Gold Smuggling Case | 'സ്വപ്ന ഒളിക്കുന്നത് എന്തിനാണെന്ന് അറിയില്ല'; ലുക്ക് ഔട്ട് നോട്ടീസുമായി കസ്റ്റംസ്
Gold Smuggling Case | 'സ്വപ്ന ഒളിക്കുന്നത് എന്തിനാണെന്ന് അറിയില്ല'; ലുക്ക് ഔട്ട് നോട്ടീസുമായി കസ്റ്റംസ്
എന്തിനാണ് സ്വപ്ന ഒളിവിൽ കഴിയുന്നതെന്നും ഒളിവിൽ കഴിയുന്നത് സ്വപ്നയെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ചെയ്യൂവെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില റിപ്പോർട്ടുകൾ ലഭിച്ചതായും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനായി ലുക്ക് ഔട്ട് നോട്ടീസുമായി കസ്റ്റംസ് വകുപ്പ്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഒളിവിലാണ് സ്വപ്ന സുരേഷ്. യു എ ഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥ കൂടിയായ ഇവർ രാജ്യത്തിനു പുറത്തു കടക്കില്ലെന്ന് ഉറപ്പിക്കാനാണ് കസ്റ്റംസ് വകുപ്പ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്.
അതേസമയം, കഴിഞ്ഞ നാലു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്നയെ കണ്ടെത്താൻ ഇതുവരെ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. സ്വപ്നയ്ക്കായി തിരച്ചിൽ തുടരുകയാണ്. സ്വപ്ന തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും അതല്ല തമിഴ്നാട്ടിലേക്ക് കടന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മുൻകൂർ ജാമ്യം നേടുന്നതിന്റെ ഭാഗമായി സ്വപ്നയുമായി ബന്ധമുള്ളവർ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ് രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആയിരുന്നു പിടിഐ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്തിനാണ് സ്വപ്ന ഒളിവിൽ കഴിയുന്നതെന്നും ഒളിവിൽ കഴിയുന്നത് സ്വപ്നയെ കൂടുതൽ കുഴപ്പത്തിലാക്കുകയേ ചെയ്യൂവെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്വപ്നയുടെ നീക്കങ്ങളെക്കുറിച്ച് ചില റിപ്പോർട്ടുകൾ ലഭിച്ചതായും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് ജൂൺ 30നാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ പി ആർ ഒ സരിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്നയുടെ പങ്ക് വ്യക്തമായത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.