Kerala Congress| കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?
- Published by:Rajesh V
- news18-malayalam
Last Updated:
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് കേരള കോൺഗ്രസിന് ശക്തമായ സാന്നിധ്യമുള്ളത്.കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ കുടിയേറ്റ മേഖലകളിലും പാർട്ടിക്ക് വേരുകളുണ്ട്.
കോൺഗ്രസിലെ ഒരു ഗ്രൂപ്പിൽ നിന്ന് രൂപം കൊണ്ട് കേരള രാഷ്ട്രീയത്തിൽ നിർണായകമായി മാറിയതാണ് കേരള കോൺഗ്രസിന്റെ ചരിത്രം. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടിയെന്ന വിശേഷണം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രീതിയിൽ എണ്ണമറ്റ പിളർപ്പുകൾക്കാണ് കേരള കോൺഗ്രസ് വിധേയമായത്. നിയമസഭ ചേരാതിരുന്ന 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 54 സീറ്റില്‍ മത്സരിച്ച കേരള കോൺഗ്രസ് 23 സീറ്റ് നേടിയിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഏറെ സ്വാധീനമുള്ളതെങ്കിലും കുടിയേറ്റ മേഖലകളിലും കേരള കോൺഗ്രസിന് ശക്തമായ സാന്നിധ്യമുണ്ട്. ഇന്ന് വലുതും ചെറുതുമായി നിരവധി കേരള കോൺഗ്രസ് പാർട്ടികളാണ് നിലവിലുള്ളത്. ഇതിൽ മിക്കവയുടെയും ആസ്ഥാനം കോട്ടയമാണ്. കേരള കോൺഗ്രസ് ബിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്താണ്.
കേരള കോൺഗ്രസ് ചരിത്രം
1960ല്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്- പി.എസ്.പി കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നതുമുതല്‍, കോണ്‍ഗ്രസ്സിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ ചേരിതിരിവുണ്ടായി. 1964ൽ ആഗസ്റ്റ് ഒന്നിന് പി ടി ചാക്കോ അന്തരിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. ശങ്കറിന്റെ രാജിയായിരുന്നു ചാക്കോ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മന്ത്രിസഭയ്ക്കനുകൂലമായ നിലപാടെടുത്തതോടുകൂടി പി ടി ചാക്കോ ഗ്രൂപ്പിന്റെ പ്രതീക്ഷ നശിച്ചു. ഈ ഘട്ടത്തില്‍ പി.എസ്.പി, ശങ്കര്‍ മന്ത്രിസഭയ്ക്കെതിരായി നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിലുണ്ടായിരുന്ന നിയമസഭാ സാമാജികരില്‍ 15 പേര്‍ മന്ത്രിസഭയ്ക്കെതിരായി വോട്ടു ചെയ്തു. അങ്ങനെ അവിശ്വാസ പ്രമേയം പാസാകുകയും ശങ്കര്‍ രാജിവയ്ക്കുകയും ചെയ്തു. വിഘടിത വിഭാഗം കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തു. ഈ പാര്‍ട്ടി 1964 ഒക്ടോബർ 9ന് 'കേരളകോണ്‍ഗ്രസ്' എന്ന പേരു സ്വീകരിച്ച് രാഷ്ട്രീയ കക്ഷിയായി.
advertisement

എൽഡിഎഫിനൊപ്പമുള്ള കേരള കോൺഗ്രസ് കക്ഷികൾ
1. കേരള കോൺഗ്രസ് എം ജോസ് വിഭാഗം
1979ലെ പിളർപ്പിലൂടെ കെ എം മാണിയുടെ നേതൃത്വത്തിൽ ജന്മമെടുത്ത കേരള കോൺഗ്രസ് എം ഏറ്റവും പ്രബലമായ കേരള കോൺഗ്രസ് വിഭാഗമായിരുന്നു. അന്തരിച്ച കെ എം മാണിയായിരുന്നു പാർട്ടി ചെയർമാൻ. ഇപ്പോൾ രണ്ടായി പിളർന്നപ്പോൾ ജോസ് വിഭാഗത്തിന്റെ ചെയർമാനായി ജോസ് കെ മാണി. 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് പാർട്ടി ഇപ്പോള്‍ ഇടതമുന്നണിയിലേക്ക് പോവുകയാണ്. റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരാണ് ജോസ് പക്ഷത്തെ എംഎൽഎമാർ. കോട്ടയം എംപി തോമസ് ചാഴിക്കാടനും ഇവർക്കൊപ്പമുണ്ട്. സ്വാധീന മണ്ഡലങ്ങൾ - പാലാ, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഇടുക്കി, കടുത്തുരുത്തി, പിറവം, ഏറ്റുമാനൂർ, തിരുവല്ല.
advertisement

2. കേരള കോൺഗ്രസ് ബി
1964ൽ കേരള കോൺഗ്രസ് രൂപീകരിക്കുമ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള ചെയർമാനായി രൂപീകൃതമായ പാർട്ടി. ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. 2015 വരെ യുഡിഎഫിലായിരുന്നു. ബാലകൃഷ്ണപിള്ളയുടെ മകൻ കെ ബി ഗണേഷ്കുമാറാണ് പാർട്ടിയുടെ ഏക നിയമസഭാംഗം. സ്വാധീന മണ്ഡലങ്ങൾ- പത്തനാപുരം, കൊട്ടാരക്കര, പുനലൂർ.
advertisement

3. കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗം
നിലവിൽ എൽഡിഎഫിന്റെ ഭാഗം. സ്കറിയാ തോമസാണ് പാർട്ടിയെ നയിക്കുന്നത്. ഇടയ്ക്ക് കേരള കോൺഗ്രസ് ബിയുമായി ലയിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
4. ജനാധിപത്യ കേരള കോൺഗ്രസ്
കേരള കോണ്‍ഗ്രസ് സ്ഥാപക ചെയർമാൻ കെ എം ജോർജിന്റെ മകനും മുൻ എംപിയുമായ ഫ്രാൻസിസ് ജോര്‍ജ് പാർട്ടി വിട്ട് യുഡിഎഫിലെ ജോസഫ് പക്ഷത്തിനൊപ്പം പോയെങ്കിലും ഡോ.കെ.സി ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടി ഇപ്പോഴും എൽഡിഎഫിനൊപ്പം തുടരുന്നു.
advertisement
യുഡിഎഫിനൊപ്പമുള്ള കേരള കോൺഗ്രസ് കക്ഷികൾ
1. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
പി ജെ ജോസഫാണ് ചെയർമാൻ. യുഡിഎഫിൽ തുടരുന്ന പാർട്ടിയിലെ മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ്, നേരത്തെ ജേക്കബ് വിഭാഗത്തിനൊപ്പമായിരുന്ന ജോണി നെല്ലൂർ തുടങ്ങിയവരും ജോസഫിനൊപ്പമാണ്. അന്തരിച്ച സി എഫ് തോമസ് എംഎൽഎയും ജോസഫിന് ഒപ്പമായിരുന്നു. സ്വാധീന മണ്ഡലങ്ങൾ- തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കോതമംഗലം, കുട്ടനാട്, ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, തിരുവല്ല.
advertisement

2. കേരള കോൺഗ്രസ് (ജേക്കബ്)
മുൻ മന്ത്രി ടി എം ജേക്കബ് രൂപീകരിച്ച പാർട്ടി ഇപ്പോൾ യുഡിഎഫിലാണ്. ജോണി നെല്ലൂർ പോയതോടെ അനൂപ് ജേക്കബ് എംഎൽഎയാണ് പാർട്ടിക്ക് നേതൃത്വം നൽകുന്നത്. മണ്ഡലം- പിറവം.

advertisement
എൻഡിഎയ്ക്ക് ഒപ്പമുള്ള കേരള കോൺഗ്രസ്
1. കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം
പിടി ചാക്കോയുടെ മകനും മുൻ എംപിയുമായ പി സി തോമസ് ചെയർമാനായ കേരള കോൺഗ്രസ് പാർട്ടി ഇപ്പോൾ എൻഡിഎയിൽ അംഗമാണ്. നേരത്തെ ലയനവിരുദ്ധ വിഭാഗമെന്ന പേരിൽ എൽഡിഎഫിന്റെ ഭാഗമായിരുന്നു. കേരള കോൺഗ്രസ് എന്ന് ഉപയോഗിക്കാനുള്ള അവകാശം കോടതിവിധിയിലൂടെ നേടി. സ്വാധീന മണ്ഡലങ്ങൾ- കാഞ്ഞിരപ്പള്ളി, പാലാ.

സ്വതന്ത്ര നിലപാട്
1. ജനപക്ഷം
പേരിൽ കേരള കോൺഗ്രസ് ഇല്ലെങ്കിലും പി സി ജോർജ് രക്ഷാധികാരിയായി രൂപീകരിച്ച ജനപക്ഷത്തിന്റേതും കേരള കോൺഗ്രസ് പാരമ്പര്യം തന്നെ. കേരളാ കോൺഗ്രസ് ശക്തമായ പൂഞ്ഞാർ 2016 ൽ ഒരു മുന്നണിയുടെയും സഹായമില്ലാതെ പിടിച്ചെടുത്തു.
ഇടക്കാലത്ത് എൻഡിഎയിൽ ചേർന്നിരുന്നു. ഇപ്പോൾ സ്വതന്ത നിലപാട്. പി സി ജോർജിന്റെ മകൻ ഷോൺ ജോർജാണ് പാർട്ടി ചെയർമാൻ. സ്വാധീന മണ്ഡലങ്ങൾ- പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ.

വിക്കിപീഡിയയിലൊന്നു നന്നായി നോക്കിയാൽ ഇനിയും രണ്ടു മൂന്നു കേരളാ കോണ്‍ഗ്രസ് കൂടി ഉണ്ടെന്നു കാണാം. പക്ഷേ അവരുടെ സാന്നിധ്യം അവിടെ മാത്രമേ ഉളളു എന്നതിനാൽ ഈ കണക്കെടുപ്പിലില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 10:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress| കോട്ടയത്ത് എത്ര കേരളാ കോണ്‍ഗ്രസുണ്ട്? അവരൊക്കെ ഇപ്പൊ എവിടെയൊക്കെയാണ്?