കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ (Actress Attack Case)അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപ് (Dileep) ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ. ദുബായിലെ മലയാളി വ്യവസായി അടക്കമുള്ള ആളുകളുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിലെ സാമൂഹികപ്രവർത്തകനായ തൃശ്ശൂർ സ്വദേശി,കാവ്യാ മാധവൻ, ദിലീപിൻറെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളുമാണ് ഡിലീറ്റ് ചെയ്തവയിൽ ഉൾപ്പെടുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പൂട്ടിന്റെ ദുബായ് പാർട്ണർ എന്നിവരുമായുള്ള സംഭാഷണവും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നുണ്ട്.
വീണ്ടെടുക്കാൻ കഴിയാത്തവിധം ഈ ചാറ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതിൽ ദുരൂഹതയെന്നുമാണ് അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനകൾ നടത്തി, അതിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ 12 മൊബൈൽ നമ്പറിലേക്കുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
Also Read-നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച ചാറ്റുകളിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി. ഇ. ഒ ഗാലിഫുമായുള്ള സംഭാഷണവും നിരവധി ദുബായ് നമ്പറുകളുമുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപായിരുന്നു ചാറ്റുകൾ നശിപ്പിക്കപ്പെട്ടതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂർ സ്വദേശികളായ ദുബായിലെ വ്യവസായികൾ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും.
Also Read-ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുട ഹിയറിങ് ഏപ്രിൽ 9 ന്
നേരത്തെ കേസ് പരിഗണിച്ച വേളയിൽ സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് വ്യക്തമാക്കിയിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന ചാറ്റുകളും നീക്കം ചെയ്തിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. വധ ഗൂഢാലോചനാ കേസിൽ എഫ്. ഐ. ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് വധ ഗൂഢാലോചന കേസിൽ ഇതുവരെ ലഭ്യമായ മുഴുവൻ തെളിവുകളും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
നേരത്തെ സൈബർ വിദ്ധഗ്ധനായ സായ് ശങ്കറിനെ ഉപയോഗിച്ച് കോടതി സംബന്ധമായ ചില വിവരങ്ങളും ദിലീപിന്റെ ഫോണിൽ നിന്നും നീക്കം ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കോടതി രേഖകൾ എങ്ങനെ ദിലീപിന്റെ കൈവശം എത്തിയെന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദീലീപിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂറോളമാണ് ദിലീപി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack, Actress attack case, Dileep