'അതെന്‍റെ പെൻഷൻ കാശാണേ, കണ്ടുപിടിച്ചുതരണേ' 15000 രൂപ മോഷണം പോയതോടെ വാവിട്ടു നിലവിളിച്ച് എൺപതുകാരി

Last Updated:

ആഹാരവും മരുന്നുപോലും മാറ്റിവെച്ച്‌ മിച്ചം പിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് കൃഷ്ണമ്മ പറഞ്ഞു

തിരുവനന്തപുരം : 'അതെന്‍റെ പെൻഷൻ കാശാണേ, എനിക്കത് കണ്ടുപിടിച്ചുതരണേ, വാര്‍ധക്യ പെന്‍ഷനിന്നു മിച്ചംപിടിച്ച കാശാണ്…'- യാത്രയ്ക്കിടെ 15000 രൂപ മോഷണം പോയതറിഞ്ഞാണ് തിരുവനന്തപുരം പൂജപ്പുര കൈലാസ് നഗര്‍ സ്വദേശിയായ കൃഷ്ണമ്മ വാവിട്ടു നിലവിളിച്ചത്. പെന്‍ഷന്‍ കാശില്‍നിന്നു മിച്ചംപിടിച്ച്‌ സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. കാര്യം തിരക്കിയെത്തിയ പോലീസിനും യാത്രക്കാര്‍ക്കും മുന്‍പില്‍ ഈ 80-കാരി വാവിട്ട് കരഞ്ഞു.
തിരുവനന്തപുരം പാളയത്ത് ബസില്‍ വന്നിറങ്ങിയപ്പോഴാണ് സഞ്ചിയിലുണ്ടായിരുന്ന 15000 രൂപയടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടത് കൃഷ്ണമ്മ അറിയുന്നത്. വായ്പ എടുത്ത പണം തിരിച്ചു അടയ്ക്കാനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു പഴ്സ് മോഷ്ടിക്കപ്പെട്ടത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതു കണ്ടത്.
ബസിൽ യാത്രയ്ക്കിടെ സഞ്ചിയുടെ ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സ് ആരോ മോഷ്ടിക്കുകയായിരുന്നു. താന്‍ കൂട്ടിവെച്ച പണം നഷ്ടമായതറിഞ്ഞതോടെ അവര്‍ പരിസരം മറന്ന് നിലവിളിച്ചു. ഇതോടെ അവിടെയുണ്ടായിരുന്നു നാട്ടുകാരും വനിതാ പൊലീസ് സംഘവും കൃഷ്ണമ്മയുടെ അടുത്തെത്തി വിവരം ആരാഞ്ഞു. അവർക്കുമുന്നിലാണ് വാവിട്ടു കരഞ്ഞുകൊണ്ട് പണം മോഷണം പോയ കാര്യം കൃഷ്ണമ്മ പറഞ്ഞത്. ആഹാരവും മരുന്നുപോലും മാറ്റിവെച്ച്‌ മിച്ചം പിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് അവര്‍ പറഞ്ഞു. പാളയത്തെ നടപ്പാതയിലിരുന്ന് കരഞ്ഞുകൊണ്ടിരുന്ന കൃഷ്ണമ്മയെ പിങ്ക് പൊലീസ് സംഘം എത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
advertisement
എത്രയും പെട്ടെന്ന് പണം കണ്ടെത്തി തരാമെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് ഉറപ്പു നൽകി. ഉടന്‍തന്നെ എസ്.ഐ. റസിയാ ബീഗത്തിന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു. വയര്‍ലസ് സന്ദേശം നല്‍കി ആ റൂട്ടിലെ സ്വകാര്യ ബസുകള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും ശനിയാഴ്ച രാത്രിവരെയും പണം കണ്ടെത്താനായില്ല. പണം കിട്ടാതെ മടങ്ങിപ്പോവില്ല എന്നു പറഞ്ഞ് കരച്ചില്‍ തുടര്‍ന്ന കൃഷ്ണമ്മയെ ആശ്വസിപ്പിക്കാൻ പങ്ക് പൊലീസ് നന്നായി ബുദ്ധിമുട്ടി.
advertisement
പിന്നീട് വനിതാപോലീസ് ഇവരെ കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ക്യാമറ പരിശോധന ഉള്‍പ്പെടെ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വണ്ടിക്കൂലിക്കു പോലും പണമില്ലാതിരുന്ന അവരെ ഒടുവില്‍ മകള്‍ ലേഖയുടെ പൂജപ്പുരയിലെ വീട്ടില്‍ പിങ്ക് പോലീസ് തന്നെ എത്തിച്ചു. പണം മോഷണം പോയ സംഭവത്തിൽ അന്വേഷണം തുടരുമെന്നും മോഷ്ടാവിനെ എത്രയും വേഗം കണ്ടെത്തുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അതെന്‍റെ പെൻഷൻ കാശാണേ, കണ്ടുപിടിച്ചുതരണേ' 15000 രൂപ മോഷണം പോയതോടെ വാവിട്ടു നിലവിളിച്ച് എൺപതുകാരി
Next Article
advertisement
വീട്ടിൽ കയറി ആക്രമണം, അടിപിടി, മോഷണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി
വീട്ടിൽ കയറി ആക്രമണം, അടിപിടി, മോഷണം; തൃശൂരിൽ വനിതാ ഗുണ്ടകളെ കാപ്പചുമത്തി നാടുകടത്തി
  • തൃശൂരിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി തുടങ്ങിയ കേസുകളിൽ 2 യുവതികളെ കാപ്പ ചുമത്തി നാടുകടത്തി.

  • വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ച, വീടുകയറി ആക്രമണം, അടിപിടി കേസുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.

  • കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ഒപ്പിടാൻ നിർദേശിച്ചിരുന്നെങ്കിലും ഉത്തരവ് ലംഘിച്ചതിനാൽ നാടുകടത്തി.

View All
advertisement