• HOME
 • »
 • NEWS
 • »
 • kerala
 • »
 • M Sivasankar Arrested |'നാലു മാസം; മൂന്ന് ഏജന്‍സികൾ; 92.5 മണിക്കൂറുകൾ'; സംസ്ഥാനത്തെ നിർണായക പദവി വഹിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ

M Sivasankar Arrested |'നാലു മാസം; മൂന്ന് ഏജന്‍സികൾ; 92.5 മണിക്കൂറുകൾ'; സംസ്ഥാനത്തെ നിർണായക പദവി വഹിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മാരത്തൺ ചോദ്യം ചെയ്യലുകൾ, വിവാദങ്ങൾ, ഊഹാപോഹങ്ങൾ, നെഞ്ചുവേദന, ആശുപത്രി വാസം, മുൻകൂര്‍ ജാമ്യാപേക്ഷ, വൈകാരികത നിറഞ്ഞ കോടതിയിലെ വാദങ്ങൾ... എന്നിവക്കെല്ലാമൊടുവിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായിരിക്കുന്നത്.

എം. ശിവശങ്കർ (ഫയൽ ചിത്രം)

എം. ശിവശങ്കർ (ഫയൽ ചിത്രം)

 • Last Updated :
 • Share this:
  M Sivasankar Arrestedനാലുമാസത്തോളം മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി സംസ്ഥാനത്തെ പ്രമുഖനായ ഐഎഎസ് ഉദ്യോഗസ്ഥൻ ഇരുന്നത് 92.5 മണിക്കൂർ. മാരത്തൺ ചോദ്യം ചെയ്യലുകൾ, വിവാദങ്ങൾ, ഊഹാപോഹങ്ങൾ, നെഞ്ചുവേദന, ആശുപത്രി വാസം, മുൻകൂര്‍ ജാമ്യാപേക്ഷ, വൈകാരികത നിറഞ്ഞ കോടതിയിലെ വാദങ്ങൾ... എന്നിവക്കെല്ലാമൊടുവിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായിരിക്കുന്നത്.

  ആദ്യ ഊഴം കസ്റ്റംസിന്റേത്

  ജൂലൈ 5നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. സ്വപ്ന സുരേഷ് കേസിൽ പ്രതിയായതോടെയാണ് കസ്റ്റംസ് ശിവശങ്കറിലേക്കെത്തിയത്. ജൂലൈ 14നും 15നും നടന്ന ആദ്യവട്ട ചോദ്യംചെയ്യലിൽ സ്വപ്നയുമായുള്ള സൗഹൃദം മറച്ചുവയ്ക്കാതെ ശിവശങ്കർ ചോദ്യങ്ങളെ നേരിട്ടു. കള്ളക്കടത്ത് സംഘം പലതവണ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയതെന്ന് പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റ് ഏർപ്പാടാക്കിയതും സ്വപ്നയ്ക്ക് ബാങ്ക് ലോക്കർ എടുക്കുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തിയതും സാമ്പത്തിക സഹായം നൽകിയതുമെല്ലാം ശിവശങ്കർ കസ്റ്റംസിനോട് തുറന്നു പറഞ്ഞു.

  Also Read- 'ശിവശങ്കറിനെതിരായ കേസ് പിന്നീട് തേച്ചു മായിക്കപ്പെട്ടേക്കാം; പക്ഷെ ഈ അറസ്റ്റ് പ്രകൃതിയുടെ നീതി വിളംബരം': മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ കുറിപ്പ്

  കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ സൗന്ദര്യ വർധക വസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരത്ത് വിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ സ്വപ്ന പറഞ്ഞിരുന്നു. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ സംശയകരമായ സാമ്പത്തിക ഇടപാടുകൾ തനിക്ക് അറിയാമെന്നതാണ് അവിടത്തെ ജോലി നഷ്ടപ്പെടാൻ കാരണമെന്നും സ്വപ്ന പറഞ്ഞതായി ശിവശങ്കർ മൊഴി നൽകി. ഒരുമിച്ചു യാത്ര നടത്തിയതുമടക്കമുള്ള വിശദാംശങ്ങളും പറഞ്ഞു. എന്നാൽ, സ്വർണക്കടത്തോ സ്വപ്നയുടെ പണമിടപാടുകളോ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു ശിവശങ്കർ ആവർത്തിച്ചത്. ശിവശങ്കറിന് പങ്കാളിത്തമുണ്ടെന്നതിന് കാര്യമായ തെളിവുകളൊന്നും ഈ ഘട്ടത്തിൽ കസ്റ്റംസിന് ലഭ്യമല്ലായിരുന്നു. ശിവശങ്കറിന്റെ ഐഫോൺ കസ്റ്റംസ് വാങ്ങിവച്ചു.

  രണ്ടാമത് എൻഐഎ

  കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജൻസിയുടെ ഊഴമായിരുന്നു. ആറുവട്ടമാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ഈ മാസം 9ന് ശിവശങ്കറിന്റെ ഫയൽ വീണ്ടും കസ്റ്റംസ് തുറന്നു. അതിന് കാരണം ഇഡി സമർപ്പിച്ച കുറ്റപത്രത്തിലെ നിർണായക വിവരങ്ങളായിരുന്നു. സ്വർണക്കടത്തിന് മുൻപുതന്നെ സ്വപ്നയുടെ പണമിടപാട് സംബന്ധിച്ച് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും തമ്മിൽ പലതവണ വാട്സാപ് ചാറ്റ് നടന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടുകളടക്കം കണ്ടെടുത്തു. ഇതോടെ ശിവശങ്കർ എന്തൊക്കെയോ മറയ്ക്കുന്നുവെന്ന് കസ്റ്റംസിന് വ്യക്തമായി. ഇതോടെ ശിവശങ്കറിന്റെ പണമിടപാടുകളെ പറ്റിയുള്ള അന്വേഷണത്തിലായി കസ്റ്റംസ്.

  കൊച്ചിയിൽ ചോദ്യം ചെയ്യൽ

  ഈ മാസം 9ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്ക് ശിവശങ്കറിനെ വിളിപ്പിച്ചത് ഈന്തപ്പഴം ഇറക്കുമതി, മതഗ്രന്ഥ വിതരണ കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചറിയാനായിരുന്നു. എന്നാൽ പിന്നീ്ട് ചോദ്യങ്ങൾ സ്വർണക്കടത്തിലെത്തി. 11 മണിക്കൂറിനുശേഷം ശിവശങ്കറിനെ വിട്ടയച്ചു. പിറ്റേന്നും വരാനുള്ള നോട്ടിസ് നൽകിയാണ് വിട്ടയച്ചത്.

  10ന് കമ്മീഷണറേറ്റിൽ ശിവശങ്കറിനെ ചോദ്യം ചെയ്ത അതേ സമയത്ത്, സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ ജയിലിലും ചോദ്യം ചെയ്തു. വീണ്ടും 11 മണിക്കൂർ ചോദ്യം ചെയ്യൽ. വിദേശയാത്രകൾ സംബന്ധിച്ച് തെളിവുകൾ 13ന് ഹാജരാക്കാമെന്ന ഉറപ്പിൽ ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചു. പക്ഷേ, 13ന് ശിവശങ്കർ സമയം നീട്ടിച്ചോദിച്ചു.

  Also Read- എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു

  കസ്റ്റംസ് തിരുവനന്തപുരത്തെ വീട്ടിൽ

  1.90 ലക്ഷം ഡോളർ (1.34 കോടി രൂപ) വിദേശത്തേക്ക് കടത്തിയെന്ന കേസിൽ സ്വപ്ന, സരിത്ത് എന്നിവരെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി ഈ മാസം 16ന് കസ്റ്റംസ് സാമ്പത്തികക്കുറ്റ വിചാരണക്കോടതിയെ സമീപിച്ചു. അന്ന് വൈകിട്ട് 6ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശിവശങ്കറിനും കസ്റ്റംസ് നോട്ടിസ് നൽകി. ജോ. കമ്മീഷണർ വസന്തഗേശനും അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വിവേക് വാസുദേവനും കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു. ശിവശങ്കറിനെ വീട്ടിൽനിന്ന് കാറിൽ കയറ്റി, കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫീസിലേക്ക് യാത്ര തുടങ്ങി.

  Also Read- 'ശിവശങ്കറിന്‍റെ അറസ്റ്റ് കേസിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കിന് തെളിവ്'

  യാത്രക്കിടെ ദേഹാസ്വാസ്ഥ്യം

  വീട്ടിൽ നിന്ന് കസ്റ്റംസ് ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുവെന്ന് ശിവശങ്കർ ഉദ്യോഗസ്ഥരോട് പറഞ്ഞു. വൈകാതെ ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചു നേരം കാത്തിരുന്ന ശേഷം കസ്റ്റംസ് മടങ്ങി. അടുത്ത ദിവസം തന്നെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി. 28വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

  Also Read- സ്വ‍ർണക്കടത്തിലെ ഗൂഢാലോചനയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് തെളിഞ്ഞു: കെ.സുരേന്ദ്രൻ

  അറസ്റ്റ്

  ഈ മാസം 28 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെ ശിവശങ്കർ മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സ തേടി. ഇതിനിടെ ഇന്നലെ ഹൈക്കോടതി ശിവശങ്കരിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അഞ്ചുമിനിറ്റിനകം തിരുവനന്തപുരത്ത് കാത്തുനിന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തു. ഉച്ചതിരിഞ്ഞ് 3.20ന് അദ്ദേഹത്തെ കൊച്ചിയിലെ ഓഫീസിലെത്തിച്ചു. രാത്രി പത്തു മണിയോടെ അറസ്റ്റ്.
  Published by:Rajesh V
  First published: