കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തെ 18 ഇടങ്ങളിലേക്ക്; സാധ്യതാ പഠനം പൂർത്തിയായി
- Published by:SIBILI S
- news18-malayalam
Last Updated:
രാജ്യത്തെ നഗര ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കാവുന്ന നിർണായക ചുവടുവെപ്പായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) രാജ്യത്തെ വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു
ന്യൂഡൽഹി: വാട്ടർ മെട്രോ മാതൃക രാജ്യവ്യാപകമാക്കാൻ കൊച്ചി മെട്രോ. രാജ്യത്തെ നഗര ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കാവുന്ന നിർണായക ചുവടുവെപ്പായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) രാജ്യത്തെ വിവിധ നഗരങ്ങളിൽ വാട്ടർ മെട്രോ മാതൃക നടപ്പാക്കാനുള്ള സമഗ്ര സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചി വാട്ടർ മെട്രോയുടെ വിജയഗാഥയെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ മാതൃക വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദവും ആധുനിക സൗകര്യങ്ങളുമുള്ള ജലഗതാഗത സംവിധാനമായി ലോകത്തിന്റെ ശ്രദ്ധ നേടിയ കൊച്ചി വാട്ടർ മെട്രോ, ഇന്ത്യയിലെ നഗര ഗതാഗത ചരിത്രത്തിൽ പുതിയ മാതൃക സൃഷ്ടിച്ചതോടെയാണ് കേന്ദ്ര സർക്കാർ രാജ്യവ്യാപകമായ സാധ്യതകൾ പരിശോധിക്കാൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രാലയം കഴിഞ്ഞ നവംബറിലാണ് രാജ്യത്തെ 18 കേന്ദ്രങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം നടത്താൻ കെഎംആർഎലിനെ ചുമതലപ്പെടുത്തിയത്. രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വാട്ടർ മെട്രോ വിജയകരമായി നടപ്പാക്കിയ അനുഭവ സമ്പത്ത് കൊച്ചി മെട്രോയ്ക്ക് ഇക്കാര്യത്തിൽ കരുത്തായി.
advertisement
റെക്കോർഡ് വേഗത്തിലാണ് രാജ്യത്തെ വിവിധ നഗരങ്ങളും ജലമേഖലകളും സന്ദർശിച്ച് നടത്തിയ വിശദമായ പഠന റിപ്പോർട്ടുകൾ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സമർപ്പിച്ചത്.
കൊച്ചി മാതൃകയ്ക്ക് ദേശീയ തലത്തിൽ ലഭിക്കുന്ന അംഗീകാരമാണ് ഈ സാധ്യത പഠനം വ്യക്തമാക്കുന്നതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു,
“സുസ്ഥിരവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ജലഗതാഗതം നഗര ഗതാഗതത്തിന് പ്രായോഗിക പരിഹാരമായി മാറാമെന്നത് കൊച്ചി വാട്ടർ മെട്രോ തെളിയിച്ചിട്ടുണ്ട്. ഈ സാധ്യത പഠന റിപ്പോർട്ടുകളുടെ സമർപ്പണം രാജ്യവ്യാപകമായ ഒരു വലിയ യാത്രയുടെ തുടക്കമാണ്. ശുദ്ധവും കാര്യക്ഷമവും ഏകീകൃതവുമായ ജലാധിഷ്ഠിത പൊതുഗതാഗത സംവിധാനത്തിനായി കെഎംആർഎല്ലിന്റെ പരിചയവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ കഴിയുന്നത് അങ്ങേയറ്റം അഭിമാനാർഹമായ കാര്യമാണ്.” അദ്ദേഹം പറഞ്ഞു.
advertisement
ഇതോടൊപ്പം മറ്റ് നഗരങ്ങളിലെ പദ്ധതികൾ തയ്യാറാക്കാനും നടപ്പാക്കാനും ചുമതല ലഭിച്ചാൽ നഗര ജലഗതാഗത രംഗത്ത് കെഎംആർഎൽ ദേശീയതലത്തിലും ആഗോളതലത്തിലും മികച്ച ബ്രാൻഡായി വളരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും പഠനം
രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 18 കേന്ദ്രങ്ങളിലാണ് വാട്ടർ മെട്രോ സാധ്യത പഠനം നടത്തിയത്. ശ്രീനഗർ, ഗോഹാത്തി, തേജ്പൂർ, ദിബ്രുഗഡ്, പാറ്റ്ന, വാരണാസി, അയോധ്യ, പ്രയാഗ്രാജ്, കട്ടക്, അഹമ്മദാബാദ്, സൂറത്ത്, ഗോവ, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആന്തമാൻ എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. ലക്ഷദ്വീപും കൊൽക്കത്തയും ഉൾപ്പെടെയുള്ള രണ്ട് കേന്ദ്രങ്ങളിൽ പഠനം പുരോഗമിക്കുകയാണ്.
advertisement
കനാൽ, നദി, കായൽ, കടൽ, പോർട്ട് വാട്ടർ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ജലമേഖലകളിൽ നഗര ഗതാഗതത്തിനായി വാട്ടർ മെട്രോ സംവിധാനം നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുന്നതായിരുന്നു ഈ പഠനത്തിന്റെ പ്രധാന ലക്ഷ്യം.
മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളം വൈതർണ, വസായ്, മനോരി, താനെ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർ മെട്രോ ആരംഭിക്കാനുള്ള വിശദ പദ്ധതി റിപ്പോർട്ടും (DPR) കെഎംആർഎൽ മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ മുബൈ വാട്ടർ മെട്രോയ്ക്കുള്ള സാപ്പത പഠന റിപ്പോർട്ട് കൊച്ചി മെടോ സമർപ്പിച്ചിരുന്നു.
advertisement
ഏകദേശം 250 കിലോമീറ്റർ നീളമുള്ള ജലപാത ഉൾപ്പെടുന്ന ഈ പദ്ധതിയിൽ10 റൂട്ടുകൾ, 49 ടെർമിനലുകൾ, 207 ബോട്ടുകൾ എന്നിങ്ങനെയാണ് നിർദ്ദേശിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര സർക്കാർ നടത്തിയ ഓപ്പൺ ടെണ്ടറിൽ മത്സരിച്ചാണ് കെഎംആർഎൽ ഈ പദ്ധതിയുടെ സാധ്യത പഠനവും തുടർന്ന് ഡി പി ആർ തയ്യാറാക്കുന്നതിനുള്ള കരാറും നേടിയത്.
എട്ട് കോടി രൂപയുടെ കൺസൾട്ടൻസി വരുമാനം
നിലവിലുള്ള മനുഷ്യവിഭവശേഷി ഉപയോഗിച്ചും മറ്റ് പദ്ധതികളുടെ നിർവഹണത്തിന് തടസം വരുത്താതെയും ഈ കൺസൾട്ടൻസി സേവനത്തിലൂടെ എട്ട് കോടി രൂപയുടെ വരുമാനമാണ് കെഎംആർഎൽ നേടിയത്. രാജ്യത്തെ ഇത്രയും വൈവിധ്യമാർന്ന ജലമേഖലകളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യതകൾ വിലയിരുത്തുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയായിരുന്നു. എന്നാൽ പരിചയസമ്പന്നമായ എൻജിനീയറിംഗ്, ഓപ്പറേഷൻസ്, പ്ലാനിംഗ് ടീമുകളുടെ മികവാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കെഎംആർഎലിന് കരുത്തായത്.
advertisement
ഇതോടെ മെട്രോ റെയിൽ പദ്ധതികൾ രാജ്യത്ത് വ്യാപിപ്പിക്കുന്നതിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വഹിച്ച ചരിത്രപരമായ പങ്കുപോലെ, നഗര ജലഗതാഗത മേഖലയിലും കെഎംആർഎൽ ദേശീയ മാതൃകയായി ഉയർന്നുകഴിഞ്ഞു എന്നാണ് ഈ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Mar 15, 2026 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തെ 18 ഇടങ്ങളിലേക്ക്; സാധ്യതാ പഠനം പൂർത്തിയായി










