കനാലിൽ വീണ ആംബുലൻസിൽ നിന്ന് വെൻറിലേറ്റിൽ ആയിരുന്ന രോഗി നീന്തി രക്ഷപ്പെടുന്നത് കണ്ടവരുണ്ടോ ?
- Published by:Rajesh V
- news18-malayalam
Last Updated:
‘ഒരു അപകട വാർത്ത കേട്ട് ചിരി വരുന്നത് ആദ്യമായിട്ടാണ്. പത്തനം തിട്ടയിൽ ആംബുലൻസ് കനാലിലേക്ക് മറിഞ്ഞു! വെന്റിലേറ്ററിലായിരുന്ന രോഗി നീന്തി രക്ഷപ്പെട്ടു!!’ , എന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പ്
‘ഒരു അപകട വാർത്ത കേട്ട് ചിരി വരുന്നത് ആദ്യമായിട്ടാണ്. പത്തനം തിട്ടയിൽ ആംബുലൻസ് കനാലിലേക്ക് മറിഞ്ഞു! വെന്റിലേറ്ററിലായിരുന്ന രോഗി നീന്തി രക്ഷപ്പെട്ടു!!’ , എന്നാണ് സോഷ്യൽ മീഡിയയിലെ കുറിപ്പ് തുടങ്ങുന്നത്. ‘വെൻ്റിലേറ്ററിൽ അത്യാസന്ന നിലയിലായിരുന്ന രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് കനാലിലേക്ക് മറിഞ്ഞത്...കനാലിലെ തണുത്ത വെള്ളത്തിൽ നീന്തി രക്ഷപ്പെടാൻ മാത്രം ആരോഗ്യമുള്ള ഒരാൾക്ക് എന്തിനായിരുന്നു വെൻ്റിലേറ്റർ ചികിത്സ? ആധുനിക ചികിത്സാ രീതികൾ പലപ്പോഴും വെറും കച്ചവടമായി മാറുന്നുണ്ടോ? പണത്തിന് വേണ്ടി രോഗമില്ലാത്തവരേയും രോഗികളാക്കുന്ന ഒരു മാഫിയ നമുക്ക് ചുറ്റുമുണ്ടോ?...’ എന്നിങ്ങനെ സാമാന്യം വലിയ കുറിപ്പാണ് വാട്സാപ്പിലും ഫേസ്ബുക്കിലും ചൂടപ്പംപോലെ പ്രചരിച്ചത്.
അപകടം ഉണ്ടായോ ?
പത്തനംതിട്ട മെഴുവേലി ആലംകോട് പിഐപി കനാലില്‍ ജനുവരി 22ന് ആംബുലന്‍സ് കനാലിലേക്ക് മറിഞ്ഞിരുന്നു. പിന്നാലെയാണ് വെന്റിലേറ്ററിലായിരുന്ന രോഗിയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞതെന്നും രോഗി നീന്തി രക്ഷപ്പെട്ടെന്ന തരത്തിൽ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നത്. കനാലിൽ വീണുകിടക്കുന്ന ആംബുലൻസിന്റെ ചിത്രത്തിനൊപ്പമായിരുന്നു വലിയ പ്രചാരണം.
യഥാർത്ഥത്തിൽ സംഭവിച്ചത്
ആംബുലൻസ് കനാലിലേക്ക് മറിഞ്ഞുവെന്നതാണ് സത്യമാണ്. എന്നാൽ ആ സമയം രോഗി ആംബുലൻസിൽ ഇല്ലായിരുന്നു. സ്ട്രോക്ക് വന്ന് പത്തുവർഷക്കാലമായി ഗുരുതരാവസ്ഥയിൽ ഇരിക്കുന്നയാളാണ് രോഗി. ശ്വാസംമുട്ടലുണ്ടായപ്പോൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനാണ് ആംബുലൻസ് വന്നത്. ഇതിനിടെ ഒരു തെരുവുനായ ആംബുലൻസിന് കുറുകെ ചാടി. അതിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് പിടിച്ചപ്പോൾ വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. മാത്രമല്ല, അപകടത്തിൽപെട്ട ആംബുലൻസ് വെന്റിലേറ്റർ സൗകര്യമുള്ളതല്ല. സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആംബുലൻസ് ഉടമയുമായ നെജോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Jan 30, 2026 12:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനാലിൽ വീണ ആംബുലൻസിൽ നിന്ന് വെൻറിലേറ്റിൽ ആയിരുന്ന രോഗി നീന്തി രക്ഷപ്പെടുന്നത് കണ്ടവരുണ്ടോ ?









