഭകളില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. 1957 ല്‍ അധികാരമേറ്റ ഇ.എം.എസ് മന്ത്രിസഭയില്‍ ഐക്യ കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായി കെ.ആര്‍ ഗൗരിയമ്മ ചരിത്രത്തില്‍ ഇടം പിടിച്ചു. റവന്യൂ എക്‌സൈസ് വകുപ്പാണ് ഗൗരിയമ്മ കൈക്കാര്യം ചെയ്തത്. ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമം (1957), ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവയുടെ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും നടപ്പില്‍ വരുത്തിയതും ഗൗരിയമ്മ റവന്യൂ മന്ത്രിയായിരിക്കെയാണ്. ആദ്യ മന്ത്രിസഭയിലെ അംഗമായിരുന്ന ഗൗരിയമ്മ പിന്നീട് 1967, 1980, 1987, 2001, 2004 എന്നീ വര്‍ഷങ്ങളിലും മന്ത്രിയായി.

    Also Read- പ്രതിപക്ഷ നിരയിലെ ആദ്യവനിത; ആലപ്പുഴയ്ക്ക് രണ്ടാമത്തെ വനിതാ ജനപ്രതിനിധി

    First published: