'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'മുന്നണിയുടെ പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിച്ചത്. എന്നാൽ ചില വ്യക്തികളുടെ കഴിവുകൊണ്ടാണ് തുടർഭരണം എന്ന ധാരണ ആണ് ഉണ്ടാക്കുന്നത്'
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അവസാനിച്ച സിപിഐ സമ്മേളനങ്ങളിൽ ഭരണപക്ഷത്തെ മുഖ്യ പാർട്ടിയായ സിപിഎമ്മിനെതിരെ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടക്കം സിപിഐ സമ്മേളനങ്ങളിൽ വിമർശനം വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂരിൽ തുടങ്ങിയ സിപിഐ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടക്കം കേരള കോൺഗ്രസുമായി ചേർന്ന് സിപിഐയെ ഒതുക്കാൻ സിപിഎം ശ്രമിച്ചെന്ന് സിപിഐ കോട്ടയം ജില്ല സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോൾ പലയിടത്തും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കണ്ടത് എന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറയാതെ സിപിഐ റിപ്പോർട്ടിൽ വിമർശനം ഉണ്ട്.
advertisement
കഴിഞ്ഞ ഇടത് സർക്കാരിന്റെ ഭരണ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ സർക്കാരിന് വിമർശനം. മുന്നണിയുടെ പൊതു സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ് തുടർഭരണം ലഭിച്ചത് എന്ന് സിപിഐ കോട്ടയം ജില്ലാ ഘടകം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ വസ്തുത അവഗണിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഇതാണ് ഭരണത്തുടർച്ചയിൽ ആകമാനം കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചില വ്യക്തികളുടെ കഴിവുകൊണ്ടാണ് തുടർഭരണം എന്ന ധാരണ ആണ് ഉണ്ടാക്കുന്നത്. ഒന്നാം വാർഷിക പരസ്യത്തിൽ ഇടത് സർക്കാർ എന്ന പരാമർശം ഒരിടത്തും ഉണ്ടായില്ല എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സിപിഎമ്മിനെതിരെ സിപിഐ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. സിപിഐ അംഗങ്ങൾക്കിടയിൽ ഇത് കടുത്ത വിമർശനത്തിന് കാരണമായി എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
സിൽവർ ലൈൻ പദ്ധതി അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് നടപ്പിലാക്കാൻ ശ്രമിച്ചത് തിരിച്ചടിയായി എന്നും സിപിഐ വിമർശിക്കുന്നു. സിപിഎം മന്ത്രിമാരിൽ ചിലർ ബൂർഷാ പാർട്ടിയുടെ മന്ത്രിമാരെ പോലെ പെരുമാറുന്നു എന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. എൽഡിഎഫിന്റെ മാതൃക പദ്ധതി ആണ് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനം ഏറ്റെടുത്ത എച്ച്എൻഎൽ. എന്നാൽ ഇതിന്റെ തുടർ വികസന കാര്യങ്ങൾ വ്യവസായ മന്ത്രി ഏകപക്ഷ്യമായി കൈകാര്യം ചെയ്യുന്നു എന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സിപിഐ എംഎൽഎ ഉള്ള വൈക്കം നിയോജക മണ്ഡലത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
advertisement
അതേസമയം സിപിഐ സമ്മേളനങ്ങളിൽ ഉയരുന്ന വിമർശനങ്ങളെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ന്യായീകരിച്ചു.പാർട്ടിയിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാവും. മുന്നണിയുടെ കേട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. സി.പി.ഐ. എതെങ്കിലും പാർട്ടിയിൽ കൊണ്ടുപോയി സറണ്ടർ ചെയ്തെന്ന് പറയുന്നവരോട് സഹതാപം മാത്രം ആണ് ഉള്ളത്.പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദിയിൽ കൃത്യമായി പറയുന്നുണ്ട്. ഇടതുപക്ഷ മുന്നണിയെ ശക്തിപ്പെടുത്തുകയെന്നതാണ് സിപിഐയുടെ കടമ എന്നും പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 07, 2022 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള കോൺഗ്രസിനെ ഉപയോഗിച്ച് ഒതുക്കാൻ ശ്രമം നടത്തി'; CPMനെതിരെ ഗുരുതര ആരോപണങ്ങളുമായി CPI