കാസർഗോഡ് (kasargod) ചെറുവത്തൂരിൽ (cheruvathur) ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 16കാരി മരിച്ച സംഭവത്തിൽ കൂൾബാറിന്‌റെ വാഹനം തീവെച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾബാർ എന്ന സ്ഥാപനത്തിന്റെ ഒമ്നി വാനാണ് തീവെച്ച് നശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ആരാണ് തീയിട്ടതെന്നതിനെക്കുറിച്ച് സൂചനയില്ല. ഇതേതുടർന്ന് വാഹനം ചന്തേര പൊലീസ് സ്റ്റേഷനിലെക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെ കൂൾബാർ എറിഞ്ഞുതകർത്തിരുന്നു.
അതേസമയം, ഷവർമ കഴിച്ച് കുട്ടിമരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐഡിയൽ കൂൾബാർ എന്ന സ്ഥാപനത്തിലെ രണ്ടു ജീവനക്കാരെയാണ് ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശിയായ മുള്ളോളി അനക്സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൂൾ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയാണ് കരിവെള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ദേവനന്ദ (17) ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്. വെള്ളിയാഴ്ച ദേവനന്ദ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണന്‍ - പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 46 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചന്തേര പൊലീസിന്‍റെ അന്വേഷണം ഊർജിതമാണ്. ഇതോടൊപ്പം ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളും അന്വേഷണം നടത്തുന്നുണ്ട്.
ഞായറാഴ്ച വൈകിട്ടോടെ കൂടുതൽ പേർ ആശുപത്രിയിൽ ചികിൽസ തേടി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 37 പേരും ചെറുവത്തൂർ CHCയിൽ 9 പേരും ചികിൽസയിലാണ്. ആറുപേരെ പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ചിലർ സ്വകാര്യ ആശുപത്രിയിലും ഒരു വിദ്യാർഥി മംഗളുരുവിലും ചികിൽസയിൽ തുടരുന്നു. ജില്ലാശുപത്രിയിൽ ഉള്ള രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാൽ നില ഗുരുതരമല്ല. അതിനിടെ കൂൾബാറിനുനേരെ ആക്രമണം ഉണ്ടായി. സംഘടിച്ചെത്തിയ നാട്ടുകാർ കല്ലെറിഞ്ഞ് ചില്ലുകൾ തകർത്തു. സ്ഥലത്ത് പൊലീസ് സന്നാഹം തുടരുകയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.