Kerala Gold Smuggling | സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണ്ണകള്ളക്കടത്ത് എന്ന യഥാർഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂട.
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ. സംഭവവുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ സംശയങ്ങളും ദൂരികരിക്കപ്പെടണമെന്നും സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നുമാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയൽ ലേഖനത്തിലൂടെയാണ് വിഷയത്തിൽ സിപിഐയുടെ പ്രതികരണം.
'സ്വർണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരണം' എന്ന തലക്കെട്ടിലാണ് ലേഖനം. ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്ന പരോക്ഷ വിമർശനം ഉന്നയിക്കുന്ന ലേഖനത്തിൽ, മുൻസർക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങളും ഉയർത്തുന്നുണ്ട്.TRENDING:Kerala Gold Smuggling | സ്വപ്ന സുരേഷിന്റെ ബിസിനസ് പങ്കാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ [NEWS]Swapna Suresh| സ്വപ്ന 'ഏറ്റവും മികച്ച ഉദ്യോഗസ്ഥ'; ഐടി വകുപ്പിൽ ജോലിക്കായി സമർപ്പിച്ച രേഖകളിൽ യുഎഇ കോൺസുലേറ്റിന്റെ ഗുഡ് സർട്ടിഫിക്കറ്റും [NEWS]ഇരുപത് വർഷം മുമ്പ് 'വോൾഗ കേസ്'; ഇപ്പോൾ സ്വർണ്ണക്കടത്ത്: രണ്ടിടത്തും ഹീറോ നട്ടെല്ലുളള കസ്റ്റംസ് ഉദ്യോഗസ്ഥൻ എച്ച്.രാമമൂർത്തി [NEWS]
കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണ്ണകള്ളക്കടത്ത് എന്ന യഥാർഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂട. വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം. ലേഖനത്തിൽ വ്യക്തമാക്കുന്നു..
advertisement
ജനയുഗം എഡിറ്റോറിയൽ പൂർണ്ണരൂപം:
തിരുവനന്തപുരം വിമാനത്താവളത്തിൽ യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന 30 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ഈ കള്ളക്കടത്തിന് ഒട്ടേറെ പുതുമകളും സവിശേഷതകളുമുണ്ടെന്ന് സംഭവം പുറത്തുവന്നതോടെ തന്നെ വ്യക്തമാക്കപ്പെട്ടിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യത്ത് ആദ്യമായാണ് എന്നതാണ് അതിലൊന്ന്.
സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്നത് മറ്റൊരു പ്രത്യേകതയാണ്. സാധാരണ നിലയിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്നതിന്റെ മറവിലാണ് കള്ളക്കടത്ത് നടന്നിരിക്കുന്നത്. കസ്റ്റംസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബാഗേജ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഭക്ഷ്യ വസ്തുക്കളെന്ന വ്യാജേനയെത്തിയ ബാഗേജിൽ നിന്നാണ് ഇത്രയും വലിയ സ്വർണവേട്ട നടന്നിരിക്കുന്നത്. സംഭവത്തിൽ ആദ്യ ദിവസം കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന്‍ സരിത്തിനെ ചോദ്യം ചെയ്യുന്നതും കൂടുതൽ പരിശോധനകളും മറ്റ് അന്വേഷണ നടപടികളും തുടരുകയാണ്.
advertisement
ഒരിടപാടിന് 15 ലക്ഷം രൂപ വരെയാണ് കമ്മിഷന്‍ വാങ്ങിയിരുന്നതെന്നാണ് സരിത് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം വിമാനത്തിന് പുറത്തെത്തിക്കുകയായിരുന്നു സരിത്തിന്റെ പ്രധാന ചുമതല. ഇതിനായി നേരത്തേ ജോലി ചെയ്തിരുന്ന കോൺസുലേറ്റ് പിആര്‍ഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുകയായിരുന്നു. പിആര്‍ഒ ചമഞ്ഞ് പലരെയും സരിത്ത് തെറ്റിദ്ധരിപ്പിച്ചതായും പരിശോധനക്കിടെ വിമാനത്താവളം ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സരിത്തിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ പുറത്തുവരുന്ന വിവരങ്ങളാണ് വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ മൊഴിയനുസരിച്ച് കൂട്ടുപ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ പേരുവിവരങ്ങളാണ് വിവാദത്തിനുള്ള വിഷയമായി പ്രതിപക്ഷവും മാധ്യമങ്ങളും ആഘോഷമാക്കുന്നത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ കൊഴുക്കുന്നത്.
advertisement
അവർക്കുള്ള ബന്ധങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളും കണ്ടെത്തി രാഷ്ട്രീയ വിഷയമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. അവർ ഇപ്പോൾ ജോലി ചെയ്യുന്നത് ഐടി വകുപ്പുമായി ബന്ധമുള്ള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഓപ്പറേഷണൽ മാനേജർ എന്ന പദവിയാണ് വിവാദത്തിനും ആരോപണങ്ങൾക്കുമുള്ള കാരണമായി ഉപയോഗിക്കപ്പെട്ടത്. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്ന ഉടൻതന്നെ പ്രസ്തുത ജോലിയിൽ നിന്ന് അവരെ ഒഴിവാക്കി.
സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന ആരോപണമുയർന്നതിന്റെ അടിസ്ഥാനത്തിൽ ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം ശിവശങ്കർ ഐഎഎസിനെ തൽസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. മുൻസർക്കാരിന്റെ കാലത്തു നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനുള്ള ആദ്യത്തെ മറുപടിയാണ് സ്വപ്ന സുരേഷിന്റെ പുറത്താക്കലും എം ശിവശങ്കറിനെ സ്ഥാനത്തുനിന്ന് മാറ്റിയതും.
advertisement
ഇപ്പോഴത്തെ സംഭവത്തോട് താരതമ്യംചെയ്യുന്ന മുൻസർക്കാരിന്റെ കാലത്തുണ്ടായ സോളാർ വിവാദത്തിൽ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങൾ ഓർത്തെടുത്താൽ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാൽതന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകും. എന്നാൽ കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് വൻ സ്വർണക്കള്ളക്കടത്ത് എന്ന യഥാർത്ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടാ. കാരണം നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിധത്തിലാണ് സ്വർണക്കടത്ത് നടക്കുന്നതെന്നാണ് വിവരം. പ്രതിവർഷം 200 ടൺ സ്വർണമെങ്കിലും അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്നുണ്ട്.
advertisement
നികുതിയിനത്തിലുള്ള നഷ്ടത്തിനൊപ്പം കള്ളപ്പണം ഒളിപ്പിക്കാനുള്ള വഴിയായും ഇത്തരം സ്വർണ ഇറക്കുമതി വിനിയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടേണ്ടതുണ്ട്. അതിന് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ സത്യസന്ധമായി പുറത്തു കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. ഏത് അന്വേഷണത്തെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരിക തന്നെ വേണം. കുറ്റാരോപിതർക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതിൽ ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അർഹമായ ശിക്ഷ ലഭ്യമാക്കുകയും വേണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2020 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Gold Smuggling | സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ