News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 28, 2021, 5:24 PM IST
പ്രതീകാത്മക ചിത്രം
നാഗ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽവെച്ച് പാന്‍റിന്‍റെ സിബ് അഴിക്കുന്നതും കൈയിൽ പിടിക്കുന്നതും ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അമ്പതുകാരന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബെഞ്ച് വിധി. നേരത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചത് വലിയ വാർത്തയായിരുന്നു.
അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ലിബ്നസ് കുജുർ എന്നയാൾ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്. ഐസിസി 354 എ 1, 448 എന്നീ വകുപ്പുകൾ പ്രകാരവും പോക്സോ നിയമം 8,10, 12 വകുപ്പുകൾ അനുസരിച്ചും പ്രതി കുറ്റക്കാരനാണെന്നു വിലയിരുത്തിയെ പോക്സോ കോടതി അഞ്ചു വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രം മാറ്റാതെ സ്പർശിക്കുന്നതിൽ പോക്സോ പ്രകാരം കേസെടുക്കാൻ ആകില്ലെന്ന നിരീക്ഷണം നടത്തിയതും ജസ്റ്റിസ് പുഷ്പ ഗനേഡിവാല ആയിരുന്നു. ഇത് നിയമവൃത്തങ്ങളിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു. ഈ വിധി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ മറ്റൊരു വിധിയും വാർത്താപ്രാധാന്യം നേടുന്നത്.
പ്രായപൂർത്തിയാകാത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന നിയമം(പോക്സോ) പ്രകാരം പാന്‍റിന്‍റെ സിപ് അഴിക്കുക, കൈയിൽ പിടിക്കുക എന്നിവ ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് പുഷ്പ വിലയിരുത്തി. ഇതിനു പരമാവധി സ്ത്രീയുടെ അന്തസ്സു കെടുത്തൽ (ഐപിസി 354 എ1), പോക്സോ നിയമത്തിലെ താരമമ്യേന ശിക്ഷ കുറഞ്ഞ പന്ത്രണ്ടാം വകുപ്പ് എന്നീ വകുപ്പുകൾ പ്രകാരമേ കുറ്റക്കാരനെന്നു വിധിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനോടകം അഞ്ചു മാസം പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതിനാൽ വിട്ടയയ്ക്കാവുന്നതായും കോടതി വിധിന്യായത്തിൽ പറയുന്നു.
'മാറിടത്തിൽ പിടിക്കുന്നതെല്ലാം പോക്സോപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചത് വലിയ ചർച്ചയായിരുന്നു. തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്റെ ഗണത്തിൽപ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ല. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ വിധി പറഞ്ഞ സിംഗിൾ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരു കേസിൽ പോക്സോ വകുപ്പ് നിലനിൽക്കണമെങ്കിൽ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ലൈംഗികാസക്തിയോടെ സ്പർശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കുകയോ വേണം. ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ നെഞ്ചിൽ പിടിക്കുന്നത് എല്ലായ്പ്പോഴും ലൈംഗികാതിക്രമത്തിൽ ഉൾപ്പെടുത്താനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 12 വയസുള്ള പെൺകുട്ടിയുടെ വസ്ത്രം പാതി അഴിച്ച് മാറിടത്തിൽ പിടിച്ച കേസിൽ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് കോടതി വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
Published by:
Anuraj GR
First published:
January 28, 2021, 5:24 PM IST