• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് പരീക്ഷ: കോച്ചിങ്ങിന് പോയവർക്ക് 'കട്ടി': 'പുഷ്പം' പോലെ പാസായി ശിവരഞ്ജിത്തും സുഹൃത്തുക്കളും

പൊലീസ് പരീക്ഷ: കോച്ചിങ്ങിന് പോയവർക്ക് 'കട്ടി': 'പുഷ്പം' പോലെ പാസായി ശിവരഞ്ജിത്തും സുഹൃത്തുക്കളും

രണ്ടോ മൂന്നോ വർഷം കോച്ചിംഗ് സെന്ററുകളിൽ പോയി പഠിച്ച് പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് പോലും ഈ പരീക്ഷയിലെ പല ചോദ്യങ്ങളും പ്രയാസകരമായിരുന്നു. ഇപ്പോൾ ആക്ഷേപങ്ങൾ ഉയരുന്നതിനു പിന്നിലും ഇതുതന്നെയാണ് കാരണം

ശിവരഞ്ജിത്തും നസീമും

ശിവരഞ്ജിത്തും നസീമും

  • News18
  • Last Updated :
  • Share this:
    ദി ക്വസ്റ്റ് ഫോർ എ വേൾഡ് വിത്തൗട്ട് ഹങ്ഗർ എന്ന പുസ്തകം എഴുതിയതാര്?
    ഉക്കായി ഡാം സ്ഥിതി ചെയ്യുന്ന നദി‌?
    ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ റെഗുലേഷൻ 17 എന്തുമായി ബന്ധപ്പെട്ടുള്ളതാണ്?
    അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചത് എവിടെ ?
    ഗുജറാത്തിലെ പിപവാവ് അറിയപ്പെടുന്നത് എന്തിന്റെ പേരിലാണ്?
    ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനിക പരിശീലനം അറിയപ്പെടുന്നത് ഏതുപേരിൽ?
    ലോകത്തെ ആദ്യത്തെ സംസാരിക്കുന്ന റോബോട്ട് കിരോബോ വികസിപ്പച്ചത് ഏതുരാജ്യം?

    യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളിൽ മൂന്നുപേർ റാങ്ക് പട്ടികയിൽ ഇടംനേടിയ പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ (ആംഡ‍് പൊലീസ് ബറ്റാലിയൻ) (കെഎപി- 4, കാസർകോട്) പരീക്ഷയിലെ ചില ചോദ്യങ്ങളാണ് ഇത്. ചോദ്യങ്ങൾ താരതമ്യേന പ്രയാസമേറിയതായിരുന്നുവെന്നാണ് പരീക്ഷ എഴുതി റാങ്ക് പട്ടികയിൽ ഇടംനേടിയവർ പറയുന്നത്. ഈ പരീക്ഷയിലാണ് 100ൽ 78.33 (സ്പോർട്സിലെ വെയിറ്റേജ് മാർക്കായ 13.58 കൂടി ലഭിച്ചപ്പോൾ ആകെ മാർക്ക് 91.91)മാർക്കുമായി അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും കോളജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. യൂണിറ്റ് അംഗമായ പി പി പ്രണവ് 78 മാർക്കുമായി രണ്ടാം റാങ്ക് നേടി. യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാം പ്രതിയുമായ നസീമിന് ലഭിച്ചത് 28ാം റാങ്ക്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. രണ്ടോ മൂന്നോ വർഷം കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടി പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് പോലും ഈ പരീക്ഷയിലെ പല ചോദ്യങ്ങളും പ്രയാസകരമായിരുന്നു. ഇപ്പോൾ ആക്ഷേപങ്ങൾ ഉയരുന്നതിനു പിന്നിലും ഇതുതന്നെയാണ് കാരണം.

    2017 ഡിസംബറിലാണ് പരീക്ഷക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2018മെയിൽ പരീക്ഷ നിശ്ചയിച്ചുവെങ്കിലും നിപ ബാധയെ തുടർന്ന് പരീക്ഷ ജൂലൈ 22ലേക്ക് മാറ്റി. പുതിയ പരിഷ്കാരങ്ങളോടെയാണ് സിവിൽ പൊലീസ് പരീക്ഷ പി എസ് സി നടത്തിയത്. മുൻപ് എസ്എസ്എൽസിയായിരുന്നു യോഗ്യതയെങ്കിൽ ഈ പരീക്ഷ മുതൽ യോഗ്യത പ്ലസ്ടു ആയി. മുൻപ് മലയാളത്തിലായിരുന്ന ചോദ്യങ്ങൾ ഇംഗ്ലീഷിലുമാക്കി. പ്രായപരിധി 25ൽ നിന്ന് 26 ആക്കി ഉയർത്തിയിരുന്നു. അതായത് പ്ലസ്ടു കഴിഞ്ഞ 18നും 26നും ഇടയ്ക്ക് പ്രായമുള്ളവർക്കായിരുന്നു പരീക്ഷ എഴുതാൻ അവസരം ലഭിച്ചത്. ഏകദേശം നാലുലക്ഷത്തിൽ താഴെ പേരാണ് പരീക്ഷ എഴുതിയത്. ഫിസിക്കൽ ടെസ്റ്റ് നടന്നത് 2019 ഏപ്രിൽ 9 മുതൽ മെയ് നാലുവരെ. അതിനുശേഷം ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 1287 പേരാണ് മെയിൻ ലിസ്റ്റിൽ ഇടംനേടിയത്.

    ശിവരഞ്ജിത്തും നസീമും പ്രണവും പരീക്ഷ എഴുതിയത് തിരുവനന്തപുരത്തെ വിവിധ സെന്ററുകളിലാണ്. ശിവരഞ്ജിത്തിന്റെ രജിസ്റ്റർ നമ്പർ 555683 ആണ്. പരീക്ഷാ സെന്ററിനായി അപേക്ഷിച്ച ജില്ല തിരുവനന്തപുരമാണ്. ഗവ. യുപി സ്കൂൾ വഞ്ചിയൂരിലാണ് ശിവരഞ്ജിത്ത് പരീക്ഷ എഴുതിയത്. 552871 ആണ് രണ്ടാം റാങ്കുകാരനായ പ്രണവ് പി പിയുടെ നമ്പർ. ശ്രീ ഗോകുലം പബ്ലിക് സ്കൂളായിരുന്നു പ്രണവിന്റെ സെന്റർ. നസീം (28 റാങ്കുകാരൻ) 529103 നമ്പറിൽ പരീക്ഷ എഴുതിയത് ഗവ. കോളേജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ തൈക്കാടാണെന്നും പി എസ് സി ചെയർമാൻ എം കെ സക്കീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിഎസ് സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ചെയർമാൻ ആരോപണങ്ങൾ പി എസ് സിയുടെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പട്ടികയിൽ ഇടംനേടിയ മൂന്നുപേർക്കും നിയമന ശുപാർശ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടോ എന്ന ആശങ്കകളും സംശയങ്ങളും നീങ്ങാൻ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം.

    First published: