സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; കോട്ടയത്ത് രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തില്ല; ജോസ് പക്ഷത്തിന് ഒമ്പതു സീറ്റു മാത്രം

Last Updated:

ജോസ് പക്ഷം ഇടതുമുന്നണിയിലേക്കു വന്നതോടെയാണ് കോട്ടയത്ത് തർക്കം ഉടലെടുത്തത്. പ്രധാനമായും ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ എന്നിവിടങ്ങളിലെ സീറ്റുവിഭജനമാണ് കീറാമുട്ടിയായത്

കോട്ടയം: ഒടുവിൽ കേരളാ കോൺഗ്രസ് തട്ടകത്തിൽ സിപിഎം, സിപിഐയ്ക്ക് വഴങ്ങി. കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റു വിഭജനമാണ് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സിപിഎം കൂടുതൽ നഷ്ടം സഹിച്ച് പൂർത്തിയാക്കിയത്. നിലവിൽ സിപിഎം- 9, കേരള കോൺഗ്രസ് ജോസ് പക്ഷം- 9, സിപിഐ-4 എന്നിങ്ങനെയാണ് ഇടതുമുന്നണിയിലെ സീറ്റ്.
സിപിഎം, ജോസ് പക്ഷം, സിപിഐ പാർട്ടികൾ വീതിച്ചെടുത്തതോടെ ജനതാദൾ, എൻസിപി തുടങ്ങിയ ഘടക കക്ഷികൾക്ക് സീറ്റ് ഇല്ലാതായി.
2015ൽ സിപിഎം 13 സീറ്റിലും സിപിഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. അന്ന് രണ്ടു സീറ്റിൽ ജനപക്ഷവും ജനതാദൾ, എൻസിപി ഓരോ സീറ്റിലും മൽസരിച്ചു.
ഇതിൽ ജില്ലയിൽ എംഎല്‍എ ഉള്ള പാര്‍ട്ടിയാണ് എൻസിപി.ഒരു സീറ്റ് വേണമെന്ന് എൻസിപി ജില്ലാ പ്രസിഡന്‍റ് സാജു ഫിലിപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ മറ്റു ഘടകക്ഷികൾക്ക് കൂടുതൽ സീറ്റ് നൽകാമെന്ന വാഗ്ദാനമാണ് സിപിഎം നൽകിയിരിക്കുന്നത്.
advertisement
2015ൽ യുഡിഎഫിൽ 11 സീറ്റിൽ മത്സരിച്ച ജോസ് പക്ഷത്തിന് എൽഡിഎഫിൽ എത്തിയപ്പോൾ രണ്ടു സീറ്റ് കുറഞ്ഞു. സീറ്റ് വിഭജന ചർച്ചയുടെ തുടക്കം മുതൽ 12 സീറ്റ് എന്ന ആവശ്യവുമായി ഉറച്ചുനിൽക്കുകയായിരുന്നു ജോസ് പക്ഷം. കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റുകളാണ് സിപിഎം ജോസ് പക്ഷത്തിന് വിട്ടുനൽകിയത്. കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ മത്സരിച്ച സിപിഐയോട് രണ്ടു സീറ്റ് വിട്ടുനൽകാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഒരു സീറ്റ് മാത്രമാണ് സിപിഐ വിട്ടുനൽകിയത്. ഇതോടെ 11 സീറ്റിൽ മത്സരിക്കാൻ ആദ്യം തീരുമാനിച്ച സിപിഎം കൂടുതൽ സീറ്റുകൾ ജോസ് പക്ഷത്തിന് വിട്ടുനൽകി സ്വയം ത്യാഗം സഹിച്ചു. എന്നാൽ മുന്നണിയിലെ മേൽക്കൈ നഷ്ടപ്പെടുത്താൻ സിപിഎം തയ്യാറായതുമില്ല. സിപിഐയുടെ ഒരു സീറ്റ് കൂടി എടുക്കാൻ ശ്രമിച്ചു എങ്കിലും അവർ വിട്ടുവീഴ്ച ചെയ്തില്ല.
advertisement
സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനാണ് കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് നേതൃയോഗത്തിൽ സീറ്റു ധാരണ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
പികെവിയുടെ കിടങ്ങൂരോ കാനത്തിന്‍റെ കങ്ങഴയോ?
സീറ്റു വിഭജനത്തിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറിയെങ്കിലും വിട്ടുനൽകുന്ന സീറ്റുകൾ സംബന്ധിച്ച് പുതിയ തർക്കം ഉടലെടുക്കുമോയെന്നതാണ് അടുത്ത പ്രശ്നം. ആദ്യം വാകത്താനം ഡിവിഷൻ വിട്ടുനൽകാനാണ് സിപിഐ തീരുമാനിച്ചത്. എന്നാൽ സിപിഐ മത്സരിക്കുന്ന കിടങ്ങൂരോ കങ്ങഴയോ വേണമെന്നാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം. 2015-ൽ രണ്ടിടത്തും ജയിച്ചത് ജോസ് പക്ഷമായിരുന്നു. മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരുടെ ജന്മസ്ഥലമാണ് കിടങ്ങൂർ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ജന്മനാടുൾപ്പെടുന്നതാണ് കങ്ങഴ. ഇവിടെ കഴിഞ്ഞ തവണ ജയിച്ച അജിത് മുതിരമല ജോസഫ് വിഭാഗത്തിലാണ്. അജിത്തിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അതിൽ ചില നേതാക്കളുടെ അസഹിഷ്ണതയുമാണ് കേരളാ കോണ്‍ഗ്രസ് പിളർപ്പിനുള്ള ഒരു പ്രധാന കാരണം.
advertisement
ഏതായാലും വരും ദിവസങ്ങളിൽ ജോസ് പക്ഷവും സിപിഐയും നടത്തുന്ന ഉഭയകക്ഷി ചർച്ചകളിലായിരിക്കും ഏത് സീറ്റു വിട്ടുനൽകണമെന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
ജോസ് പക്ഷം ഇടതുമുന്നണിയിലേക്കു വന്നതോടെയാണ് കോട്ടയത്ത് തർക്കം ഉടലെടുത്തത്. പ്രധാനമായും ജില്ലാ പഞ്ചായത്ത്, പാലാ നഗരസഭ എന്നിവിടങ്ങളിലെ സീറ്റുവിഭജനമാണ് കീറാമുട്ടിയായത്. ജില്ലാ പഞ്ചായത്തിൽ 12 സീറ്റ് ആവശ്യപ്പെട്ട ജോസ് പക്ഷം പാലാ നഗരസഭയിൽ 17 സീറ്റു ആവശ്യപ്പെട്ടു. ഇതോടെ സിപിഐ കൂടുതൽ സീറ്റുകൾ വിട്ടുനൽകണമെന്ന ആവശ്യം സിപിഎം മുന്നോട്ടുവെച്ചു. എന്നാൽ സിപിഎം ഫോർമുല അംഗീകരിക്കാൻ സിപിഐ തയ്യാറായില്ല. പാലായിലെ 10 സീറ്റ് മൽസരിച്ച് സിപിഐ കരുത്തു തെളിയിക്കുമെന്നും സൂചനയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഐയുടെ വാശിക്ക് വഴങ്ങി സിപിഎം; കോട്ടയത്ത് രണ്ടാം സ്ഥാനം മറ്റാർക്കും വിട്ടുകൊടുത്തില്ല; ജോസ് പക്ഷത്തിന് ഒമ്പതു സീറ്റു മാത്രം
Next Article
advertisement
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം': വി ഡി സതീശൻ
'ശബരിമലയിലെ ദ്വാരപാലക ശിൽപം സംസ്ഥാനത്തെ കോടീശ്വരന് വിറ്റു; ആരുടെ വീട്ടിലാണുള്ളതെന്ന് സിപിഎം വ്യക്തമാക്കണം'
  • ശബരിമലയിലെ ദ്വാരപാലക ശിൽപം കോടികൾക്ക് വിറ്റതിൽ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് വി ഡി സതീശൻ.

  • ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനുമതിയോടെ ദ്വാരപാലക ശിൽപം വിറ്റതിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു.

  • ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ബോർഡ് പ്രസിഡന്‍റിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

View All
advertisement