ഗജവീരൻ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു; ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖൻ

Last Updated:

വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഏറ്റവും വലിയ കൊമ്പനായ വലിയ കേശവൻ ചരിഞ്ഞു. 52 വയസ്സായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ മുന്‍നിരയിലായിരുന്നു വലിയ കേശവന്‍. ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖനായിരുന്നു.  ശാന്തസ്വഭാവിയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ്  വലിയ കേശവൻ ചരിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി വലിയ കേശവന്റെ ആരോഗ്യനില ഏറെ മോശമായിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെ കാലമായി ചികിത്സയിലായിരുന്നു.
2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് കേശവനെ നടയിരുത്തിയത്. നാകേരി മനയിലെ നാല് ആനകളിൽ ഒരു ആനയെ ഗുരുവായൂരപ്പന് നൽകാമെന്ന് നിശ്ചയിച്ച് നറുക്കിട്ടപ്പോൾ കൂട്ടത്തിലെ വലിയവനും സുന്ദരനുമായ അയ്യപ്പൻകുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേവസ്വത്തിന് കീഴിലെത്തിയപ്പോൾ അയ്യപ്പൻകുട്ടിയെന്ന പേര് കേശവൻ എന്നാക്കി. ഗുരുവായൂർ ആനക്കോട്ടയിൽ വലുപ്പത്തിൽ മുന്നിലായ കേശവൻ വലിയ കേശവൻ എന്നാണ് പിന്നീട് അറിയപ്പെട്ടത്.
advertisement
1960കളുടെ അവസാനം ബിഹാറിൽ നിന്നാണ് കൊമ്പനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഹീറോ പ്രസാദ് എന്നായിരുന്നു ആദ്യത്തെ പേര്. 2018ൽ ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി ഗുരുവായൂർ വലിയ കേശവന് നൽകിയ റെക്കോർഡ് ഏക്കത്തുക (എഴുന്നള്ളിപ്പിനുള്ള തുക) 2,26,001 രൂപയായിരുന്നു.
advertisement
2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പത്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായൂരിലെ ആനകളിൽ പ്രധാനിയായത്. മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു.
ഗുരുവായൂർ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളിൽ മുൻപന്തിയിലായിരുന്നു. 2017 ൽ ‘ഗജരാജൻ’ ഗുരുവായൂർ കേശവൻ സ്മരണച്ചടങ്ങിൽ ദേവസ്വം ഗജരാജപ്പട്ടവും ഗുരുവായൂർ വലിയ കേശവന് ലഭിച്ചു. വലിയ കേശവന്‍ ചരിഞ്ഞതോടെ ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ എണ്ണം 45 ആയി.
advertisement
പൂരത്തിന് എഴുന്നള്ളിച്ചതില്‍ ഏറ്റവും കൂടുതല്‍ തുകയിലും തലയെടുപ്പ് വലിയ കേശവനായിരുന്നു. സാധാരണ ദിവസങ്ങളില്‍ 50,000 രൂപയും വിശേഷ ദിവസങ്ങളില്‍ 75,000 വുമാണ് വലിയ കേശവന്റെ ഏക്കതുക. തൃശ്ശൂര്‍ പൂരത്തിനും, പ്രധാനപ്പെട്ട മറ്റു പൂരങ്ങളായ ഉത്രാളിക്കാവിലും പാര്‍ക്കാടിയിലുമെല്ലാം വലിയ കേശവന്‍ താരമായിരുന്നു. ഗജകുലഛത്രാധിപതി, സാമജസമ്രാട്ട്, ഗജരത്നം, ഗജസമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം എന്നിങ്ങനെ വലിയ കേശവന് അംഗീകാരങ്ങള്‍ ഏറെയുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗജവീരൻ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു; ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്ന ആനകളില്‍ പ്രമുഖൻ
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement