• HOME
 • »
 • NEWS
 • »
 • kerala
 • »
 • KV Thomas| തലതൊട്ടപ്പന്മാരും വിവാദങ്ങളും; കുമ്പളങ്ങി മുതൽ ജനപഥ് വരെ കെ വി തോമസിന്റെ രാഷ്ട്രീയ രസതന്ത്രം

KV Thomas| തലതൊട്ടപ്പന്മാരും വിവാദങ്ങളും; കുമ്പളങ്ങി മുതൽ ജനപഥ് വരെ കെ വി തോമസിന്റെ രാഷ്ട്രീയ രസതന്ത്രം

കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന അഞ്ചു പതിറ്റാണ്ടുകാലം നീണ്ട കോൺഗ്രസിലെ കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. എക്കാലവും അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം.

കെ വി തോമസ്

കെ വി തോമസ്

 • Last Updated :
 • Share this:
  ''ഒരു മനുഷ്യായുസ്സിൽ നേടാനാവുന്ന പദവികളെല്ലാം സ്വന്തമാക്കിയശേഷം കോൺഗ്രസ് പാർട്ടിയോട് നന്ദികേട് കാട്ടി''- നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം വേദിയിൽ പോകാനുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനത്തിനെതിരെ എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. കെ വി തോമസിന്റെ പ്രൊഫൈലിലൂടെ കണ്ണോടിച്ചാൽ രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതിൽ അൽപം ശരിയുണ്ടെന്നു കാണാം. എന്നാൽ നൂലിൽ കെട്ടിയിറങ്ങിയയാളല്ലെന്നും ജനപിന്തുണയുടെ തെളിവാണ് ഓരോ തെരഞ്ഞെടുപ്പ് വിജയങ്ങളുമെന്ന തോമസിന്റെ മറുപടിയും തള്ളിക്കളയാനാവില്ല. കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിൽ ഇന്ദ്രപ്രസ്ഥം വരെ നീളുന്ന അഞ്ചു പതിറ്റാണ്ടുകാലം നീണ്ട കോൺഗ്രസിലെ കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീണോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. എക്കാലവും അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ ജീവിതം.

  രാഷ്ട്രീയ രസതന്ത്രത്തിലേക്ക്....

  1946 മെയ് 10 നാണ് കെ ഡി വർക്കി- റോസി വർക്കി ദമ്പതികളുടെ മകനായി കെ വി തോമസ് എന്ന കുറുപ്പശ്ശേരി വർക്കി തോമസിന്റെ ജനനം. എറണാകുളം തേവര കോളജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. ഷേർളിയാണ് ഭാര്യ, ബിജു, രേഖ, ഡോ. ജോ എന്നിവരാണ് മക്കൾ. കുമ്പളങ്ങിയിലും എറണാകുളത്തും കേന്ദ്രീകരിച്ചായിരുന്നു വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് വിദ്യാർഥികൾക്ക് ട്യൂഷൻ ഉൾപ്പെടെ എടുത്തായിരുന്നു ചിലവിനുള്ള പണം കണ്ടെത്തിയത്. എറണാകുളം തേവര കോളജിൽ ഉൾപ്പെടെ 33 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം 2001 മെയ് 31 നാണ് തന്റെ അക്കാദമിക ജീവിതം അവസാനിപ്പിക്കുന്നത്.

  വാർഡ് കമ്മിറ്റി ചെയർമാനായി തുടക്കം

  രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ് പൂർത്തിയാക്കുമ്പോൾ പാർലമെന്ററി പദവികൾക്ക് പുറമെ കോൺഗ്രസ് വാർഡ് കമ്മിറ്റി ചെയർമാൻ മുതൽ എഐസിസിയുടെ തെരഞ്ഞെടുപ്പ് ചുമതല വരെയും തോമസ് വഹിച്ചിട്ടുണ്ട്. ഐഎൻടിയുസി ജനറൽ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ സാംസ്കാരിക സാമൂഹി സംഘടനളുടെ ചുമതലക്കാരൻ കൂടിയായിരുന്നു അദ്ദേഹം. 1984 ലാണ് അദ്യമായി തോമസ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നത്. ലോക്സഭയിലേക്കായിരുന്നു മത്സരം. ഇതുൾപ്പെടെ ആറുതവണ ലോക്സഭയിലേക്ക് മൽസരിക്കുകയും അഞ്ച് തവണ വിജയിക്കുകയും ചെയ്തതു. രണ്ട് തവണ എറണാകുളത്ത് നിന്നു തന്നെ നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

  തിരുത മീനും തോമസ് മാഷും

  കുമ്പളങ്ങിയുടെ പ്രശസ്തമായ തിരുത മീന്‍‌ നൽകിയാണ് തോമസ് മാഷ് നേതാക്കളുടെ മനം കവർന്നതെന്നാണ് അണിയറക്കഥകൾ. ആദ്യം കെ കരുണാകര‍നും പിന്നീട് സോണിയാ ഗാന്ധിക്കും 'തിരുത മീൻ' നൽകിയാണ് കെ വി തോമസ് അടുപ്പക്കാരനായതെന്നാണ് ഈ കഥകളുടെയെല്ലാം സാരം. ഇപ്പോൾ രാഹുൽ ഗാന്ധിയുടെ മനം കവരാൻ തോമസ് മാഷിന്റെ തിരുത മീനിന് കഴിയാത്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ വിമർശകർ പറയുന്നത്.

  Also Read- KV Thomas| 'തിരുതത്തോമാ... എന്ന് വിളിച്ചു'; കോൺഗ്രസിൽ നിരന്തരം അധിക്ഷേപിക്കപ്പെട്ടുവെന്ന് കെ വി തോമസ്

  അടുത്തിടെ പുറത്തിറങ്ങിയ ഭീഷ്മപർവം അടക്കം ഒട്ടനവധി മലയാള സിനിമകളിൽ കെ വി തോമസെന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ അഭ്രപാളിയിലെത്തിയിട്ടുണ്ട്. ഇതിലെല്ലാം തിരുത മീനുമായി ഡൽഹിയിൽ ഹൈക്കമാൻഡിന്റെ വീഴ്ത്താൻ പോകുന്ന എംപിയെ കാണാം. ഭീഷ്മപർവത്തിലെ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ കെ വി തോമസിന്റെ മകൻ തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരുന്നു.

  പ്രിയപ്പെട്ട നാടിനെയും ഇഷ്ട നേതാക്കളെയും കുറിച്ച് പുസ്തകം രചിച്ച നേതാക്കളും വേറെയുണ്ടാകില്ല. എന്റെ ലീഡർ, കുമ്പളങ്ങി വർണങ്ങൾ, എന്റെ കുമ്പളങ്ങി, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, സോണിയ പ്രിയങ്കരി, കുമ്പളങ്ങി ഫ്ലാഷ് എന്നിവയാണ് മാഷ് എഴുതിയ പുസ്തകങ്ങള്‍.

  രാഷ്ട്രീയ വഴികാട്ടിയായത് ലീഡർ

  ലീഡർ കെ കരുണാകരനായിരുന്നു കെ വി തോമസിന്റെ രാഷ്ട്രീയ വഴികാട്ടി. കരുണാകന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് കെ വി തോമസ് എംഎൽഎയും മന്ത്രിയുമായത്. രാഷ്ട്രീയത്തിൽ കരുത്തരായവർ‌ക്കൊപ്പം എപ്പോഴും ചേർന്നു നിന്ന പാരമ്പര്യമുള്ള കെ വി തോമസ് പക്ഷേ ഒന്നിനെയും രൂക്ഷമായി എതിർക്കുന്ന വ്യക്തിയല്ല. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്രമോദി ആയാലും അതിനു മാറ്റമുണ്ടാവില്ല. ഇതിന്റെ ഉദാഹരണമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയുള്ള കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്മെന്റ് സമ്മേളനത്തിലെ പരാമർശം.

  Also Read- KV Thomas| 'ഭീഷണിക്ക് വഴങ്ങില്ല; പുറത്താക്കാൻ AICCക്കേ കഴിയൂ; മത്സരിച്ചപ്പോഴെല്ലാം ജയിച്ചതാണോ കുറ്റം'; കെ വി തോമസ്

  തന്റെ തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു കെ വി തോമസിന്റെ വിലയിരുത്തൽ. കോൺഗ്രസിന്റെ നേതാക്കളേക്കാൾ ഞാൻ കൂടുതൽ കംഫർട്ടബിളാകുന്നത് മോദിയുമായി ആശയവിനിമയം നടത്തുമ്പോഴാണ്. ‘നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്. ഭരണനിർവഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തിൽ മോദി വിദഗ്ധനാണെന്നുമായിരുന്നു പരാമർശം. സംഭവത്തിൽ അദ്ദേഹത്തോട് കെപിസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു.

  മോദിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് പാര്‍ലമെന്‍റിന്റെ പബ്ലിക് അകൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയര്‍മാനായി കെ വി തോമസിനെ തെരഞ്ഞെടുത്തതെന്നും റിപ്പോർട്ടുകളുണ്ടാരുന്നു. 2014 ഓഗസ്റ്റ് 20 നായിരുന്നു ചുമതലയേറ്റത്. മതിയായ അംഗങ്ങളില്ലാത്തതിന്റെ പേരിൽ ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ബിജെപി നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു കെ വി തോമസിനെ മോദി സർക്കാർ പി‌എസി അധ്യക്ഷ ചുമതല നൽകിയത്.

  രാഷ്ട്രീയ ജീവിതത്തിലെ 'ഷോക്ക്'

  2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർ‌ത്ഥി പട്ടിക പുറത്ത് വന്നതിന് പിറകെ സീറ്റ് ലഭിച്ചവരെക്കാൾ കൂടുതൽ‌ വാർത്താ പ്രാധാന്യം നേടിയത് കെ വി തോമസായിരുന്നു. സിറ്റിങ്ങ് എംപിയായിരുന്ന അദ്ദേഹത്തെ മറികടന്ന് എംഎൽഎയും യുവ നേതാവുമായ ഹൈബി ഈഡനെ പരിഗണിച്ചതോടെയാണ് കെ വി തോമസ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. പാർട്ടി തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ അദ്ദേഹം വെളിപ്പെടുത്തി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് പ്രഖ്യാപനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  Also Read- CPM Party Congress| സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ്; കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് തള്ളി

  1970 മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗവും ഏഴ് തവണ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജനപ്രതിനിധിയാവുകയും, കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായ കെ വി തോമസ് പാർട്ടിയോട് പിണങ്ങി ബിജെപിയോട് അടുക്കുമെന്ന റിപ്പോർട്ടുകളും ആ സമയം പുറത്തുവന്നാൽ. എന്നാൽ സോണിയാ ഗാന്ധി തന്നെ നേരിട്ട് വിളിച്ച് കെ വി തോമസിന് അർഹമായ അക്കോമഡേഷൻ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.

  1991ലെ പരാജയം

  1984 ന് ശേഷം 1989, 91, 96, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു കെ വി തോമസ് മൽസരിച്ചത്. ഇതിൽ 1991ല്‍ എൽഡിഎഫ് സ്വതന്ത്രനായ സേവ്യർ അറക്കലിനോടായിരുന്നു പരാജയം. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങിയതായിരുന്നു അന്ന് പരാജയത്തിനുള്ള പ്രധാന കാരണം. പിന്നാലെ ഡിസിസി പ്രസിഡന്റായി കെ വി തോമസ്, തൊട്ടുപിറകെ 2001ലും 2006 ലും കേരള നിയമ സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നിയമ സഭാംഗമായിരിക്കെ 2009 ൽ വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. രണ്ടാം യുപിഎ സർക്കാരിൽ കേന്ദ്ര ഭക്ഷ്യവകുപ്പ് സഹമന്ത്രിയായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും ടൂറിസവും ഫിഷറീസും വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു.

  വിവാദങ്ങൾ

  കേരളത്തിൽ കോൺഗ്രസ് ഭരണം നടക്കുമ്പോൾ കെ വി തോമസ് ഫ്രഞ്ച് ചാരക്കേസ് പ്രതിപട്ടികയിൽ ഉൾപ്പെട്ടത് കേസിന് രാഷ്ട്രീയമാനം കൈവരാൻ ഇടയാക്കി. 1995 ഡിസംബർ 19 ന് ഗലാത്തി എന്ന ഫ്രഞ്ച് കപ്പല്‍ കൊച്ചി നാവികസേനാത്താവളത്തിനടുത്ത് സർവേ ആരംഭിച്ച സംഭവമാണ് വിവാദത്തിന് കാരണം. ഗോവയിൽ നിന്നെത്തിയ പായ്ക്കപ്പലിൽ രണ്ട് ഫ്രഞ്ച് പൗരന്മാരും ഗോവൻ സ്വദേശിയായ ക്യാപ്റ്റനുമായിരുന്നു ഉണ്ടായിരുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ കൊച്ചിയിൽ ഫ്രഞ്ച് കപ്പൽ അനധികൃത സർവേ നടത്തി എന്നായിരുന്നു കേസ്. ഫ്രഞ്ചുകാരായ ഫോങ്കോയിസ് ക്ലാവൽ, എലല്ല ഫിലിപ്പ് എന്നിവരും ഗോവൻ സ്വദേശി ക്യാപ്റ്റൻ എഫ് എം. ഫുർഡെ എന്നുവർ ഒന്നു മുതൽ മുന്നുവരെയുള്ള പ്രതികളും കെ വി തോമസ് നാലാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വിചാരണ വേളയിൽ കെ വി തോമസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

  വ്യാജരേഖാ ആരോപണം

  കെ വി തോമസിനെ അധോലോക റാക്കറ്റുമായി ബന്ധപ്പെടുത്താന്‍ ഭരണകക്ഷി എംഎല്‍എ തന്നെയായിരുന്ന ശോഭനാ ജോർജിന്റെ നേതൃത്വത്തില്‍ വ്യാജ രേഖ ചമച്ചു എന്നതായിരുന്നു വിവാദം. മന്ത്രിയെ പുറത്താക്കാന്‍ ഇത്തരമൊരു രേഖ ചമച്ച് മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ആരോപണം.

  രണ്ടു മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിനും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഫലമായിരുന്നു വിവാദം. പൊലീസ് ഭരണത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് ശോഭന നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന് പ്രതികാരമായി എ ഗ്രൂപ്പ് ആസൂത്രണമായിരുന്നു വ്യാജ രേഖ വിവാദമെന്നും വാർത്തകളുണ്ടായിരുന്നു. സംഭവത്തിൽ കേസിലെ മൂന്നാംപ്രതിയായിരുന്ന ശോഭനാ ജോർജിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.

  'എൻഡോസൾഫാൻ'

  യുപിഎ സർക്കാരിൽ സഹമന്ത്രി ആയിരിക്കെ 2010ൽ നടത്തിയ പരാമർശവും വലിയ വിവാദമായിരുന്നു. ആ വർഷം ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമായിരുന്നു വിവാദത്തിന് ഇടയാക്കിയത്. പരാമർശം കക്ഷിരാഷ്ട്രീയഭേദമന്യെ വലിയ തോതിൽ വിമർശിക്കപ്പെട്ടു.
  Published by:Rajesh V
  First published: