തിരുവനന്തപുരം: എകെജി സെൻറർ ആക്രമണത്തിൽസിപിഎമ്മിനെ സംശയിച്ച് സിപിഐയും. പൊലീസിന്റെ സഹായത്തോടെ നടത്തിയ നീക്കം എന്ന വിമർശനമാണ് സിപിഐ ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം ബന്ധനസ്ഥനാക്കിയെന്നും വിമർശനമുണ്ടായി.
പ്രതിപക്ഷത്തിൻ്റെ ആരോപണം സി പി ഐ പ്രതിനിധിയും ഏറ്റെടുത്തു. എ കെ ജി സെൻറർ ആക്രമണത്തിൽ സിപിഎം സംശയമുനയിലാണ്. സർക്കാരിനെതിരേയുള്ള
വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നു കരുതേണ്ടി വരും. ഇതിന് പൊലീസും കൂട്ടു നിന്നു - എന്നിങ്ങനെ പോയി വിമർശനങ്ങൾ. വെളിയം ഭാർഗവന്റെയും സി കെ ചന്ദ്രപ്പൻ്റെയും പ്രവർത്ത രീതിയെ ഉദാഹരിച്ചായിരുന്നു കാനം രാജേന്ദ്രനെതിരെ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ആഞ്ഞടിച്ചത്. കാനത്തിൻ്റെ സാനിധ്യത്തിലായിരുന്നു രൂക്ഷ വിമർശനം. ചർച്ചയിൽ പങ്കെടുത്ത എല്ലാ മണ്ഡലം കമ്മിറ്റികളും സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനു കീഴ്പ്പെട്ടു പ്രവർത്തിക്കുന്നു എന്നതായിരുന്നു കാനത്തിനെതിരേയുള്ള പ്രധാന ആക്ഷേപം. സംസ്ഥാന സെക്രട്ടറി ബന്ധനസ്ഥനാണ്. സർക്കാരിന്റെ തെറ്റായ നയങ്ങളെ വിമർശിക്കാൻ പാർട്ടി നേതൃത്വം ധൈര്യം കാട്ടുന്നില്ല. മൂവാറ്റുപുഴ എംഎൽഎയായിരുന്ന എൽദോസ് എബ്രഹാമിനെ പൊലീസ് മർദ്ദിച്ചപ്പോഴും എ ഐ എസ് എഫ് വനിതാ പ്രവർത്തക ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും കാനം മൗനിയായെന്നും പ്രതിനിധികൾ വിമർശിച്ചു.
Also Read-
എ.കെ.ജി സെന്‍റർ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
മറ്റൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും പ്രവർത്തിക്കാത്ത തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പോക്ക്. പി കെ വാസുദേവൻ നായരെയും ഇ കെ നായനാരെയും പോലുള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ ഭരിച്ച നാടാണ് ഇതെന്ന് മുഖ്യമന്ത്രി ഓർക്കണം. മുന്നണി കൺവീനർ ഇ.പി.ജയരാജന്റെ പ്രവർത്തനശൈലി ക്കെതിരെയും വിമർശനം ഉണ്ടായി. സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ കൃഷി വകുപ്പിനെതിരേ ആയിരുന്നു വളഞ്ഞിട്ടുള്ള ആക്രമണം . കൃഷി വകുപ്പ് സമ്പൂർണ പരാജയമാണ്. സിവിൽ സപ്ലൈസ് വകുപ്പിലെ പാക്കിങ് ജോലികൾ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചതിന്റെ പേരിലായിരുന്നു ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ കോവളം മണ്ഡലം കമ്മിറ്റി വിമർശിച്ചത്. ഇത് പാർട്ടി നയത്തിന് വിരുദ്ധവും പാർട്ടി അറിയാതെയുമായിരുന്നെന്നാണ് ആരോപണം. വനം വകുപ്പ് എൻസിപിക്ക് വിട്ടുകൊടുക്കേണ്ടിവന്നത് പിടിപ്പുകേടായി. സിപിഎം പറയുന്നതിനൊക്കെയും വഴങ്ങുന്നതിന് തെളിവാണ് ഇതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷ മുഖമില്ലെന്ന് സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ല. 42 വാഹനങ്ങളുടെ അകമ്പടിയിലാണ് പിണറായി വിജയൻ്റെ സഞ്ചാരം. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിക്ക് എന്തിനിത്ര ആര്‍ഭാടമെന്നും ഇത്രയധികം സുരക്ഷ എന്തിനെന്നും പ്രതിനിധികൾ ചോദിച്ചു.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേയും വിമർശനം ഉയർന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തൽ ശക്തിയായി പ്രവര്‍ത്തിക്കാൻ കാനം രാജേന്ദ്രന് കഴിയുന്നില്ല. ആനി രാജയ്ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോൾ കാനം തിരുത്തൽ ശക്തിയായില്ല. പൊലീസിൽ ആര്‍എസ്എസ് കടന്ന് കയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ ഒറ്റപ്പെടുത്തി. ഒടുവിൽ സിപിഎമ്മിന് പോലും അത് സമ്മതിക്കേണ്ടി വന്നു. സിൽവര്‍ ലൈൻ അടക്കം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളിൽ പോലും പാര്‍ട്ടി നിലപാടെടുക്കുന്നില്ല. എഐഎസ്എഫുകാർ തല്ലു കൊള്ളുമ്പോഴെങ്കിലും കാനം വായ തുറക്കണമെന്നും ഒരു പ്രതിനിധി പരിഹസിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.