കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case)ജാമ്യം തേടി മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയെ (supreme court) സമീപിച്ചു. നാലാം പ്രതി വിജീഷിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് നീക്കം. മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്ന് പള്‍സർ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു.
അടുത്തൊന്നും വിചാരണ പൂർത്തിയാകാൻ സാധ്യതയില്ല. കേസിൽ തുടരന്വേഷണം നടക്കുകയാണ്. 2017 ഫെബ്രുവരി 23 മുതൽ ജയിലിലാണെന്നും പൾസർ സുനി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പതിമൂന്ന് തവണ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു മാർട്ടിൻ ആന്റണി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബഞ്ചായിരുന്നു മാർട്ടിന് ജാമ്യം നൽകിയത്.
ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എന്നാൽ സർക്കാർ വാദങ്ങൾ സുപ്രീംകോടതി തള്ളുകയായിരുന്നു. വിചാരണ അവസാനഘട്ടത്തിലെന്നും, രണ്ട് സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാനുള്ളതെന്നും സർക്കാർ കോടതിയെ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Also Read-ഗുരുവായൂർ ക്ഷേത്രത്തിലെ വിവാദ മഹീന്ദ്ര ഥാർ ലേലം; പരാതിക്കാരുട ഹിയറിങ് ഏപ്രിൽ 9 ന്
മറ്റു പ്രതികള്‍ക്കും വിവിധ കോടതികളിൽ നിന്നായി ജാമ്യം ലഭിച്ചു. ജയിലില്‍ ശേഷിച്ചിരുന്ന നാലാംപ്രതി വിജീഷിന് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു വിജീഷ് ആവശ്യപ്പെട്ടത്. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ വിജീഷ് ചൂണ്ടിക്കാട്ടി. ഇതേ വാദങ്ങള്‍ തന്നെയാണ് പള്‍സര്‍ സുനിയും ഉന്നയിച്ചിട്ടുള്ളത്.
Also Read-'ഇത് രണ്ടാംജന്മം, കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി'; അജേഷും കുടുംബവും വീട്ടില്‍ തിരിച്ചെത്തി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തുവിട്ടതെന്ന് അമ്മ ശോഭന നേരത്തെ പറഞ്ഞിരുന്നു.
തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായും ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലർക്കും പങ്കുണ്ടെന്ന് കത്തിൽ പറഞ്ഞിരുന്നു.
2018 മെയ് മാസം ഏഴാം തീയതിയാണ് പൾസർ സുനി കോടതിയിൽവെച്ച് ഈ കത്ത് അമ്മ ശോഭനയ്ക്ക് കൈമാറുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.