മുട്ടിൽ മരംമുറി: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
- Published by:Naseeba TC
- news18-malayalam
Last Updated:
സർക്കാർ ഉത്തരവനുസരിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതി തീരുമാനമെടുത്തത്. വനം കൊള്ള നടത്തിയിട്ടില്ല, തങ്ങളുടെ ഉടമസ്ഥതയിലുള്ള പട്ടയഭൂമിയിൽ നിന്നും സർക്കാർ ഉത്തരവനുസരിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. ഈ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
റിസർവ് വനത്തിൽ നിന്നല്ല, മറിച്ച് പട്ടയ ഭൂമിയിൽ നിന്നുമാണ് തങ്ങൾ മരം മുറിച്ചു മാറ്റിയതെന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചത്. അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ മറ്റൊരു കേസിൽ നൽകിയ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
advertisement
മരം മുറിച്ചു കടത്തിയതിന് പിന്നിൽ വൻ മാഫിയയാണെന്നാണ് വിസ്താര വേളയിൽ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. കേസ് അന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിയ്ക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. മരം മുറിച്ചു നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി ചോദിച്ചു.
advertisement
സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിയമപരമായി നിലനിൽക്കില്ല എന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികളുടെ ആവശ്യത്തെ ശക്തമായി എതിർത്ത സർക്കാർ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണ്. ഒട്ടേറെ ഉന്നതബന്ധങ്ങൾ ഉള്ള കേസാണിത്. മരം മുറിച്ചു കടത്തിയതിന് പിന്നിൽ വൻ മാഫിയകൾ ഉണ്ട്. കോടികളുടെ മരം ഇവർ മുറിച്ചു കടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Also Read- അച്ഛൻ കാറിനുപിന്നിൽ നായയെ കെട്ടിയിട്ടു; നായയുമായി ഒരു കിലോമീറ്ററോളം കാറോടിച്ച 22 കാരൻ പിടിയിൽ
advertisement
വില്ലേജ് ഓഫീസർമാർ അടക്കം അന്വേഷണം നേരിടുകയാണ്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരങ്ങൾ മുറിച്ചു നടത്തിയതെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച ജസ്റ്റിസ് നാരായണപിഷാരടി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു.
മുറിച്ചു കടത്തിയ മരങ്ങൾ കണ്ടു കെട്ടുന്നത് ചോദ്യം ചെയ്തു ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു എന്ന് കോടതി ചോദിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് മരങ്ങൾ മുറിക്കാൻ ഇത്തരത്തിൽ അനുമതി നൽകിയതെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു. മരം മുറിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 26, 2021 11:05 AM IST










