ഡ്രൈവർ മദ്യപിച്ചാലും അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യത: ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമ്പോൾ, ഇൻഷുറൻസ് കമ്പനി ആദ്യഘട്ടത്തിൽ മൂന്നാം കക്ഷിക്ക് പണം നൽകണമെന്നും തുടർന്ന് ഡ്രൈവറിൽ നിന്നും ഉടമയിൽ നിന്നും പണം തിരികെ വാങ്ങണമെന്നും ജസ്റ്റിസ് സോഫി തോമസ് നിരീക്ഷിച്ചു
കൊച്ചി: വാഹനമോടിക്കുന്നയാളുടെ കാര്യത്തിൽ ഇൻഷുറൻസ് പോളിസിയിൽ നഷ്ടപരിഹാരം നൽകേണ്ടതുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, അപകടത്തിൽപ്പെട്ടവർക്ക് അല്ലെങ്കിൽ മൂന്നാം കക്ഷിക്ക് തുടക്കത്തിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് കേരള ഹൈക്കോടതി.
ഇൻഷുറൻസ് പോളിസിയിൽ നഷ്ടപരിഹാരം ലഭിക്കുന്നില്ലെങ്കിലും, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാകുമ്പോൾ, ഇൻഷുറൻസ് കമ്പനി ആദ്യഘട്ടത്തിൽ മൂന്നാം കക്ഷിക്ക് പണം നൽകണമെന്നും തുടർന്ന് ഡ്രൈവറിൽ നിന്നും ഉടമയിൽ നിന്നും പണം തിരികെ വാങ്ങണമെന്നും ജസ്റ്റിസ് സോഫി തോമസ് നിരീക്ഷിച്ചു.
മഞ്ചേരി മോട്ടോർ ആക്സിഡന്റ്സ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) നൽകിയ നഷ്ടപരിഹാരത്തുക കുറഞ്ഞു പോയതായി ചൂണ്ടിക്കാട്ടി നിലമ്പൂർ നടുവക്കാട് മുഹമ്മദ് റാഷിദ് നൽകിയ അപ്പീൽ ഹർജിയിലാണ് ഉത്തരവ്.
advertisement
2013ൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ഒന്നാം പ്രതി ഗിരിവാസൻ ഓടിച്ച കാറിടിച്ചാണ് ഹർജിക്കാരന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ പരാതിക്കാരന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏഴ് ദിവസം ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഡിസ്ചാർജ് ചെയ്തതിന് ശേഷവും ആറ് മാസം വിശ്രമിക്കേണ്ടി വന്നു. 12,000 രൂപ മാസവരുമാനമുള്ള ഡ്രൈവറായ ഹർജിക്കാരൻ നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും 2.4 ലക്ഷം രൂപയാണ് അനുവദിച്ചത്. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
advertisement
കാർ ഡ്രൈവർക്കെതിരെ ചുമത്തിയ കേസിന്റെ കുറ്റപത്രത്തിൽ മദ്യപിച്ചാണ് കാർ ഓടിച്ചിരുന്നതെന്നും ഇത് ഡ്രൈവറോ ഉടമയോ നിഷേധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്രൈവർ മദ്യപിച്ച് വാഹനമോടിച്ചതിനാൽ ഇൻഷുറൻസ് ചെയ്തയാൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്ന് ഇൻഷുറൻസ് കമ്പനി വാദിച്ചിരുന്നു. എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നത് പോളിസി നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്ന് പോളിസി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, മൂന്നാം കക്ഷിക്ക് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
advertisement
തുടർന്ന് ട്രൈബ്യൂണൽ ഉത്തരവിട്ട നഷ്‌ടപരിഹാരത്തുകക്ക് പുറമെ 39,000 രൂപ കൂടി നൽകാൻ കോടതി നിർദേശിച്ചു. ഈ തുക വർഷംതോറും ഏഴു ശതമാനം പലിശ നിരക്കിൽ ഹർജിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ രണ്ടു മാസത്തിനകം നിക്ഷേപിക്കാനും കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 02, 2023 7:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡ്രൈവർ മദ്യപിച്ചാലും അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യത: ഹൈക്കോടതി