ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന . കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ സീറ്റുകളിൽ ധാരണയിലേക്ക് എത്തിയതായാണ്
ജോസ് വിഭാഗം നൽകുന്ന സൂചന. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് അന്തിമ ധാരണ ഉടൻ ഉണ്ടാകും എന്നും മാണി വിഭാഗം പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് എൽ ഡി എഫിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ യുടെ മുതിർന്ന നേതാക്കൾ ന്യൂസ് 18 നോട് പറഞ്ഞു.
Also Read-
രണ്ടാഴ്ചയ്ക്കുള്ളിൽ ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ; നിർണായക ചർച്ചകൾ ഈ ആഴ്ച തുടങ്ങും
കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം ) മത്സരിച്ച 15 സീറ്റുകൾ
1.പാലാ (കോട്ടയം)
2.ചങ്ങനാശേരി (കോട്ടയം)
3.കാഞ്ഞിരപ്പള്ളി (കോട്ടയം)
4.കടുത്തുരുത്തി (കോട്ടയം)
5.ഏറ്റുമാനൂർ (കോട്ടയം)
6.പൂഞ്ഞാർ (കോട്ടയം)
7.തൊടുപുഴ (ഇടുക്കി)
8.ഇടുക്കി (ഇടുക്കി)
9.തിരുവല്ല (പത്തനംതിട്ട)
10.കുട്ടനാട് (ആലപ്പുഴ )
11.കോതമംഗലം (എറണാകുളം )
12.ഇരിങ്ങാലക്കുട (തൃശൂർ)
13.ആലത്തൂർ (പാലക്കാട് )
14.പേരാമ്പ്ര (കോഴിക്കോട് )
15.തളിപ്പറമ്പ് (കണ്ണൂർ )
ഇതിൽ ആറെണ്ണം ജയിച്ചു. ഒമ്പതിടത്ത് തോറ്റു. ഏറ്റുമാനൂർ, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂർ, പേരാമ്പ്ര, തളിപ്പറമ്പ് എന്നീ സീറ്റുകളിൽ സിപിഎം ആണ് വിജയിച്ചത്. തിരുവല്ലയിൽ ജനതാദൾ, കുട്ടനാട്ടിൽ എൻ സി പി എന്നീ ഇടതു കക്ഷികൾ ജയിച്ചപ്പോൾ പൂഞ്ഞാർ പിസി ജോർജ് എല്ലാ മുന്നണികളെയും തോൽപ്പിച്ച് കൊണ്ടുപോയി.
Also Read- 'വിപ്പ് ലംഘിച്ചു; പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാൻ കത്ത് നൽകും': ജോസ് കെ. മാണി
ജയിച്ച സീറ്റുകളിൽ പാർട്ടിയുടെ ' ചങ്ക്' എന്ന് പറയാവുന്ന പാലാ, ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കു വേണ്ടി എൻ സി പി നേടി. ശേഷിയ്ക്കുന്നത് അഞ്ച്. ഇതിൽ തൊടുപുഴയിൽ ജോസഫ്, ചങ്ങനാശേരിയിൽ സിഎഫ് തോമസ്, കടുത്തുരുത്തിയിൽ മോൻസ് ജോസഫ്. മൂവരും ജോസ് പക്ഷത്തിന് എതിര്. ജോസിനൊപ്പമുള്ള റോഷി പരാജയപ്പെടുത്തിയത് ഇപ്പോൾ ജോസെഫിനൊപ്പമുള്ള ഫ്രാൻസിസ് ജോർജിനെയും എൻ. ജയരാജ് കാഞ്ഞിരപ്പള്ളിയിൽ പരാജയപ്പെടുത്തിയത് സിപിഐ യെയുമാണ്. കോട്ടയം ജില്ലയിൽ 9 സീറ്റിൽ 2 എണ്ണമാണ് സിപിഐയ്ക്ക് ഉള്ളത്. വർഷങ്ങളായി പരാജയമറിയാത്ത വൈക്കം ആണ് മറ്റേ സീറ്റ്.
ഇടുക്കി ജോസ് കെ മാണിക്ക് നൽകുന്നതിൽ തർക്കം ഒന്നുമുണ്ടാകില്ല. എന്നാൽ കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് സംബന്ധിച്ച് സി.പി.ഐയുമായി ധാരണയുണ്ടാക്കാനുള്ള അവസാന ശ്രമത്തിലാണ്. എന്നാൽ ഇത് സംബന്ധിച്ച് തങ്ങളുടെ പാർട്ടി കമ്മറ്റിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് സിപിഐ പറയുന്നു.
ഇടത്തോട്ട് വന്നാൽ ജോസിന് ഏതൊക്കെ കിട്ടും ?
കഴിഞ്ഞ തവണ മത്സരിച്ചതു പോലെ 15 സീറ്റുകൾ വേണം എന്നാണ് ജോസ് വിഭാഗത്തിന്റെ മനസിലിരുപ്പ്.എന്നാൽ അന്ന് മാണി വിഭാഗത്തിലെ 11 പേരും ജോസഫ് വിഭാഗത്തിലെ നാലു പേരുമാണ് മത്സരിച്ചത്. അതിനാൽ 10-12 സീറ്റ് വരെ എൽ എഫിലെത്തിയാൽ ജോസ് വിഭാഗത്തിന് ലഭിക്കാം.
സാധ്യതയുള്ള സീറ്റുകൾ
ചങ്ങനാശേരി (കോട്ടയം), കടുത്തുരുത്തി (കോട്ടയം), തൊടുപുഴ (ഇടുക്കി) ഇടുക്കി (ഇടുക്കി) സീറ്റുകൾക്കൊപ്പം പൂഞ്ഞാർ (കോട്ടയം) എന്നീ അഞ്ചു സീറ്റുകൾ ജോസ് മാണി വിഭാഗത്തിനു തർക്കമില്ലാതെ തന്നെ ലഭിക്കാം.
സിപിഎം നിലവിലെ തങ്ങളുടെ സിറ്റിങ് സീറ്റുകൾ പുതിയ പാർട്ടിക്ക് കൊടുക്കാൻ സാധ്യത കുറവാണ്. അങ്ങനെ വന്നാൽ കുട്ടനാടിനൊപ്പം പാലായും വിട്ടുനൽകാൻ ആവില്ലെന്ന് എൻ സി പിയും തിരുവല്ല പറ്റില്ലെന്ന് ജനതാദളും ആവശ്യപ്പെട്ടേക്കാം.
Also Read-
എൽഡിഎഫ് പ്രവേശനം: രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങി ജോസ് കെ. മാണി
എന്നാൽ അര നൂറ്റാണ്ടു കാലം കെഎം മാണി സ്വന്തമാക്കിയ പാലാ മണ്ഡലം നഷ്ടപ്പെടുത്തി മുന്നോട്ടു പോകുന്നത് ജോസ് വിഭാഗത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. അതു പോലെ തന്നെ കാഞ്ഞിരപ്പള്ളി നഷ്ടപ്പെടുത്താൻ ജയരാജിനും കഴിയില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ ഇടതു മുന്നണി വിട്ടു വീഴ്ച ചെയ്യേണ്ടി വരും.
ഇപ്പോൾ ജോസ് വിഭാഗം മനസിൽ കാണുന്ന സീറ്റുകൾ
പിറവം (എറണാകുളം )
അങ്കമാലി (എറണാകുളം)
ഇരിക്കൂർ (കണ്ണൂർ)
പേരാവൂർ (കണ്ണൂർ )
ഈ അവസ്ഥയിൽ കഴിഞ്ഞ തവണ മത്സരിച്ച പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളിൽ നിന്നും ജോസ് കെ മാണി വിഭാഗം ഒഴിവാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.