ഓണം അടുത്തെത്തി കഴിഞ്ഞു. കോവിഡ് കാലത്തെ ഓണമായതു കൊണ്ടു തന്നെ വളരെ കരുതലോടെ വേണം ഇത്തവണത്തെ ഓണം ആഘോഷിക്കാൻ. ഓണത്തിന് സദ്യ അതിപ്പോ പ്രളയമായാലും കോവിഡ് ആയാലും നിർബന്ധമാണ്. ഇലയിൽ നിറയെ കറികളും പായസവും ഒക്കെയായി എത്തുന്ന സദ്യയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടാത്തവർ കുറവായിരിക്കും.
ഓണസദ്യ ഉണ്ടാക്കുന്നതിന് മാത്രമല്ല വിളമ്പുന്നതിനും കഴിക്കുന്നതിനുമുണ്ട് ചില ചിട്ടവട്ടങ്ങൾ. കഴിക്കുന്നതിന് എന്ത് ചിട്ടവട്ടം എന്നാണോ ചോദ്യം. സദ്യ വിളമ്പിക്കഴിഞ്ഞാൽ ആദ്യം പരിപ്പ് കൂട്ടി ചോറ് കഴിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ആ സമയത്ത് അരികിൽ ഇരിക്കുന്ന ഏത് കറി വേണം കഴിക്കേണ്ടത് എന്ന് ആലോചിച്ചിട്ടുണ്ടോ ? കൂട്ടുകറിയും അവിയലും തോരനും ഒക്കെ വേണം പരിപ്പ് ഒഴിച്ച് ചോറ് കഴിക്കുമ്പോൾ ഒപ്പം കഴിക്കേണ്ടത്.
പരിപ്പ് ഒഴിച്ച് ചോറ് കഴിച്ചു കഴിഞ്ഞാൽ പിന്നെ സാമ്പാർ ഒഴിച്ച് ചോറ് കഴിക്കണം. ആ സമയത്ത് സാമ്പാറിനൊപ്പം കഴിക്കാനുള്ളതാണ് മധുരക്കറിയും തൈര് ചേർത്ത കിച്ചടികളും. അതു കഴിഞ്ഞാൽ പായസം വരികയായി. പായസത്തിനൊപ്പം കഴിക്കാനാണ് നാരങ്ങ അച്ചാർ അരികിൽ വയ്ക്കുന്നത്. പായസത്തിന്റെ മധുരം മാറി കിട്ടുന്നതിനു വേണ്ടിയാണ് അത്.
പായസം കുടിച്ചു കഴിഞ്ഞാൽ അടുത്തത് പുളിശ്ശേരിയാണ്. മാങ്ങാ അച്ചാർ കഴിക്കേണ്ടത് പുളിശ്ശേരിക്കൊപ്പമാണ്. ദഹനത്തിനായി ഓലനും കഴിക്കാം. അടുത്തതായി രസമാണ്, രസത്തിനൊപ്പം ഇഞ്ചിക്കറിയും കഴിക്കാം. സദ്യ ദഹിക്കുന്നതിനുള്ളതാണ് ഇത്. ഏറ്റവും അവസാനമായി കഴിക്കേണ്ടത് പച്ചമോരും പാവയ്ക്കാച്ചാറും. വായുക്ഷോഭം ശമിപ്പിക്കുന്ന ഭക്ഷണമാണ് ഇത്.
ആറ് രസങ്ങൾ ചേർന്നതാണ് ഓണസദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവർപ്പ് എന്നീ രസങ്ങളാണ് അവ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Onam, Onam 2020, Onam celebration, Onasadya